ad
Deshabhimani

സർഗാത്മകമാക്കി അഷ്ടമുടിയുടെ പ്രിയകവി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 06, 2018, 05:12 PM | 0 min read

കൊല്ലം > വാളുകൾക്ക് വാക്കുകളെ നിശബ്ദമാക്കാനാവില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച് സാഹിത്യക്യാമ്പിനെ സർഗാത്മകമാക്കി അഷ്ടമുടിയുടെ പ്രിയകവി കുരീപ്പുഴ ശ്രീകുമാർ. 
  അഷ്ടമുടിയുടെ തീരത്ത് കേരള സർവകലാശാല യൂണിയൻ സംഘടിപ്പിച്ച 'എട്ടുമുടി ' സാഹിത്യക്യാമ്പാണ് പ്രിയ കവിയുടെ സാന്നിധ്യത്താൽ സമ്പുഷ്ടമായത്.  അരാഷ്ട്രീയതക്കും വർഗീയതയ്ക്കുമെതിരെ സർഗാത്മക പ്രതിരോധം തീർത്ത ക്യാമ്പിൽ കവിതകൾ ആലപിച്ച് കൗമാരങ്ങളെ തൊട്ടുണർത്തി അദ്ദേഹം. 
ക്യാമ്പസ് രാഷ്ട്രീയത്തിന്റെ ആവശ്യകതയെക്കുറിച്ച് വാതോരാതെ സംസാരിച്ച അദ്ദേഹം  വിദ്യാർഥി രാഷ്ട്രീയം വേണ്ടെന്നു പറയുന്നവർ സർഗാത്മകതയെയാണ്  നിരോധിക്കുന്നതെന്നും അതിനെതിരെ കൗമാരങ്ങൾ ഉണരണമെന്നും പറഞ്ഞത് നിറഞ്ഞ കരഘോഷത്തോടെയാണ് കുട്ടികൾ സ്വാഗതംചെയ്തത്.  കൂട്ടായ സംവാദങ്ങൾ വേണ്ടെന്നും രാഷ്ട്രീയ ചിന്ത വേണ്ടെന്നും കഥ, കവിത, കലാരൂപം ഇവ ഒന്നും വേണ്ടേന്നാണ് ക്യാമ്പസ് രാഷ്ട്രീയത്തെ നിരോധിക്കുന്നവർ പറയുന്നത്. ഈ ചതിക്കുഴിയിൽ കുട്ടികൾ വീഴരുത്.  വിദ്യാർഥികൾക്ക് രാഷ്ട്രീയബോധം വേണം, വായന വേണം, എഴുത്ത് വേണം. അദ്ദേഹം പറഞ്ഞു.  
'മുടിയെട്ടും കോർത്തുകെട്ടി വിരൽ നൂറാൽ കാറ്റൊതുക്കി  വിരിഞ്ഞങ്ങനെ തിരിഞ്ഞങ്ങനെ കിടക്കുന്നോള് ...... 'ഇഷ്ടമുടിക്കായൽ' വരികൾ ആലപിച്ച് തുടങ്ങിയ ക്യാമ്പിൽ, പിന്നീട് അഷ്ടമുടിയുടെ തീരത്ത് നിന്നുയർന്ന കരടിപ്പാട്ടും പാടിപ്പാടി കുട്ടികളെ കൈയിലെടുത്തു കുരീപ്പുഴ. 
കൽബുർഗി മുതൽ ഗൗരി ലങ്കേഷ് വരെയുള്ളവരെ കൊലപ്പെടുത്തിയ കൈകളാണ് കവിക്കെതിരെയും ഉയർന്നതെന്നും ഈ വർഗീയ ഫാസിസ്റ്റു ശക്തികൾക്കെതിരെ വിദ്യാർഥി സമൂഹം പ്രതിരോധം തീർക്കുകയാണെന്നും  പറഞ്ഞാണ് കുട്ടികൾ കവിയെ ക്യാമ്പിലേക്ക് ആനയിച്ചത്. 'കുരീപ്പുഴയോടൊപ്പം' എന്ന പ്ലക്കാർഡുകളും   ഉയർത്തി കുട്ടികൾ കവിയോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ചു. 
കേരളത്തിലെ വിദ്യാർഥി സമൂഹം കവിക്ക് വൻമതിലായി കോട്ടപോലെ നിൽക്കുമെന്ന് വിദ്യാർഥികൾ പ്രതിജ്ഞയെടുത്തു.   അഷ്ടമുടിക്കായൽ പറയാൻ വെമ്പുന്ന  കല്ലുമാല ഉൾപ്പെടെ സമരചരിത്രങ്ങളുടെ സ്മരണകൾ അദ്ദേഹം ക്യാമ്പിൽ പകർന്നേകി. മാറ് മറയ്ക്കാൻ ദളിത് സഹോദരിമാർ നടത്തിയ സമരവും കുളിക്കാൻ കമ്മാൻകുളം കുത്തിയ കഥയും  വിദ്യാർഥികൾ ഏറെ അദ്ഭുതത്തോടെ ശ്രവിച്ചു. മത്സ്യത്തൊഴിലാളികളുടെ വേദനകളും കയർ കർഷകത്തൊഴിലാളികളുടെ സമര ഏടുകളും പ്രതിപാദ്യ വിഷയമാക്കി  ക്യാമ്പിനെ നവ്യാനുഭവമാക്കി മാറ്റി പ്രിയകവി.
സമാപനസമ്മേളനം കുരിപുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ ആർ ജി കൃഷ്ണജിത്ത് അധ്യക്ഷനായി. ജനറൽസെക്രട്ടറി ആദർശ് എം സജി സ്വാഗതം പറഞ്ഞു. മികച്ച കഥയ്ക്കുള്ള കാക്കനാടൻ പുരസ്‌കാരം തിരുവനന്തപുരം മദർതെരേസ കോളേജിലെ എസ് രാഹുലും കവിതയ്ക്കുള്ള തിരുനലൂർ കരുണാകരൻ പുരസ്‌കാരം വർക്കല എസ്എൻ കോളേജിലെ നന്ദുകൊട്ടറയും കരസ്ഥമാക്കി. 


deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home