27 July Saturday

കണ്ണൂർ കോട്ടയിലെ ലൈറ്റ്‌ ആൻഡ്‌ സൗണ്ട്‌ ഷോ അഴിമതി വിജിലൻസ്‌ കേസെടുത്തു

വെബ് ഡെസ്‌ക്‌Updated: Wednesday Mar 22, 2023
കണ്ണൂർ
കണ്ണൂർ കോട്ടയിലെ ലൈറ്റ്‌ ആൻഡ്‌ സൗണ്ട്‌ ഷോ അഴിമതിയിൽ വിജിലൻസ്‌ കേസെടുത്തു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറിയായിരുന്ന സജി വർഗീസ്‌, പദ്ധതിയുമായി ബന്ധപ്പെട്ട കിറ്റ്‌കോ ഉദ്യോഗസ്ഥർ, കരാറുകാരായ കൃപ ടെൽകോം, സിംപോളിൻ ടെക്‌നോളജീസ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ അധികൃതർ എന്നിവരെ പ്രതിചേർത്താണ്‌ കേസ്‌. ഡിവൈഎസ്‌പി ബാബു പെരിങ്ങേത്താണ്‌ കേസന്വേഷിക്കുക. 
പദ്ധതി നടപ്പിലാക്കുന്നതിന്‌ മുൻകൈയെടുത്ത അന്നത്തെ കണ്ണൂർ എംഎൽഎയും നിലവിൽ ബിജെപി ദേശീയ വൈസ്‌ പ്രസിഡന്റുമായ എ പി അബ്ദുള്ളക്കുട്ടിയെയടക്കം നിരവധി പേരെ പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായി വിജിലൻസ്‌ ചോദ്യം ചെയ്‌തിരുന്നു. പ്രാഥമികാന്വേഷണത്തിൽ വൻവെട്ടിപ്പ്‌ നടന്നതായി കണ്ടെത്തിയതിനെ തുടർന്നാണ്‌ കേസെടുത്ത്‌ അന്വേഷിക്കാൻ സർക്കാർ അനുമതി നൽകിയത്‌. 
കണ്ണൂർ കോട്ടയിൽ 3.58 കോടി രൂപ ചെലവഴിച്ചാണ്‌ ലൈറ്റ്‌ ആൻഡ്‌ സൗണ്ട്‌ ഷോ ഒരുക്കിയത്‌. 2016 ഫെബ്രുവരി 29ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ്‌  ഉദ്ഘാടനംചെയ്‌തത്. 
തട്ടിക്കൂട്ടിയ ലൈറ്റ്‌ ആൻഡ്‌ സൗണ്ട്‌ ഷോയെക്കുറിച്ച്‌ നിർമാണഘട്ടത്തിൽതന്നെ പരാതിയുയർന്നിരുന്നു. ഒരു ദിവസം മാത്രമാണ് പ്രദർശനം നടത്തിയത്.  
നേരിട്ട്‌ നിർമാണച്ചുമതല ലഭിച്ച കിറ്റ്‌കോ ബംഗളൂരുവിലെ കൃപ ടെൽകോമിനാണ്‌ ഉപകരാർ നൽകിയത്‌. ടെൻഡർ നടപടികളിൽപ്പോലും പങ്കാളിയല്ലാതിരുന്ന സിംപോളിൻ എന്ന കമ്പനിക്ക്‌ കൃപ നിർമാണച്ചുമതല മറിച്ചുനൽകി. പദ്ധതി നിർദേശം തയ്യാറാക്കിയതുമുതൽ എംഎൽഎയായിരുന്ന അബ്ദുള്ളക്കുട്ടിയടക്കമുള്ളവരുടെ ഇടപെടൽ സംശയകരമാണെന്ന്‌ വിജിലൻസ്‌ കണ്ടെത്തിയിരുന്നു. പദ്ധതിയുടെ പകുതി ഫണ്ടും മുൻകൂറായി അനുവദിച്ചതിനുപിന്നിലെ ഇടപെടലുകളെക്കുറിച്ചും വിജിലൻസിന്‌ തെളിവ്‌ ലഭിച്ചു. ടെൻഡറിൽ കുറഞ്ഞ തുക കാണിച്ച കമ്പനിയെ ഒഴിവാക്കി കൂടുതൽ തുക കാണിച്ച കൃപയ്‌ക്ക്‌ കരാർ നൽകുന്നതിന്‌ അവരുടെ പ്രവർത്തനമികവും ഉപകരണങ്ങളുടെ ഗുണമേന്മയുമായിരുന്നു മാനദണ്ഡമായി നിരത്തിയത്‌. എന്നാൽ, ഉപകരണങ്ങളുടെ ഗുണനിലവാര പരിശോധന ഒരു ഘട്ടത്തിലും നടത്തിയില്ല. 
ഗുണനിലവാരം തീരെയില്ലാത്ത ഉപകരണങ്ങളാണ്‌ സജ്ജീകരിച്ചതെന്ന്‌ വിജിലൻസ്‌ കണ്ടെത്തി. ലൈറ്റ്‌ ആൻഡ്‌ സൗണ്ട്‌ ഷോ പ്രവർത്തനം നിർത്തി അധിക ദിവസം കഴിയും മുമ്പേ ഉപകരണങ്ങളിൽ ഭൂരിഭാഗവും കടത്തിക്കൊണ്ടുപോയതായും കണ്ടെത്തി. പരിശോധനകളിൽനിന്ന്‌ രക്ഷപ്പെടാനായിരുന്നു ഇതെന്നാണ്‌ വിജിലൻസ്‌ കണ്ടെത്തൽ. 
 കണ്ണൂർ കോട്ടയുടെ ചരിത്രത്തിന്‌ ദൃശ്യവിരുന്നൊരുക്കുകയായിരുന്നു ലൈറ്റ്‌ ആൻഡ്‌ സൗണ്ട്‌ ഷോയിലൂടെ ലക്ഷ്യമിട്ടത്‌. അറക്കൽ, ചിറക്കൽ രാജവംശത്തിന്റെ ചരിത്രവും ഷോയിലൂടെ അനാവരണം ചെയ്യുമെന്നും പ്രചാരണമുണ്ടായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top