27 July Saturday

ഇ -ഹെല്‍ത്ത് പദ്ധതി: 
സ്‌ക്രീനിങ് അവസാനഘട്ടത്തില്‍

സ്വന്തം ലേഖകന്‍Updated: Sunday Jan 22, 2023
മഞ്ചേരി
ജീവിതശൈലീരോഗ നിയന്ത്രണത്തിനായി സൗജന്യ രോഗനിർണയവും ചികിത്സയും ലഭ്യമാക്കുന്ന  ഇ- ഹെൽത്ത് പദ്ധതിയുടെ ഭാഗമായുള്ള സ്‌ക്രീനിങ് അവസാനഘട്ടത്തിൽ. ഇ ഹെൽത്ത് രൂപകൽപ്പനചെയ്ത ‘ശൈലി’ ആപ്പിന്റെ സഹായത്തോടെ ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തിയാണ് സ്‌ക്രീനിങ്‌. ജില്ലയിൽ ഇതുവരെ 30 ലക്ഷം പേരുടെ സ്‌ക്രീനിങ്‌ നടത്തി. 
വിവരശേഖരണം പൂർത്തിയാകുന്നതോടെ ആശുപത്രികളുടെ പ്രവർത്തനം പൂർണമായും കടലാസ് രഹിതമാകും. പ്രാഥമികാരോഗ്യകേന്ദ്രംമുതൽ മെഡിക്കൽ കോളേജുകൾവരെ ഓൺലൈൻ ഒപി ഏർപ്പെടുത്താനാകും. ക്യാമ്പയിനിന്റെ ഭാഗമായി 30 വയസിനുമുകളിലുള്ളവരെയാണ് വീട്ടിലെത്തി സ്‌ക്രീനിങ്‌ നടത്തിയത്. ഇവരിൽ ആവശ്യമുള്ളവർക്ക് സൗജന്യ രോഗനിർണയവും ചികിത്സയും ലഭ്യമാക്കുന്നതിനുള്ള നടപടിയും തുടങ്ങി. 
ജീവിതശൈലീരോഗങ്ങളും  കാൻസറും നേരത്തേതന്നെ കണ്ടുപിടിച്ച്  ചികിത്സിച്ച് ഭേദമാക്കുകയാണ് ലക്ഷ്യം. എല്ലാവർക്കും  കാൻസർ ചികിത്സ ഉറപ്പുവരുത്തുന്നതിന് കാൻസർ ഗ്രിഡിന്റെ മാപ്പിങ്‌ നടന്നുവരുന്നു. നവകേരളം കർമപദ്ധതി ആർദ്രം മിഷൻ വഴിയാണ് ഇത് നടപ്പാക്കിയത്. 
ഇ- ഹെൽത്ത് കൂടുതൽ ആശുപത്രികളിലേക്ക് 
ഇ- ഹെൽത്ത് പദ്ധതി ജില്ലയിലെ കൂടുതൽ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതി ആരംഭിച്ചു. മഞ്ചേരി മെഡിക്കൽ കോളേജ്, വഴിക്കടവ്, മൊറയൂർ, ചാലിയാർ, കാളികാവ്, കരുവാരക്കുണ്ട്, താഴേക്കോട് കുടുംബാരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെ 17 ആശുപത്രികളിൽ ഇതിനകം ഇ- ഹെൽത്ത് പദ്ധതി സജ്ജമായി. ജില്ലാ, ജനറൽ, താലൂക്ക് ആശുപത്രികൾ ഉൾപ്പെടെ 30 കേന്ദ്രങ്ങളിൽ  പ്രവൃത്തി പുരോഗമിക്കുകയാണ്. മഞ്ചേരി ഉൾപ്പെടെ സംസ്ഥാനത്തെ എട്ട്  സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇ ഹെൽത്ത് സംവിധാനം വിപുലീകരിക്കുന്നതിന് 10.50 കോടി രൂപയാണ്  സർക്കാർ അനുവദിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top