27 July Saturday

കടല്‍വിസ്മയങ്ങള്‍ തുറന്നിട്ട് സിഎംഎഫ്ആര്‍ഐ

വെബ് ഡെസ്‌ക്‌Updated: Sunday Feb 4, 2018

കൊച്ചി > ആഴക്കടലിന്റെ കാണാക്കാഴ്ചകള്‍ക്കായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) ഒരുക്കിയ പ്രദര്‍ശനം ശ്രദ്ധേയമായി. സിഎംഎഫ്ആര്‍ഐയുടെ 71-ാമത് സ്ഥാപകദിനത്തിന്റെ ഭാഗമായി നടത്തിയ പ്രദര്‍ശനത്തില്‍ സമുദ്ര ജൈവ വൈവിധ്യങ്ങളുടെ വിസ്മയങ്ങള്‍ കാണാന്‍ വിദ്യാര്‍ഥികളുടെയും പൊതുജനങ്ങളുടെയും വന്‍ തിരക്കായിരുന്നു.

വിലകൂടിയ മുത്തുകളും, മുത്തുച്ചിപ്പി കൃഷിചെയ്ത് അവ വേര്‍തിരിച്ചെടുക്കുന്ന രീതികളും പ്രദര്‍ശനത്തില്‍ ശ്രദ്ധനേടി. സിഎംഎഫ്ആര്‍ഐയിലെ കക്കവര്‍ഗ ഗവേഷണവിഭാഗം കൃഷിചെയ്ത,ഗ്രാമിന് 1500 രൂപവരെ വിലയുള്ള മുത്തുകളാണ് പ്രദര്‍ശനത്തിനും വില്‍പ്പനയ്ക്കും ഉണ്ടായിരുന്നത്. സിഎംഎഫ്ആര്‍ഐയിലെ വിവിധ ഗവേഷണവിഭാഗങ്ങളുടെ നേതൃത്വത്തിലായിരുന്നു പ്രദര്‍ശനം. ആനത്തിരണ്ടി, ഗിത്താര്‍ മത്സ്യം, വിവിധയിനം സ്രാവുകള്‍ തുടങ്ങി 54 ഇനം അടിത്തട്ട് മത്സ്യങ്ങളും 52 ഇനം ഉപരിതല മത്സ്യങ്ങളും 30 ഇനം ചെമ്മീന്‍-ഞെണ്ട് വര്‍ഗങ്ങളും ആകര്‍ഷണീയമായി. സമുദ്ര ജൈവവൈവിധ്യ മ്യൂസിയത്തില്‍ ഒരുക്കിയ  കടല്‍പശു, കടല്‍വെള്ളരി, കടല്‍ക്കുതിര, ഏറ്റവും വലിയ മത്സ്യമായ തിമിംഗല സ്രാവ് എന്നിവ കൌതുകമായി.

മീനുകളുടെ വയസ്സ് കണ്ടെത്താനുള്ള പരീക്ഷണശാല വേറിട്ട അനുഭവമായി. മീനുകളുടെ പ്രായം തിട്ടപ്പെട്ടുത്തുന്ന പ്രവര്‍ത്തനങ്ങളും ഉപകരണങ്ങളും ഗവേഷകര്‍ പരിചയപ്പെടുത്തി. ഇന്ത്യന്‍ തീരങ്ങളില്‍നിന്ന് പിടിക്കുന്ന മത്തിയുടെ ശരാശരി പ്രായം ഒരുവയസ്സില്‍ താഴെയും അയലയുടേത് ഒരുവര്‍ഷവുമാണെന്ന് പഠനത്തില്‍ കണ്ടെത്തിയത് സംഘം വിശദീകരിച്ചു. അക്വാപോണിക്സ്, കൂടുമത്സ്യകൃഷി, അലങ്കാരമത്സ്യകൃഷി എന്നിവയ്ക്കുപുറമെ കുറഞ്ഞതോതില്‍ മാത്രം ജലം ഉപയോഗിച്ച് ചെയ്യാവുന്ന നൂതന ജലകൃഷിസംവിധാനമായ റീസര്‍ക്കുലേറ്റിങ് അക്വാകള്‍ചര്‍ സിസ്റ്റത്തിന്റെ (റാസ്) പ്രവര്‍ത്തനമാതൃകയും പ്രദര്‍ശിപ്പിച്ചു. കടല്‍വെള്ളത്തിന് നിറംനല്‍കുന്ന സൂക്ഷ്മ ആല്‍ഗകള്‍, വര്‍ണമത്സ്യങ്ങളുടെ ശേഖരമായ മറൈന്‍ അക്വേറിയം എന്നിവയും സന്ദര്‍ശകരുടെ മനംകവര്‍ന്നു.  കണ്ടല്‍ച്ചെടികള്‍, കടല്‍പ്പായലുകള്‍ തുടങ്ങിയവയുടെ പ്രദര്‍ശനവും കടലില്‍ പ്ളാസ്റ്റിക് മാലിന്യം അടിഞ്ഞുകൂടുന്നതിന്റെ പ്രത്യാഘാതങ്ങള്‍ വിവരിക്കുന്ന സ്റ്റാളുകളും ഉണ്ടായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top