27 July Saturday

തീരസംരക്ഷണ സമഗ്രപദ്ധതി 6 മാസത്തിനകം: മന്ത്രി

സ്വന്തം ലേഖകന്‍Updated: Friday Jul 8, 2016

കൊച്ചി > തീരസംരക്ഷണം, ഹാര്‍ബര്‍, ഫിഷ്ലാന്‍ജിങ് സെന്റര്‍ എന്നിവ സംബന്ധിച്ച സമഗ്രപദ്ധതി ആറുമാസത്തിനകം രൂപപ്പെടുത്തുമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. ഫിഷറീസ് മേഖലയിലെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപന അധികൃതരുമായി കൊച്ചി സിഎംഎഫ്ആര്‍ഐയില്‍ നടത്തിയ കൂടിക്കാഴ്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എട്ടു കേന്ദ്രസ്ഥാപനങ്ങളുമായുള്ള ചര്‍ച്ചയില്‍ നാലു സ്ഥാപനങ്ങളുടേതുമാത്രമാണ് പൂര്‍ത്തിയായത്. തുടര്‍ചര്‍ച്ച 26നു നടത്തുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിന് 596 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള തീരദേശമാണുള്ളത്. 1957ലെ ഇ എം എസ് സര്‍ക്കാര്‍ ഈ മേഖലയിലെ വികസനം സംബന്ധിച്ചുണ്ടാക്കിയ കാഴ്ചപ്പാടിനനുസൃതമായി പിന്നീട് മുന്നോട്ടുപോകാനായില്ല.

ഫിഷറീസുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാരിന്റെ എട്ടോളം സ്ഥാപനങ്ങള്‍ കേരളത്തിലുണ്ട്. അവരുടെ സാങ്കേതികജ്ഞാനം തൊഴിലാളികള്‍ക്ക് വേണ്ടത്ര പകര്‍ന്നുനല്‍കാന്‍ കഴിഞ്ഞിട്ടില്ല. അതിന് ബന്ധപ്പെട്ടവരെയെല്ലാം ഉള്‍ക്കൊളളുന്ന സ്ഥിരം ഉപദേശകസമിതി രൂപീകരിക്കണമെന്നാണ് സര്‍ക്കാര്‍ ഉദ്ദേശ്യം.

കേരള സമുദ്രതീരത്ത് 58 ഇനം മത്സ്യങ്ങള്‍ ലഭിക്കുന്നുണ്ട്. ഇതില്‍ 14 ഇനം മാത്രം പിടിക്കരുതെന്നാണ് വ്യവസ്ഥ. ബാക്കിയുള്ളതിന്റെ കുഞ്ഞുങ്ങളെവരെ പിടിക്കുന്ന രീതിയാണിന്ന്. 58 ഇനങ്ങളെയും സംരക്ഷിക്കണമെന്നാണ് സര്‍ക്കാരിന്റെ അഭിപ്രായം. ട്രോള്‍നിരോധം സംബന്ധിച്ച 2013ലെ പഠനറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരിഹാര നടപടികളിലേക്കു കടക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണ്. ഇതിനായി നിയമഭേദഗതി വേണ്ടിവരും. മത്സ്യക്കുഞ്ഞുങ്ങള്‍ക്ക് ഹാനികരമല്ലാത്ത മത്സ്യബന്ധനരീതികള്‍ തൊഴിലാളികളും സ്വീകരിക്കണം.
മത്സ്യോല്‍പ്പാദനത്തിനുപറ്റിയ സ്രോതസ്സുള്ള കേരളത്തിന് ഫലപ്രദമായി ഇക്കാര്യത്തില്‍ ഇടപെടാനായിട്ടില്ല. ഉള്‍നാടന്‍ മത്സ്യസമ്പത്തിന്റെ കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങള്‍ കേരളത്തെ പിന്നിലാക്കി. 12 ലക്ഷം കോടി മത്സ്യക്കുഞ്ഞുങ്ങളെയാണ് നമുക്ക് ആവശ്യമെങ്കിലും ഉല്‍പ്പാദനം രണ്ടുലക്ഷം കോടി മാത്രമാണ്. ഈ രംഗത്തിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കി.

മന്ത്രിയായശേഷം സിഎംഎഫ്ആര്‍ഐയില്‍ ആദ്യമായെത്തിയ മേഴ്സിക്കുട്ടിയമ്മയെ ഡയറക്ടര്‍ ഡോ. ഗോപാലകൃഷ്ണന്‍ പൊന്നാട അണിയിച്ച് സ്വീകരിച്ചു. സിഎംഎഫ്ആര്‍ഐ, സിഐഎഫ്ടി, എന്‍ബിഎഫ്ജിആര്‍, കെവികെ, സിഫ്റി, കുഫോസ്, എന്‍ഐഒ, സിഫ്നെറ്റ്, എംപിഇഡിഎ, സിഎംഎല്‍ആര്‍ഇ, എഫ്എസ്ഐ, നിഫാറ്റ്, ആര്‍ജിസിഎ എന്നീ സ്ഥാപനങ്ങളിലെ മേധാവികളും ഫിഷറീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു. ഫിഷറീസ് സെക്രട്ടറി ജെയിംസ് വര്‍ഗീസ് സ്വാഗതവും സാഫ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ സി ആര്‍ സത്യവതി നന്ദിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top