27 July Saturday

ജി 20 ; സാങ്കേതിക മുന്നേറ്റം വിലയിരുത്തി 
ഷെർപ്പ പ്ലീനറി സെഷനുകൾ

പി സി പ്രശോഭ്‌Updated: Saturday Apr 1, 2023

ജി 20 യോഗത്തിൽ ഇന്ത്യൻ ഷെർപ്പ അമിതാഭ് കാന്തിനും പ്രതിനിധികൾക്കും 
ഒപ്പം മുഖ്യമന്ത്രി പിണറായി വിജയൻ അത്താഴ വിരുന്നിനെത്തിയപ്പോൾ ഫോട്ടോ: ജി പ്രമോദ്


കുമരകം
സാങ്കേതിക മുന്നേറ്റത്തിന്റെ വ്യാപ്‌തിയും ലക്ഷ്യങ്ങളും ചർച്ചക്ക്‌ വിധേയമാക്കി ജി 20 ഷെർപ്പ പ്ലീനറി സെഷനുകൾക്ക്‌ കുമരകം കെടിഡിസി വാട്ടർസ്‌കേപ്പ്‌സ്‌ റിസോർട്ടിൽ തുടക്കമായി. ആദ്യ സെഷനിൽ സാങ്കേതിക വിദ്യകളുടെ വികാസത്തിനൊപ്പം അഞ്ച്‌ സുപ്രധാന മേഖലകളിലെ മുന്നേറ്റവും വിലയിരുത്തി. ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ, ആരോഗ്യം, വിദ്യാഭ്യാസം, ടൂറിസം, സംസ്‌കാരം എന്നീ മേഖലകളിലെ വികസനസ്ഥിതിയാണ്‌ ചർച്ചക്ക്‌ വിധേയമാക്കിയത്‌. ജി 20 ഓപ്പറേഷൻസ്‌ സ്‌പെഷ്യൽ സെക്രട്ടറി മുക്‌തേഷ്‌ പർദേശി, ജി 20 സെക്രട്ടറിയറ്റ്‌ വക്താവ്‌ അരിന്ദം ബക്ഷി എന്നിവർ സെഷനിൽ സംസാരിച്ചു. ആദ്യ സെഷന്‌ ശേഷം രാഷ്ട്രങ്ങളുടെ ഉഭയകക്ഷി സംബന്ധമായ വിഷയങ്ങളിലുള്ള ചർച്ചകൾ നടന്നു. അനുബന്ധമായി പ്രതിനിധികളുടെ അനൗദ്യോഗിക ചർച്ചകളും നടന്നു.

ഉച്ചകഴിഞ്ഞ്‌ ആദ്യ സെഷനിൽ "സമഗ്രമായ സുസ്ഥിര വികസനം' എന്ന വിഷയത്തിൽ ചർച്ച നടന്നു. രണ്ടാമത്തെ സെഷനിലെ വിഷയം "സ്‌ത്രീനിയന്ത്രിതമായ വികസനം' എന്നതായിരുന്നു. ഈ മേഖലയിൽ പൊതുസമൂഹത്തിലെ സ്വതന്ത്ര സംഘടനകളുടെ പ്രധാന്യവും ചർച്ചകളിൽ ഉയർന്നുവന്നു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ സമ്മേളനത്തെ അഭിസംബോധന ചെയ്‌തു. 

ശനിയാഴ്‌ചത്തെ ചർച്ചകളിൽ കാലാവസ്ഥാ വ്യതിയാനം, ഹരിതവികസനവും ജീവിതവും, ഊർജ സംരക്ഷണം തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ ചർച്ചകൾ നടക്കും. ബാർബഡോസ്‌ പ്രധാനമന്ത്രിയുടെ പ്രത്യേക സ്ഥാനപതി അവിനാശ്‌ പെർസോദ്‌ "അൺലോക്കിങ്‌ ഫിനാൻസിങ്‌ ഫോർ ഡെവലപ്‌മെന്റ്‌' എന്ന വിഷയം അവതരിപ്പിച്ച്‌ സംസാരിക്കും. മാക്രോഇക്കോണമിയുടെ സ്വാധീനം എന്ന വിഷയത്തിൽ യുഎൻ ഡെവലപ്‌മെന്റ്‌ പ്രോഗ്രാമിന്റെ ബ്യൂറോ ഓഫ്‌ പോളിസി ആൻഡ്‌ പ്രോഗ്രാം സപ്പോർട്ടിലെ ചീഫ്‌ ഇക്കോണമിസ്‌റ്റ്‌ ജോർജ്‌ ഗ്രേ മൊളീന സംസാരിക്കും.

‘ചർച്ചയും ആഹാരവു’മായി 
മുഖ്യമന്ത്രിക്കൊപ്പം
‘ചർച്ചയും ആഹാരവും’ എന്നു പേരിട്ട സാംസ്കാരിക സായാഹ്നവും അത്താഴവിരുന്നുമായാണ്‌  യോഗത്തിന്റെ ആദ്യ ഔപചാരിക ദിനം സമാപിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ, ചീഫ് സെക്രട്ടറി വി പി ജോയ് എന്നിവരും അത്താഴവിരുന്നിൽ പങ്കെടുത്തു. വടക്കൻ പാട്ടിനെ അടിസ്ഥാനമാക്കിയുള്ള ‘ഓതിരം മോഹിതം’ എന്ന നാടകത്തിന്റെ അവതരണത്തിനും കേരളത്തിന്റെ സമ്പന്നമായ പൈതൃകം വെളിവാക്കുന്ന വിവിധ നൃത്തരൂപങ്ങൾക്കും വിശിഷ്ടാതിഥികളും ജി20 പ്രതിനിധികളും സാക്ഷ്യം വഹിച്ചു.  വൈകിട്ട് നടന്ന ‘കായൽ സംഭാഷണ’ങ്ങളിലും (കായലിലെ ചായസൽക്കാരം) ജി20 ഷെർപ്പകൾ പങ്കെടുത്തു. ഇന്ത്യയുടെ ജി20 ഷെർപ്പ അമിതാഭ് കാന്ത് മറ്റിടങ്ങളിൽ നിന്നുള്ള ഷെർപ്പകളുമായി ദിവസം മുഴുവൻ ഫലപ്രദമായ ഉഭയകക്ഷി ചർച്ചകളും നടത്തി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top