27 July Saturday
കടൽ മത്സ്യവും കൂടി

കല്ലുമ്മക്കായ ഉൽപ്പാദനം ഒന്നരമടങ്ങ്‌

സ്വന്തം ലേഖകൻUpdated: Saturday Jun 24, 2023

കണ്ണൂർ കവ്വായ് കായലിലെ കല്ലുമ്മക്കായ 
കൃഷി വിളവെടുപ്പ്

കോഴിക്കോട്
മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളടങ്ങിയ മലബാർ മേഖലയിൽ കല്ലുമ്മക്കായ  ഉൽപ്പാദനം ഒന്നരമടങ്ങിലധികം വർധിച്ചു. കേന്ദ്ര സമുദ്രമത്സ്യ ​ഗവേഷണ കേന്ദ്രം (സിഎംഎഫ്ആർഐ) പുറത്തുവിട്ട കണക്ക്‌ പ്രകാരം കല്ലുമ്മക്കായ കൃഷിയിൽ 160 ശതമാനമാണ്‌ വർധന. കടലിൽനിന്നുള്ള സ്വാഭാവിക കല്ലുമ്മക്കായ വർധന 15 ശതമാനമാണ്. അതേസമയം,  വിലയിടിവ് മൂലം കർഷകർക്കും തൊഴിലാളികൾക്കും  വരുമാനനേട്ടം ഉണ്ടായില്ല. 
കടൽ മത്സ്യ ലഭ്യതയിലും ഗണ്യമായ വർധനയുണ്ട്‌. 1.99 ലക്ഷം ടൺ മത്സ്യമാണ്  കഴിഞ്ഞ വർഷം ലഭിച്ചത്. 38 ശതമാനം വർധന. കേരളത്തിന്റെ സമുദ്ര മത്സ്യോൽപ്പാദനത്തിൽ 29 ശതമാനം മലബാർ ജില്ലകളിൽ നിന്നാണ്. 
സിഎംഎഫ്ആർഐ കോഴിക്കോട് പ്രാദേശിക ​ഗവേഷണ കേന്ദ്രത്തിൽ ചേർന്ന  ശിൽപ്പശാല മൂല്യവർധിത ഉൽപ്പന്നങ്ങൾക്കായുള്ള നടപടികൾ ഊർജിതമാക്കാൻ നിർദേശിച്ചു. പ്രിൻസിപ്പൽ സയന്റിസ്റ്റ്  ടി എം നജ്മുദീൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു. 
 കായലുകളിലെ പാരിസ്ഥിതിക പ്രശ്നങ്ങൾ തീരദേശ മത്സ്യോൽപ്പാദനത്തെ സാരമായി ബാധിക്കുന്നുവെന്ന്‌ ശിൽപ്പശാല വിലയിരുത്തി. അഴിമുഖത്ത്‌ മണൽത്തിട്ട രൂപപ്പെടുന്നത് സ്വാഭാവിക ഒഴുക്കും പാരിസ്ഥിതിക സന്തുലനാവസ്ഥയും തടസ്സപ്പെടുത്തുന്നു. മത്സ്യസമ്പത്തിനെ ഇത് ബാധിക്കുമെന്ന്‌ കോഴിക്കോട് ​ഗവേഷണ കേന്ദ്രം മേധാവി ഡോ. കെ വിനോദ് പറഞ്ഞു. 
കയറ്റുമതി ചെയ്യുന്ന ചെമ്മീൻ ഇനങ്ങൾക്ക് വില കുറയുന്നത് ആശങ്കയുണ്ടാക്കുന്നതായി മത്സ്യത്തൊഴിലാളി പ്രതിനിധികൾ പറഞ്ഞു. ഡോ.  കെ വി അഖിലേഷ്, ഡോ വി മഹേഷ്,  മത്സ്യവകുപ്പ് അഡീഷണൽ ഡയറക്ടർ കെ എ ലബീബ്, എൻ പി രാധാകൃഷ്ണൻ, ഉമേഷ് പുതിയാപ്പ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top