27 July Saturday

വീട്‌ നിർമാണത്തിന്‌ മണ്ണ്‌ 
മാറ്റാൻ തദ്ദേശസ്ഥാപനങ്ങൾക്ക്‌ അനുമതി നൽകാം

വെബ് ഡെസ്‌ക്‌Updated: Friday Mar 31, 2023


തിരുവനന്തപുരം
മൂവായിരം ചതുരശ്രയടിവരെയുള്ള വീടുകളുടെ നിർമാണത്തിന്‌ മണ്ണ്‌ മാറ്റാൻ ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്‌ അനുമതി നൽകാം.നിലവിൽ  മൈനിങ്‌ ആൻഡ്‌ ജിയോളജി വകുപ്പിനായിരുന്നു ചുമതല.  മണ്ണ്‌ മാറ്റാനുള്ള ഫീസ്‌ ഓൺലൈനായി ജിയോളജി വകുപ്പിൽ അടയ്‌ക്കാം. ഇതടക്കമുള്ള ഭേദഗതികൾ മന്ത്രിസഭ അംഗീകരിച്ചതായി മന്ത്രി പി രാജീവ്‌ വാർത്താസമ്മേളനത്തിൽ അറിയിച്ചു.  നിലവിൽ തദ്ദേശസ്ഥാപനങ്ങളിൽനിന്നുള്ള ഡെവലപ്‌മെന്റ്‌ പ്ലാനിന്റെ അടിസ്ഥാനത്തിലാണ്‌ ജിയോളജി വകുപ്പ്‌ അനുമതി നൽകിയിരുന്നത്‌. ഇത്‌ ജനങ്ങൾക്ക്‌ ഏറെ ബുദ്ധിമുട്ട്‌ ഉണ്ടാക്കിയിരുന്നു.

ദുരന്ത സാഹചര്യങ്ങളിൽ മണ്ണ്‌ മാറ്റാൻ ജിയോളജി വകുപ്പിന്റെ അനുമതിവേണ്ട. ക്വാറികളുടെ റോയൽറ്റികൾ ഇരട്ടിയാക്കി പുതുക്കാനാകും. നേരത്തേ ഖനനമേഖലയുടെ വിസ്‌തീർണം കണക്കാക്കി റോയലിറ്റി നിശ്ചയിച്ചിരുന്നത്‌ ധാതുവിന്റെ അളവിനനുസരിച്ചാക്കി. അനധികൃത ഖനനത്തിന്‌ റോയൽറ്റിയുടെ രണ്ടു മടങ്ങായിരുന്ന പിഴ നാലാക്കി വർധിപ്പിച്ചു.

ക്വാറിയിങ്‌ പെർമിറ്റ്‌ കാലാവധി ഒരു വർഷമെന്നത്‌ മൂന്നുവർഷമാക്കി. ഒരു ഹെക്ടറിൽ കൂടുതലുള്ള സ്ഥലത്തെ ക്വാറിയിങ്‌ ലൈസൻസ്‌ കാലാവധി 12 വർഷമായിരുന്നത്‌ പതിനഞ്ചാക്കി. കാലാവധിക്കുശേഷം ഖനനത്തിനുള്ള പിഴ 25,000ൽനിന്ന്‌ മൂന്നുലക്ഷമായും ഡിപ്പോസിറ്റ്‌ ഒരു ലക്ഷത്തിൽനിന്ന്‌ അഞ്ചു ലക്ഷമായും ഉയർത്തി. ഖനനവസ്‌തുവിന്റെ മൂല്യവർധന അനുസരിച്ച്‌ റോയൽറ്റി  മാറും. ക്രഷർ യൂണിറ്റുകൾക്ക്‌  ലൈസൻസും ക്വാറികളിൽ വെയിങ്‌ ബ്രിഡ്‌ജും നിർബന്ധമാക്കി.

15 അസി. ജിയോളജിസ്റ്റ്‌ പോസ്റ്റുകൾക്ക്‌ അംഗീകാരം നൽകി.   ക്വാറികളിലെ പരിശോധനയ്‌ക്ക്‌ ഡ്രോൺ സംവിധാനം ഏർപ്പെടുത്തും. മാറ്റങ്ങൾ ശനിയാഴ്‌ച  നിലവിൽവരും. കുടിശ്ശിക അടയ്‌ക്കാൻ അദാലത്ത്‌ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top