27 July Saturday

ജില്ലാ വികസന സമിതി ടാറ്റ ആശുപത്രി സ്‌പെഷ്യാലിറ്റിയാക്കണം

വെബ് ഡെസ്‌ക്‌Updated: Sunday Dec 4, 2022

 കാസർകോട്‌

തെക്കിലിലെ ടാറ്റ ട്രസ്‌റ്റ്‌ ഗവ. ആശുപത്രി സ്പെഷ്യാലിറ്റി സൗകര്യങ്ങളോടെ നിലനിർത്തണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. എൻഡോസൾഫാൻ ദുരിതബാധിതർക്ക് ഉപയോഗിക്കാൻ കഴിയുന്ന നിലക്ക്‌ ആശുപത്രി പ്രവർത്തനം മാറ്റണം. കലക്ടർ സ്വാഗത്‌ ആർ ഭണ്ഡാരി അധ്യക്ഷയായി. മൂന്നാഴ്‌ചയായി ആശുപത്രിയിൽ രോഗികൾ ഇല്ലെന്നും സ്പെഷ്യാലിറ്റി സംവിധാനത്തോടെ  ഉയർത്തുന്നതിനുള്ള ചർച്ച മന്ത്രിതലത്തിൽ നടത്തിയതായും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ വി രാംദാസ്‌ അറിയിച്ചു. ആരോഗ്യവകുപ്പിൽ വിവിധ വിഭാഗങ്ങളിലായി 304 ഒഴിവുകളുണ്ട്‌. ഇതിൽ 49 ഡോക്ടർമാരുടേതുമാണ്‌. 
റോഡിലെ കുഴികൾ  
അടക്കണം
ചെർക്കള -ജാൽസൂർ പാതയിൽ മുള്ളേരിയ കഴിഞ്ഞുള്ള ഭാഗത്ത് വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ശബരിമല സീസണിൽ ഇതരസംസ്ഥാനത്ത് നിന്നും രാത്രി സമയങ്ങളിൽ കൂടുതൽ വാഹനങ്ങൾ കടന്നു പോകുന്നതിനാൽ അപകട സാധ്യതയുണ്ടെന്നും കുഴികൾ അടക്കണമെന്നും സി എച്ച് കുഞ്ഞമ്പു എംഎൽഎ ആവശ്യപ്പെട്ടു. മലയോര ഹൈവേയിൽ പാണ്ടി- പള്ളഞ്ചി ഭാഗത്ത് റോഡ് നിർമാണത്തിലെ തടസങ്ങൾ  നീക്കി  വേഗത്തിൽ പൂർത്തിയാക്കണം. 
പട്ടികവർഗ വിഭാഗങ്ങളിൽ ഭൂരഹിതർക്കുള്ള ഭൂമി ലഭ്യമാക്കുന്നതിനുള്ള സർവേ ആരംഭിക്കണമെന്ന് ഇ ചന്ദ്രശേഖരൻ എംഎൽഎ ആവശ്യപ്പെട്ടു. 
 
ദേശീയപാതാ വികസനം: 17ന്‌ യോഗം  
കാസർകോട്‌
ദേശീയപാതാ വികസനത്തിന്റെ ഭാഗമായി വിവിധ പ്രദേശങ്ങളിൽ ഉയർന്നുവരുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ 17ന് യോഗം ചേരും. സർവീസ് റോഡ്, അടിപ്പാതകൾ തുടങ്ങിയ പ്രശ്നങ്ങൾ എംഎൽഎമാരും ജനപ്രതിനിധികളും ജില്ലാ വികസന സമിതി യോഗത്തിൽ ഉന്നയിച്ചിരുന്നു. ജനപ്രതിനിധികളുടെയും ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരിക്കും യോഗം.
 
മിനി സിവിൽ സ്റ്റേഷനുകളുടെ നിർമാണം വേഗത്തിലാക്കണം
നീലേശ്വരം, ചെറുവത്തൂർ മിനി സിവിൽ സ്റ്റേഷനുകളുടെ നിർമ്മാണം വേഗത്തിൽ ആരംഭിക്കണമെന്നും ഇതുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ യോഗം വിളിക്കണമെന്നും എം രാജഗോപാലൻ എംഎൽഎ ആവശ്യപ്പെട്ടു. വോൾട്ടേജ് ക്ഷാമം രൂക്ഷമായ വെസ്റ്റ് എളേരി  പഞ്ചായത്തിലെ ഒന്നാം വാർഡിലെ പാലന്തടത്ത് ട്രാൻസ്‌ഫോർമർ സ്ഥാപിക്കണം.  കോവിഡ് കാലത്ത് നിർത്തിയ കൊന്നക്കാട്- എളേരിത്തട്ട്- പുലിയന്നൂർ -പറശിനിക്കടവ് കെഎസ്ആർടിസി സർവീസ് ആരംഭിക്കണം.  
 
ശുചിമുറികൾ നന്നാക്കണം 
ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ശുചിമുറികളിലെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന്‌ എൻ എ നെല്ലിക്കുന്ന് എംഎൽഎ ആവശ്യപ്പെട്ടു. പരിശോധിക്കാൻ അതാത് തദ്ദേശ സ്ഥാപന സെക്രട്ടറിമാരെ ചുമതലപ്പെടുത്തി. മംഗൽപാടി താലൂക്ക് ആശുപത്രിയിൽ ആധുനിക മോർച്ചറി സംവിധാനമുണ്ടെങ്കിലും പോസ്‌റ്റ്‌മോർട്ടം നടത്തുന്നില്ലെന്ന് എ കെ എം അഷ്റഫ് എംഎൽഎ പറഞ്ഞു. ഫോറൻസിക് സർജനെ നിയമിക്കണം. ദേശീയപാതയുടെ സമീപത്തുള്ള വിദ്യാലയങ്ങളിലെ കുട്ടികൾക്ക് റോഡ് മുറിച്ച് കടക്കുന്നതിനുള്ള പ്രശ്നം പരിഹരിക്കുന്നത് ഗൗരവമായി കാണണമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ പറഞ്ഞു. 
നീലേശ്വരം നഗരസഭാ അധ്യക്ഷ  ടി വി ശാന്ത, പഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ പി വത്സലൻ, സബ് കലക്ടർ സൂഫിയാൻ അഹമ്മദ്, എഡിഎം എ കെ രമേന്ദ്രൻ, ജില്ലാ പ്ലാനിങ് ഓഫീസർ എ എസ് മായ സംസാരിച്ചു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top