27 July Saturday

മലവെള്ളം തടഞ്ഞ്‌ സംഭരണി നിറയ്‌ക്കും, ഇത്‌ പുത്തൂർ മാതൃക മലവെള്ളം തടഞ്ഞ്‌ സംഭരണി നിറയ്‌ക്കും, ഇത്‌ പുത്തൂർ മാതൃക

സ്വന്തം ലേഖകൻUpdated: Wednesday May 31, 2023
തൃശൂർ
 പുത്തൂർ സുവോളജിക്കൽ പാർക്കിൽ  നാലിടത്ത്‌ മഴ വെള്ള സംഭരണികൾ ഒരുങ്ങി. മലയിൽ നിന്ന്‌ ഒഴുകിയെത്തുന്ന വെള്ളം തടഞ്ഞ്‌  സംഭരിക്കാനുൾപ്പെടെ  വൻ കുളങ്ങളാണ്‌ കുഴിച്ചിട്ടുള്ളത്‌. അടിയിൽ ടാർപായ വിരിച്ച്‌ ജലം സംഭരിക്കും. ആധുനിക ജല പുനരുപയോഗ സംവിധാനവും സജ്ജമാക്കും.  പാർക്കിലേക്ക്‌  എത്തിക്കുന്ന പക്ഷി–-  മൃഗാദികൾക്ക്‌  ജലലഭ്യത ഉറപ്പാക്കാനാണ്‌  സംവിധാനങ്ങൾ ഒരുക്കുന്നത്‌.  പുത്തൂരിലൂടെ കടന്നുപോവുന്ന മണലിപ്പുഴയിൽനിന്ന്‌ വെള്ളമെത്തിക്കാനും  സമീപത്തെ കരിങ്കൽ ക്വാറികളിലെ ജലം ശുദ്ധീകരിച്ച്‌ ഉപയോഗിക്കാനും പദ്ധതിയുണ്ട്‌.
നിലവിൽ   അഡ്മിനിസ്‌ട്രേഷൻ ബ്ലോക്ക്, പ്രൈമറി ബ്ലോക്ക്, പുൽമേട് പക്ഷികളുടെ പ്രദേശം, ജൈവവൈവിധ്യ വിഭാഗം  എന്നിവയ്ക്ക് സമീപങ്ങളിലായാണ്‌  വലിയ കുളങ്ങൾ കുഴിച്ച്‌ മഴവെള്ള സംഭരണികൾ നിർമിച്ചിട്ടുള്ളത്‌.  മലമുകളിൽ നിന്നും ഒഴുകിയെത്തുന്ന വെള്ളവും    മഴയിൽ  കാനകൾ കവിയുന്ന വെള്ളവും സംഭരിക്കാം.   ജല സംരക്ഷണത്തിനൊപ്പം  മണ്ണിലെ ഈർപ്പം സംരക്ഷിക്കുന്നതിന്റെയും മികച്ച  മാതൃകയാണ്‌ പാർക്കിൽ നടപ്പാക്കുന്നത്‌. .
  പ്രതിദിനം ഒമ്പത്‌ ലക്ഷം ലിറ്റർ വെള്ളമാണ്  പാർക്കിലേക്ക്‌ ആവശ്യം. മണലിപ്പുഴയിൽനിന്ന് പ്രതിദിനം  നാലുലക്ഷം ലിറ്ററാണ്‌  എടുക്കുന്നത്‌.  നാല്‌ മഴവെള്ള സംഭരണികളിൽനിന്ന് 20 ലക്ഷം ലിറ്റർ  വെള്ളം മഴക്കാലത്ത്  ലഭിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നതായി  സുവോളജിക്കൽ പാർക്ക്‌ ഡയറക്ടർ  ആർ കീർത്തി പറഞ്ഞു.  പാർക്കിൽ രണ്ട്‌  മലിനജല സംസ്കരണ പ്ലാന്റുണ്ട്.   75,000 ലിറ്റർ പ്രതിദിനം സംസ്‌കരിക്കാം.  ഇതിൽ 70 ശതമാനം വെള്ളം പുനരുപയോഗിക്കാം. തോട്ടങ്ങൾ നനയ്‌ക്കുന്നതിനാണ്‌ ഈ ജലം ഉപയോഗിക്കുക.   50 ലക്ഷം രൂപയാണ്  പ്ലാന്റിന്റെ  ചെലവ്‌.  പാർക്കിൽ കൃത്യമായ കാനകൾ നിർമിച്ച്‌ മഴവെള്ള സംഭരണികളിലേക്ക്‌ വെള്ളമെത്തിക്കാൻ സംവിധാനമുണ്ടെന്നും അവർ പറഞ്ഞു.
 പുത്തൂരിൽ 136.85 ഹെക്ടറിലാണ്‌ 309 കോടി  ചെലവിൽ ഏഷ്യക്ക്‌ മാതൃകയാവുന്ന സുവോളജിക്കൽ പാർക്ക്‌ പൂർത്തിയാവുന്നത്‌. അടുത്തമാസം പക്ഷി–- മൃഗാദികളെ എത്തിച്ചു തുടങ്ങും.  കേവലം മൃഗശാലയ്‌ക്കു പകരം  പക്ഷി–- മൃഗാദികളുടെ തനത്‌ ആവാസ വ്യവസ്ഥകൾ  പുനസൃഷ്ടിക്കുന്നതിന്‌  അനുയോജ്യമായ ലക്ഷക്കണക്കിന്‌  ചെടികളും വനവൃക്ഷങ്ങളും  പാർക്കിൽ നട്ടുപിടിപ്പിക്കുന്നുണ്ട്‌.  ഈ ആവശ്യങ്ങൾക്കുൾപ്പെടെ   കൂടുതൽ  ജലലഭ്യത  ഉറപ്പാക്കുന്നതിനാണ്‌  മഴവെള്ള സംഭരണികൾ നിർമിച്ചത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top