27 July Saturday

ഷീലയ്ക്കു വീടൊരുക്കി കാർഡിയാക് ഫോറം

വെബ് ഡെസ്‌ക്‌Updated: Saturday Feb 9, 2019


പറവൂർ
എറണാകുളം, ഇടുക്കി ജില്ലകളിലെ ഹൃദ്രോഗവിദഗ്ധരുടെ സംഘടനയായ കൊച്ചിൻ കാർഡിയാക് ഫോറത്തിന്റെ ഭവനനിർമാണ പദ്ധതിയിലെ ആദ്യവീടിന്റെ താക്കോൽ നീണ്ടൂർ മഠത്തിപ്പറമ്പിൽ ഷീല സന്തോഷിനു മന്ത്രി എ കെ ശശീന്ദ്രൻ കൈമാറി. പ്രളയത്തിൽ വീടു നഷ്ടപ്പെട്ട ഷീലയ്ക്കും കുടുംബത്തിനും വേണ്ടി 550 ചതുരശ്രയടിയുള്ള വീടാണു നിർമിച്ചത്. ഷീല വീട്ടമ്മയാണ്. ഭർത്താവ് സന്തോഷ് ചുമട്ടുതൊഴിലാളിയാണ്. ഒരു മകളെ വിവാഹംചെയ്തയച്ചു. ഇവർക്കൊപ്പമുള്ള ഇളയമകൾ ഭിന്നശേഷിക്കാരിയാണ്. ‘പുനർജനി പറവൂരിനു പുതുജീവൻ’ പദ്ധതിയുടെ ഭാഗമായാണ‌് കൊച്ചിൻ കാർഡിയാക് ഫോറം ഭവനനിർമാണം ഏറ്റെടുത്തത്.

പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ആദ്യഘട്ടത്തിൽ സംഘടന അഞ്ചുലക്ഷം രൂപയുടെ മരുന്നുകൾ നൽകിയിരുന്നു. രണ്ടാംഘട്ടമായി വിവിധ ജില്ലകളിലെ 21 സ്കൂളുകളിലുള്ള രണ്ടായിരത്തോളം കുട്ടികൾക്ക് 1000 രൂപയുടെ സ്കൂൾക്കിറ്റുകൾ നൽകി. മൂന്നാഘട്ടമായാണു ഭവനനിർമാണപദ്ധതി നടപ്പാക്കുന്നത്. നാലു വീടുകൾ നിർമിച്ചുനൽകാൻ പദ്ധതിയുണ്ടെന്നു ഫോറം പ്രസിഡന്റ് ഡോ. ജാബിർ അബ്ദുല്ലക്കുട്ടി പറഞ്ഞു. ചടങ്ങിൽ വി ഡി സതീശൻ എംഎൽഎ അധ്യക്ഷനായി. ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ് എ ഐ നിഷാദ്, വൈസ് പ്രസിഡന്റ് ട്രീസ ബാബു, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ പി എസ് ഷൈല, പറവൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം പി ആർ സൈജൻ, പഞ്ചായത്ത് അംഗങ്ങളായ മായ മധു, എം എസ് സജീവ്, ഡോ. സജി സുബ്രഹ്മണ്യൻ, ഡോ. ഈപ്പൻ പുന്നൂസ് എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top