27 July Saturday

പുന്നപ്ര വയലാർ വാരാചരണത്തിന്‌
 ചെങ്കൊടി ഉയർന്നു

വെബ് ഡെസ്‌ക്‌Updated: Friday Oct 21, 2022


ആലപ്പുഴ
പുന്നപ്ര – വയലാർ പോരാട്ടത്തിന്റെ 76–-ാം വാർഷിക വാരാചരണത്തിന്‌ ആവേശത്തുടക്കം. പിറന്ന മണ്ണിൽ മനുഷ്യനായി ജീവിക്കാനുള്ള അവകാശത്തിനും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും വേണ്ടി വീരമൃത്യു വരിച്ച  പോരാളികളുടെ വിപ്ലവ ഭൂമികകളിൽ ചെങ്കൊടി ഉയർന്നു. കോവിഡ്‌ നിയന്ത്രണങ്ങളുടെ രണ്ടുവർഷങ്ങൾക്കുശേഷം ഇക്കുറി വിപുലമായി സംഘടിപ്പിക്കുന്ന വാരാചരണത്തിൽ നാട്ടിൻപുറങ്ങളിലും നഗരങ്ങളിലും വൻപങ്കാളിത്തമാണ്‌. ഇനി 27 വരെ ഐതിഹാസിക സമരത്തിന്റെ സ്‌മരണയുയർത്തി വിവിധ പരിപാടികൾ നടക്കും. സി എച്ച് കണാരന്റെ 50–--ാം ചരമവാർഷികവും ഇതോടൊപ്പം ആചരിച്ചു.

പണിയിടങ്ങളിലും പ്രധാന കേന്ദ്രങ്ങളിലും സിപിഐ എം–-സിപിഐ  പ്രവർത്തകർ രാവിലെ പതാക ഉയർത്തിയതോടെ  വാരാചരണത്തിന്‌ തുടക്കമായി. പുന്നപ്ര സമരഭൂമിയിൽ വാരാചരണ കമ്മിറ്റി പ്രസിഡന്റ്‌ ഇ കെ ജയനും വലിയ ചുടുകാട്‌ രക്തസാക്ഷി മണ്ഡപത്തിൽ വിപ്ലവഗായിക പി കെ മേദിനിയും മാരാരിക്കുളത്ത്‌ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസറും പതാക ഉയർത്തി. വയലാർ രക്തസാക്ഷിമണ്ഡപത്തിൽ ഉയർത്താനുള്ള രക്തപതാക മേനാശേരി രക്തസാക്ഷി മണ്ഡപത്തിൽ നിന്നും വ്യാഴാഴ്‌ച പ്രയാണം തുടങ്ങി. വെള്ളി പകൽ 11ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ വയലാറിലും  വൈകിട്ട് അഞ്ചിന് എൻ കെ സഹദേവൻ മേനാശേരിയിലും പതാക ഉയർത്തും.  

പുന്നപ്ര ദിനമായ 23ന്‌ വൈകിട്ട്‌ പുന്നപ്ര സമരഭൂമിയിൽ ചേരുന്ന പൊതുസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.  27ന്‌ വയലാർ ദിനത്തിൽ വയലാർ രക്തസാക്ഷി മണ്ഡപത്തിൽ വൈകിട്ട് ചേരുന്ന പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, എം വി ഗോവിന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top