27 March Monday

ഗുണ്ടാത്തലവനെ വെട്ടിനുറുക്കിയ കേസിൽ കുറ്റപത്രമായി

വെബ് ഡെസ്‌ക്‌Updated: Monday Jan 16, 2023


തിരുവനന്തപുരം
തമിഴ്‌നാട്‌ സ്വദേശിയായ ഗുണ്ടാത്തലവൻ കനിഷ്‌കനെ കൊലപ്പെടുത്തി വെട്ടിനുറുക്കി മാലിന്യസംസ്‌കരണ പ്ലാന്റിൽ തള്ളിയ കേസിൽ കുറ്റപത്രം തയ്യാറായി.  വലിയതുറ പൊലീസാണ്‌ കുറ്റപത്രം തയ്യാറാക്കിയത്‌.  ബംഗ്ലാദേശ്‌ കോളനി സ്വദേശികളായ മനുരാജ്‌, ഷഹിൻഷാ എന്നിവരാണ്‌ പ്രതികൾ.
2022 ആഗസ്ത്‌ 14നാണ്‌ സംഭവങ്ങളുടെ തുടക്കം. മുട്ടത്തറയിലെ മാലിന്യസംസ്കരണ പ്ലാന്റിലെ  കിണറിലാണ്‌ മനുഷ്യന്റെ കാലുകൾ കണ്ടെത്തിയത്‌.

മെഡിക്കൽ കോളേജിൽനിന്ന്‌ അഴുക്കുചാലിലൂടെ ഒഴുകിയെത്തിയതാകാം എന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ, പോസ്റ്റ്‌മോർട്ടം നടത്തിയതോടെ കാൽ വെട്ടിയെടുത്തതാണെന്ന്‌ വ്യക്തമായി. തുടർന്ന്‌ തിരുവനന്തപുരം, കന്യാകുമാരി ജില്ലകളിൽ കാണാതായവരെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ്‌ രണ്ട്‌ മാസമായി കനിഷ്‌കനെ കാണാനില്ലെന്ന വിവരം ലഭിച്ചത്‌. തിരുവനന്തപുരം ബംഗ്ലാദേശ്‌ കോളനിയിലെ സുഹൃത്തിനെ കാണാൻ പോയെന്ന കനിഷ്‌കന്റെ അമ്മയുടെ മൊഴിയാണ്‌ വഴിത്തിരിവായത്‌. തുടർന്ന്‌, മനുരാജിനെ കസ്റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്‌തതോടെ കേസിൽ നിർണായക തെളിവുകൾ ലഭിച്ചു.

തമിഴ്‌നാട്ടിലെ കുപ്രസിദ്ധ ഗുണ്ട അജിത്തിന്റെ സംഘാംഗങ്ങളായ ഇരുവരും അടുത്തിടെ തെറ്റിയതിനെ തുടർന്നുള്ള കുടിപ്പകയാണ്‌ കൊലപാതകത്തിന്‌ കാരണമായത്‌. തർക്കം തീർക്കാനെന്ന പേരിൽ മുട്ടത്തറയിലേക്ക്‌ വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു. തലയും കൈകാലുകളും അറുത്തെടുത്ത്‌ മാലിന്യ പ്ലാന്റിൽ ഉപേക്ഷിച്ചു. ബാക്കി ശരീരഭാഗങ്ങൾ കടലിൽ എറിഞ്ഞെന്നാണ്‌ കരുതുന്നത്‌. ഫോറൻസിക്‌ ലാബിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ ശരീരഭാഗങ്ങൾ കനിഷ്‌കന്റേത്‌ തന്നെയെന്ന്‌ ഉറപ്പിക്കുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top