മധുവെത്തുന്നു 
 സുരേന്ദ്രനിലൂടെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 25, 2022, 10:08 PM | 0 min read

ചെറുവത്തൂർ
വിശന്നൊട്ടിയ വയറുമായി മല കയറി വന്ന  യുവാവിനെ  കള്ളനെന്ന്‌ പറഞ്ഞ്‌ കൈകൾ കെട്ടിയിട്ട്‌ സെൽഫിയെടുക്കുകയും ഒടുവിൽ തല്ലിക്കൊന്നതും മറക്കാനാകാത്തതാണ്‌.  മനുഷ്യത്വം നഷ്‌ടപ്പെടാത്ത ഒരു മനസ്സും അട്ടപ്പാടിയിലെ മധുവിനെ മറക്കില്ല. സുരേന്ദ്രൻ കൂക്കാനം എന്ന കലാകാരനിലൂടെ മധു നമുക്കിടയിൽ വീണ്ടുമെത്തുകയാണ്‌. മധുവിന്റെ ജീവിതം ആസ്‌പദമാക്കി സജി ചൈത്രം നിർമിച്ച ഹ്രസ്വ ചിത്രത്തിലാണ്‌ സുരേന്ദ്രൻ കൂക്കാനം മധുവായി വേഷമിടുന്നത്‌.
  കഥാപാത്രത്തിന്റെ രൂപവും ഭാവവും നോട്ടവും ചലനവുമെല്ലാം  മധുവിന്റേതുതന്നെ. മനസ്സിനെ വേദനിപ്പിച്ച സംഭവത്തെ ജനങ്ങൾക്ക്‌ മുന്നിൽ തുറന്നുകാട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്‌ സജി ചൈത്രം ഈ ഹ്രസ്വചിത്രം ഒരുക്കിയത്‌. മധുവായി വേഷമിടാൻ അനുയോജ്യനായ ഒരാളെ കണ്ടെത്താൻ വളരെ വിഷമിച്ചെങ്കിലും ഒടുവിൽ സുരേന്ദ്രനെ കണ്ടെത്തുകയായിരുന്നുവെന്ന്‌ സംവിധായകൻ പറഞ്ഞു. മധുവിന്റെ ജീവിതവും നിരപരാധിത്വവും  ചിത്രത്തിലൂടെ തുറന്നുകാട്ടുകയാണ്‌.  എരിയുന്ന വയറിനെ ശമിപ്പിക്കാൻ കരുണയോടെയുള്ള ഒരു നോട്ടവും ലഭിച്ചില്ലെന്ന സത്യം  അനാവരണം ചെയ്യുന്നു. 
സംഭാഷണങ്ങളില്ലാതെ ഷോട്ടുകളിലൂടെയാണ്‌ ചിത്രം സംവദിക്കുന്നത്‌. അടുത്തമാസം റിലീസ്‌ ചെയ്യാനുള്ള ഒരുക്കത്തിലാണ്‌. കണ്ണപുരത്തെ വൈദ്യുതിവകുപ്പ്‌ റിട്ട.  ജീവനക്കാരൻ കൃഷ്‌ണനാണ്‌ സുരേന്ദ്രനെ മധുവാക്കി മാറ്റിയത്‌. പ്രൊഫഷണൽ മേക്കപ്പ്‌മാനല്ല കൃഷ്‌ണനെങ്കിലും ചമയത്തിന്‌ ഒരു പ്രൊഷണൽ ടച്ചുണ്ട്‌. നിരവധി ഹ്രസ്വചിത്രങ്ങളിൽ സുരേന്ദ്രൻ വേഷമിട്ടിട്ടുണ്ട്‌. ജൈവീകമാണ്‌  കഥാപാത്രങ്ങൾ ഓരോന്നും. നിരവധി ഒറ്റയാൾ സമരങ്ങളും സുരേന്ദ്രൻ നടത്തിയിട്ടുണ്ട്‌. മികച്ച ശിൽപ്പി കൂടിയാണിദ്ദേഹം. 
 


deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home