27 July Saturday
കരുതലും കൈത്താങ്ങും അദാലത്ത്

പഠനോപകരണങ്ങൾ വേണമെന്ന് ദിയാമോൾ; 
സ്‌റ്റഡി ടേബിളും ടിവിയും സമ്മാനിച്ച് മന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday May 26, 2023



കൊച്ചി
വീട്ടിൽ പഠിക്കാൻ സൗകര്യങ്ങളില്ലാത്തതിനാൽ പഠനോപകരണങ്ങളും മൊബൈൽഫോണും നൽകണമെന്ന അഭ്യർഥനയുമായാണ് അദാലത്ത് വേദിയിൽ മന്ത്രിയെ കാണാൻ ദിയാമോൾ ഷെറിൻ എത്തിയത്. ഏഴാംക്ലാസുകാരിയായ ദിയാമോളുടെ പരാതി പരിഗണിച്ച മന്ത്രി പി രാജീവ്‌, ആവശ്യമായ നടപടി സ്വീകരിക്കാമെന്നും കുറച്ചുനേരം കാത്തിരിക്കാനും പറഞ്ഞു.

തുടർന്ന് ആനിക്കാട് സഹകരണ ബാങ്ക് പ്രസിഡന്റ് വി കെ ഉമ്മറിന്റെ നേതൃത്വത്തിൽ പഠനമേശ, കസേര, ബാഗ്, കുട എന്നിവയും മഹിള അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയംഗം മേരി ജോർജ് തോട്ടത്തിൽ എൽഇഡി ടിവിയും അദാലത്ത് വേദിയിൽ എത്തിച്ചു. ഇത് ദിയാമോൾക്ക് മന്ത്രി പി പ്രസാദിന്റെ സാന്നിധ്യത്തിൽ മന്ത്രി പി രാജീവ് സമ്മാനിച്ചു.

രണ്ടാർക്കര രാജീവ്‌ ഗാന്ധി കോളനി നിവാസിയായ ദിയാമോൾ ഷെറിന്റെ ഉപ്പയുടെ ഉമ്മ റംല ഹമീദ് സിവിൽ സ്റ്റേഷനിൽ അപേക്ഷ എഴുതിനൽകുന്ന തൊഴിലാണ് ചെയ്യുന്നത്. സമയം കിട്ടുമ്പോഴെല്ലാം സിവിൽ സ്റ്റേഷനിൽ എത്തി വല്യുമ്മയെ അപേക്ഷ എഴുതാൻ സഹായിക്കാറുണ്ട് ഈ കൊച്ചുമിടുക്കി. കിഴക്കേക്കര ഗവ. ഈസ്റ്റ്‌ ഹൈസ്കൂളിലെ വിദ്യാർഥിനിയായ ദിയാമോളും കുടുംബവും ഈ വരുമാനത്തിലാണ് ജീവിക്കുന്നത്. വല്യുമ്മയോടൊപ്പം കരുതലും കൈത്താങ്ങും മൂവാറ്റുപുഴ താലൂക്ക്  അദാലത്ത് വേദിയിലെത്തി മന്ത്രി പി രാജീവിനെ കണ്ടു. തന്റെ സാമ്പത്തികസ്ഥിതിയും ബുദ്ധിമുട്ടും മന്ത്രിയെ അറിയിച്ചു.അനിയൻ ദിൽഷാൻ ഷെറിൻ, അമ്മ ഷെമിന ഷെറിൻ എന്നിവർക്കൊപ്പമാണ് ദിയ എത്തിയത്. അനിയൻ ദിൽഷാനും കുടയും ബാഗും നൽകാൻ മന്ത്രി നിർദേശിച്ചു. ഇരുവർക്കും നന്നായി പഠിച്ച് മികച്ച വിജയം നേടാൻ കഴിയട്ടെ എന്ന് മന്ത്രി ആശംസിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top