27 July Saturday

പൊന്നാനി ഒരുങ്ങുന്നു; മത്സ്യഗ്രാമമാകാൻ

വെബ് ഡെസ്‌ക്‌Updated: Sunday Mar 26, 2023

പൊന്നാനി ഹാർബർ

പൊന്നാനി 
ജില്ലയിലെ പ്രധാന മത്സ്യബന്ധന പ്രദേശമായ പൊന്നാനി മത്സ്യഗ്രാമമാകാൻ ഒരുങ്ങുന്നു. ഇതിന് ഏഴര കോടിയുടെ പദ്ധതിക്ക്‌ അനുമതിയായി. പൊന്നാനി എംഇഎസ് കോളേജിന് പിറകുവശത്തെ ഫിഷറീസിന്റെ കൈവശമുള്ള അഞ്ചര ഏക്കറിലെ ഒരുഭാഗത്താണ്‌ മത്സ്യഗ്രാമമൊരുക്കുക. സംസ്ഥാനത്തെ കടൽക്ഷോഭ ഭീഷണി നേരിടുന്ന പത്ത് ഹോട്ട് സ്പോട്ടുകളിൽ ഒന്നായ പൊന്നാനിയെ മത്സ്യഗ്രാമമാക്കുന്നത് മത്സ്യമേഖലയ്‌ക്ക് കൂടുതൽ ഉണർവേകും. 
കടൽക്ഷോഭ സമയത്ത് ജനങ്ങളെ മാറ്റിത്താമസിപ്പിക്കാനും പരിപാടികൾ സംഘടിപ്പിക്കാനുമായി കമ്യൂണിറ്റി ഹാൾ നിർമിക്കും. വൈഫൈ സൗകര്യത്തോടെയുള്ള ലൈബ്രറി, റോഡുകളുടെ നവീകരണം, മത്സ്യ സംസ്കരണ യൂണിറ്റ്, മത്സ്യത്തീറ്റ യൂണിറ്റ്, കുട്ടികൾക്കുള്ള കളിസ്ഥലം, അങ്കണവാടി, വയോജന പാർക്ക് എന്നിവയും ഒരുക്കും. തീരദേശ വികസന കോർപറേഷനാണ് പദ്ധതി തയ്യാറാക്കുക. ഇതിന്റെ വിശദമായ പദ്ധതിരേഖ ഈ മാസംതന്നെ സമർപ്പിക്കും. പി നന്ദകുമാർ എംഎൽഎയുടെ ഇടപെടലിലാണ്‌ പദ്ധതി തയ്യാറാക്കിയത്‌. മത്സ്യ സംസ്കരണ യൂണിറ്റ് ഉൾപ്പെടെ വരുന്നത്‌ സ്ത്രീകൾക്കും തൊഴിലവസരങ്ങൾക്ക് വഴിവയ്ക്കും.
പൊന്നാനി ഫിഷിങ്‌ ഹാർബർ നവീകരണത്തിന് 18.7 കോടിയും ആഴംകൂട്ടാൻ ആറു കോടിയും അനുവദിച്ചതായി പി നന്ദകുമാർ എംഎൽഎ പറഞ്ഞു. പുതിയ വാർഫ് നിർമാണം, ലേലപ്പുരകളുടെ നവീകരണം, മത്സ്യം കയറ്റുന്നിടത്ത്‌ മേൽക്കൂര നിർമാണം, ഹാർബറിലെ അടിസ്ഥാന സൗകര്യ വികസനം, വല നിർമാണ കേന്ദ്രം, ബോട്ടുകളുടെ അറ്റകുറ്റപ്പണിക്കുള്ള സൗകര്യം, കാന്റീൻ കെട്ടിടം,  റോഡ് നവീകരണം തുടങ്ങിയ പദ്ധതികൾക്കായാണ് 18.7 കോടി.  
പദ്ധതി യാഥാർഥ്യമാകുന്നതോടെ, മത്സ്യത്തൊഴിലാളികളുടെ ഏറെക്കാലത്തെ ആവശ്യമാണ് നടപ്പാവാൻ പോവുന്നതെന്നും പൊന്നാനി പ്രധാന കേന്ദ്രമായി മാറുമെന്നും ബോട്ടുടമയും മത്സ്യത്തൊഴിലാളിയുമായ അലിക്കോയ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top