വിജയക്കൊടി നാട്ടാൻ

കോഴിക്കോട്
നാളികേരപ്പെരുമയുടെ നാട്ടിൽനിന്ന് നിയമസഭയിലേക്ക് കന്നിയങ്കം. ജനകീയ വിഷയങ്ങളിലും കർഷക പ്രശ്‌നങ്ങളിലും സജീവമായി ഇടപെടുന്ന കെ പി കുഞ്ഞമ്മദ് കുട്ടി എന്ന മുൻ അധ്യാപകന് പരിചയപ്പെടുത്തലുകൾ വേണ്ട. കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ മുൻ പ്രസിഡന്റും അംഗവുമാണ്.
കുഞ്ഞമ്മദ് കുട്ടി മാഷ് എന്ന് നാട്ടുകാർ സ്‌നേഹത്തോടെ വിളിക്കുന്ന നേതാവ് കെഎസ്‌വൈഎഫിലൂടെയാണ് രാഷ്‌ട്രീയത്തിൽ സജീവമായത്. 1986 ലെ മന്ത്രിമാരെ തെരുവിൽ തടയൽ സമരത്തിൽ പങ്കെടുത്ത് ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. ജാനകിക്കാട് സമരം, പശുക്കടവ് വന സംരക്ഷണ സമരം, കാവിലുംപാറ ചീതെത്തും കുളം വന സംരക്ഷണ സമരം, മരുതോങ്കര സെൻട്രൽ മുക്ക് കൈവശക്കാരുടെ സമരം എന്നിവക്ക് നേതൃത്വം നൽകി.
കുറ്റ്യാടി എഐയുപി സ്കൂൾ റിട്ട.അധ്യാപകനാണ്. പഴയ അധ്യാപക സംഘടനയായ കെപിടിയുവിന്റെ സബ് ജില്ലാ ഭാരവാഹി, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ചു. കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ്(1988–-1995 ) ,95 മുതൽ 2000 വരെ പഞ്ചായത്ത് അംഗം(1995–-2000), ജില്ലാ പഞ്ചായത്തംഗം (2000–- 2005) ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് (2005–-2010) പദവികളിൽ ജനപ്രതിനിധിയായി. കുറ്റ്യാടി എംഐ യുപി സ്‌കൂൾ, വട്ടോളി നാഷണൽ ഹൈസ്‌കൂൾ, എസ്എസ്എംഒടിഎസ് തിരൂരങ്ങാടി എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. നിലവിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗമാണ്. സുരക്ഷാ പെയിൻ ആൻഡ് പാലിയേറ്റീവിന്റെ ജില്ലാ ചെയർമാൻ, കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം, ജില്ലാ പ്രസിഡന്റ് എന്നീ ചുമതലകളും വഹിക്കുന്നു. കുറ്റ്യാടി വയനാട് റോഡിൽ കെ പി ഹൗസിൽ മൊയ്തു–-മറിയം ദമ്പതികളുടെ മകനാണ്.









0 comments