27 July Saturday
ഏഷ്യൻ നീർപ്പക്ഷി സെൻസസ്

പാറിപ്പറന്ന്‌ നീർപ്പക്ഷികൾ

സ്വന്തം ലേഖികUpdated: Friday Feb 3, 2023

സെൻസസിൽ കണ്ടെത്തിയ മംഗോളിയൻ മണൽക്കോഴി

കൊല്ലം
കൊല്ലത്ത് നീർപ്പക്ഷികളുടെ എണ്ണത്തിൽ 29 ശതമാനം വർധനയെന്ന് ഈ വർഷത്തെ ഏഷ്യൻ നീർപ്പക്ഷി സെൻസസ്. നീർപ്പക്ഷി ഇനങ്ങളുടെ എണ്ണത്തിൽ 25 ശതമാനവും വർധനയുണ്ടായി. ജില്ലയിലെ 11 നീർത്തടങ്ങളിൽനിന്ന് 69 ഇനങ്ങളിൽപ്പെട്ട 7592 പക്ഷികളെയാണ് കണ്ടെത്തിയത്. 2021ൽ ഇത് 55 ഇനങ്ങളിൽനിന്ന് 5879 ആയിരുന്നു. സെൻസസിന് കേരള വനം വന്യജീവി വകുപ്പിന്റെ സാമൂഹ്യ വനവൽക്കരണ വിഭാഗവും ഡബ്യുഡബ്ല്യുഎഫ്‌ - ഇന്ത്യയും നേതൃത്വം നൽകി.   
പോളച്ചിറ ഏലായിൽ 37 ഇനങ്ങളിൽനിന്നായി 2188 പക്ഷികളെ കണ്ടെത്തി. ചിറ്റുമല ചിറയിൽ 32 ഇനങ്ങളിൽനിന്ന് 1244 നീർപ്പക്ഷികളെ കണ്ടെത്തി. അഴീക്കൽ കടപ്പുറവും സമീപ തുറമുഖവും 430 ചിന്നമുണ്ടികൾ, 300 കൃഷ്ണപ്പരുന്തുകൾ, 120 കിന്നരി നീർക്കാക്കകൾ, 34 പച്ചക്കാലികൾ എന്നിവയാൽ സമ്പന്നമായിരുന്നു. വെള്ളനാതുരുത്തിൽ ദേശാടകരും തീരപ്പക്ഷികളുമായ 60 മംഗോളിയൻ മണൽക്കോഴികൾ, അഞ്ച്‌ വലിയ മണൽക്കോഴികൾ, 30 വലിയ കടലാളകൾ, 75 തിരക്കാടകൾ എന്നിവയെ കണ്ടെത്തി. മൺറോതുരുത്തിൽ 14 പാതിരക്കൊക്കുകളെ മാത്രമാണ്‌ കണ്ടെത്തിയത്‌.
ഗോകുലം മെഡിക്കൽ കോളേജ്‌ അസോസിയേറ്റ്‌  പ്രൊഫസർ നിർമൽ ജോർജ്‌, ഡബ്ല്യുഡബ്ല്യുഎഫ്‌ ഇന്ത്യ സീനിയർ വിദ്യാഭ്യാസ ഓഫീസർ ഐ കെ ശിവകുമാർ, സംസ്ഥാന ഡയറക്ടർ രഞ്ജൻ മാത്യൂ വർഗീസ്‌ എന്നിവർ നിരീക്ഷണത്തിന്‌ നേതൃത്വംനൽകി. 
ജില്ലയിലെ എല്ലാ തണ്ണീർത്തടങ്ങളിലുമുള്ള ആവാസവ്യവസ്ഥയുടെ ഗുണനിലവാരം കുറയുന്നതായി സെൻസസിൽ കണ്ടെത്തി.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top