27 July Saturday
തൊഴിലാളികള്‍ രോഗികളാകുന്നു

മരണമണി മുഴക്കി വേമ്പനാട്ടുകായല്‍...

വെബ് ഡെസ്‌ക്‌Updated: Monday Apr 3, 2017

 കുമരകം >  അനുദിനം മലിനമാകുന്ന വേമ്പനാട്ട് കായല്‍ തൊഴിലാളികളുടെ ജീവനും ഭീഷണി. റിസോര്‍ട്ടുകള്‍, ഹൌസ്ബോട്ടുകള്‍ തുടങ്ങിയവയില്‍നിന്നുള്ള മാലിന്യം കായലിനെ വിഷമയമാക്കുന്നു. ബോട്ടുകളില്‍നിന്ന് വെള്ളത്തില്‍ കലരുന്ന ഇന്ധനവും  തൊഴിലാളികള്‍ക്കും ജീവജാലങ്ങള്‍ക്കും വെല്ലുവിളിയാണ്. 

കായല്‍ മാലിന്യവാഹിനിയായി മാറിയതോടെ അടിഞ്ഞുകൂടിയ മാലിന്യം കക്കാവാരല്‍ തൊളിലാളികള്‍ക്കും, മത്സ്യത്തൊഴിലാളികള്‍ക്കും വന്‍ഭീഷണിയാണ് ഉയര്‍ത്തുന്നത്. നൂറുകണക്കിന് തൊഴിലാളികളാണ് വേമ്പനാട്ടുകായലിനെ ആശ്രയിച്ച് ജീവിക്കുന്നത്. കായലില്‍ മണിക്കൂറുകളോളമുള്ള അധ്വാനം തങ്ങളെ രോഗികളാക്കുന്നതായി തൊഴിലാളികള്‍ പറയുന്നു. 
ഏഴടിവരെ താഴ്ച്ചയില്‍ വേമ്പനാട്ടുകായലില്‍ മുങ്ങി ചെളികുത്തിമാറ്റിയാണ് തൊഴിലാളികള്‍ വെള്ള കക്കാവാരുന്നത്. ഇതിന് ഏകദേശം നാലുമണിക്കൂറെങ്കിലും വേണം.  കാലങ്ങളായി ഇത്തരത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക്  കേള്‍വിക്കുറവും തലച്ചോറില്‍ അണുബാധയും അടക്കമുള്ളവ ഉണ്ടാകുന്നതായി പറയുന്നു. കഴിഞ്ഞദിവസം മരിച്ച കക്കാവാരല്‍ തൊഴിലാളി ശശിധരന്‍ ഇത്തരം രോഗത്തിന്റെ അവസാന ഇരയാണ്. ഇതിനു മുന്‍പും സമാനരീതിയിലുള്ള അസുഖം കക്കാവാരല്‍ തൊഴിലാളികള്‍ക്ക് ഉണ്ടായിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. കൂടാതെ ഇയര്‍ ബാലന്‍സിങ് പ്രശ്നവും പലര്‍ക്കുമുണ്ടാകുന്നു.
മാലിന്യം കുമിഞ്ഞുകൂടി  വെള്ളം മലിനമായതോടെ   വ്യാപകമായി ആമകള്‍  ചത്തുപൊങ്ങുന്നു.  മനുഷ്യ വിസര്‍ജ്യത്തില്‍ നിന്നുണ്ടാകുന്ന കോളിഫോം ബാക്ടീരിയയുടെ അളവ് കായല്‍ വെള്ളത്തില്‍ ക്രമാതീതമായി വര്‍ധിക്കുന്നു. ഹൌസ്ബോട്ടുകളില്‍നിന്ന് പുറന്തള്ളുന്ന മാലിന്യം കൂടാതെ തണ്ണീര്‍മുക്കം ഭാഗത്ത് ബണ്ട് റോഡിലെ വഴിയരികില്‍  സ്ഥാപിച്ചിരിക്കുന്ന  ചെറുബങ്കുകളില്‍നിന്നുള്ള മാലിന്യം തള്ളുന്നതും വേമ്പനാട്ടുകായലിലേക്ക് തന്നെ. കരിക്കിന്റെയും തണ്ണിമത്തന്റെയും തൊണ്ടുകളും പ്ളാസ്റ്റിക് കുപ്പികളുമാണ് വ്യാപകമായി തള്ളുന്നത്.  മാലിന്യം ശേഖരിക്കാനോ സംസ്കരിക്കാനോ സംവിധാനമില്ല. ഇത്തരത്തില്‍ മലീമസമായ കായലിലാണ് തൊഴിലാളികള്‍ ഒരു സുരക്ഷാസംവിധാനവും ഇല്ലാതെ ജോലി നോക്കുന്നത്. ഒരു പുരുഷായുസുമുഴുവന്‍ വെള്ളത്തില്‍ കഴിയുന്ന ഇവര്‍ സമ്പാദിക്കുന്നത് രോഗങ്ങള്‍ മാത്രം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top