30 May Tuesday
രണ്ടുലക്ഷം രൂപ പിഴയുമൊടുക്കണം

അമ്മയെ കൊന്നയാൾക്ക് സുഹൃത്തിനെ കൊന്നകേസിലും ജീവപര്യന്തം

സ്വന്തം ലേഖകൻUpdated: Thursday Mar 30, 2023

സുരേഷ്‌ബാബു കൊലക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട സുനിലിനെ കോടതിയിൽനിന്ന് പുറത്തേക്കു കൊണ്ടുവരുന്നു

കൊല്ലം
അമ്മയെ ജീവനോടെ കുഴിച്ചുമൂടി കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പട്ടത്താനം നീതിനഗർ പ്ലാമൂട്ടിൽ കിഴക്കതിൽ സുനിലി (54)ന് സുഹൃത്തിനെ കൊന്ന കേസിലും ജീവപര്യന്തം കഠിനതടവ്. പാർവത്യാർമുക്ക് ശ്രീജ വെൽവർക്സിലെ ജീവനക്കാരൻ അയത്തിൽ  ജിവി നഗർ 49 കാവുംപണ കുന്നിൽവീട്ടിൽ സുരേഷ്ബാബു (41, സുര)വിനെ മദ്യപിച്ചതിന്റെ പങ്കുപണത്തെ ചൊല്ലിയുള്ള തർക്കത്തിൽ ചുറ്റികയും മറ്റും ഉപയോഗിച്ച് അടിച്ചുകൊന്ന കേസിലാണ് ശിക്ഷ. രണ്ടു ലക്ഷം രൂപ പിഴയൊടുക്കാനും  ഇല്ലെങ്കിൽ ഒരുവർഷം അധിക തടവ് അനുഭവിക്കണമെന്നും കൊല്ലം നാലാം അഡിഷണൽ ജില്ലാ കോടതി ജഡ്ജി എസ് സുഭാഷ്  ഉത്തരവിൽ വ്യക്തമാക്കി. പിഴത്തുക കൊല്ലപ്പെട്ട സുരയുടെ അമ്മ ലളിതയ്ക്കും ഭിന്നശേഷിയുള്ള സഹോദരൻ സുജൻബാബുവിനും നൽകണം.  പ്രോസിക്യൂഷനു വേണ്ടി  കെ ബി മഹേന്ദ്ര ഹാജരായി. ഇപ്പോൾ ശാസ്താംകോട്ട ഡിവൈ എസ്‍പിയായ എസ് ഷെരീഫാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.  
കേസിൽ സുനിലിനെ ജാമ്യത്തിലിറക്കിയ അമ്മ സാവിത്രിയമ്മയെ (72)യാണ് 2019 സെപ്‌തംബറിൽ സ്വത്തിനു വേണ്ടി ജീവനോടെ കുഴിച്ചുമൂടി കൊന്നത്. അമ്മയെ കൊന്ന കേസിൽ  ഈ മാസം ഏഴിന് ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.
കൊല മദ്യത്തിന്റെ 
പങ്കുപണത്തെച്ചൊല്ലി
രണ്ടായിരത്തി പതിനഞ്ച്‌ ഡിസംബർ 26ന് പട്ടത്താനം പാർവത്യാർമുക്കിലുള്ള ശ്രീകുമാർ എന്നയാളുടെ കോൺക്രീറ്റ് റിങ് നിർമാണ സൈറ്റിൽ വച്ചാണ് സുരേഷ്ബാബുവിനെ മരണപ്പണിക്കാരനായിരുന്ന സുനിൽ ചുറ്റികകൊണ്ടും പാരകൊണ്ടും  ക്രൂരമായി മർദിച്ചു കൊന്നത്.
 മരപ്പണിയില്ലാത്തതിനാൽ സുനിൽ സുരേഷ്ബാബുവിനും മറ്റുള്ളവർക്കുമൊപ്പം സ്നേഹമതിലിന്റെ പണിക്കുപോയി. രണ്ടുതവണയായി ഷെയറിട്ട് മദ്യംവാങ്ങി. സ്നേഹമതിലിന്റെ പണിക്കു ലഭിച്ച 600രൂപ കൂലിയിൽ മദ്യത്തിന് ചെലവായ തുക കുറച്ച് ഒരാൾക്ക് 365 രൂപയാണ് കിട്ടുക. എന്നാൽ, തനിക്ക്‌ 500രൂപ വേണമെന്ന് ആവശ്യപ്പെട്ടാണ് രാത്രിയോടെ സുനിൽ സുരയുമായി തർക്കമുണ്ടായത്. വഴക്ക് രൂക്ഷമായതോടെ സുനിൽ ചുറ്റികകൊണ്ട് സുരയെ ക്രൂരമായി അടിച്ചു. പിടിപോയ വെട്ടുകത്തികൊണ്ട് തുടർച്ചയായി കുത്തി. മതിലിന്റെ പണിക്ക് ഉപയോഗിക്കുന്ന വലിയ പാര ഉപയോഗിച്ചും ക്രൂരമായി ഇടിച്ചു. 
ഒപ്പമുണ്ടായിരുന്ന  കൃഷ്ണൻകുട്ടി ഇത് തടയാൻ ശ്രമിച്ചെങ്കിലും അയാളെയും ആക്രമിച്ചു.  പിറ്റേന്ന് രാവിലെയാണ് സുരേഷ്ബാബുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. പിന്നീട് എഴുകോണിലെ ബന്ധുവീട്ടിൽനിന്ന് സുനിലിനെ  പൊലീസ് പിടികൂടി. പോസ്റ്റ്മോർട്ടത്തിൽ 63 മുറിവുകളാണ്  സുരേഷ് ബാബുവിന്റെ ശരീരത്തിൽ കണ്ടെത്തിയത്. രണ്ടു മുറിവ് ഉറുമ്പരിച്ചതും ബാക്കിയുള്ള 61 എണ്ണം ക്രൂരമായ മർദനത്തിലുമാണ്‌ ഉണ്ടായത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top