09 June Friday

പ്രതി കുറ്റക്കാരൻ, ശിക്ഷാവിധി ഇന്ന്‌

സ്വന്തം ലേഖകൻUpdated: Friday Mar 31, 2023

പ്രതി അരുൺ

തിരുവനന്തപുരം   
വിവാഹാഭ്യർഥന നിരസിച്ചതിന്‌ പട്ടാപ്പകൽ വീട്ടിൽക്കയറി യുവതിയെ കുത്തിക്കൊന്ന യുവാവ്‌ കുറ്റക്കാരനെന്ന്‌ കോടതി. 
നെടുമങ്ങാട്‌ കരിപ്പൂര് ഉഴപ്പാക്കോണം പുത്തൻ ബംഗ്ലാവിൽ വാടകയ്ക്ക് താമസിച്ച ശിവദാസന്റെയും വത്സലയുടെയും ഏക മകൾ സൂര്യഗായത്രിയെ (20) യെ കൊലപ്പെടുത്തിയ കേസിൽ പേയാട് ചിറക്കോണം വാറുവിളാകത്ത് വീട്ടിൽ അരുൺ (29) ആണ്‌ കുറ്റക്കാരനെന്ന് കോടതി വിധിച്ചത്‌.
കൊലപാതകം, കൊലപാതകശ്രമം, ഭവന ഭേദനം, കുറ്റകരമായ ഭയപ്പെടുത്തൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞതായി തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് ജഡ്ജി കെ വിഷ്ണു വിധിച്ചു. ശിക്ഷ വെള്ളിയാഴ്‌ച വിധിക്കും. പ്രേമനൈരാശ്യവും വിവാഹാലോചന നിരസിച്ചതിലുള്ള വിരോധവുമാണ് കൊലപാതക കാരണം. 2021 ആഗസ്‌ത്‌ 30ന്‌ പകൽ രണ്ടോടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. സൂര്യഗായത്രിയുടെ വീടിന്റെ അടുക്കള വാതിലിലൂടെ അകത്തുകടന്ന അരുൺ, സൂര്യയെ തലങ്ങുംവിലങ്ങും കുത്തുകയായിരുന്നു. മകളെ ആക്രമിക്കുന്നതുകണ്ട് തടയാൻ ശ്രമിച്ച ഭിന്നശേഷിക്കാരിയായ വത്സലയ്‌ക്കും കുത്തേറ്റു. സൂര്യയുടെ തല മുതൽ കാൽ വരെ 33 ഇടങ്ങളിലാണ് കുത്തേറ്റത്‌. തല ചുമരിലിടിപ്പിച്ച് പലവട്ടം മുറിവേൽപ്പിച്ചു. സൂര്യ അബോധാവസ്ഥയിലായിട്ടും ഇയാൾ വീണ്ടും  കുത്തി. സൂര്യയുടെ അച്ഛൻ ശിവദാസൻ നിലവിളിച്ചതോടെ അരുൺ ഓടി. സമീപത്തെ വീടിന്റെ ടെറസിൽ ഒളിക്കാൻ ശ്രമിക്കവെ നാട്ടുകാരും പൊലീസും ചേർന്നാണ്‌ അരുണിനെ പിടികൂടിയത്‌.  
സൂര്യഗായത്രിയെ വിവാഹം ചെയ്ത് നൽകാത്ത വിരോധമാണ് കൊലയ്‌ക്ക് പ്രേരിപ്പിച്ചതെന്ന് കണ്ടെത്തിയതായി അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായ എസ്‌എച്ച്‌ഒ ബി എസ്‌ സജിമോന്റെ മൊഴി നിർണായക തെളിവായി. കേസിൽ 39 സാക്ഷികളെ വിസ്തരിച്ചു. 
64 രേഖയും 49 തൊണ്ടിമുതലും ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി എം സലാഹുദ്ദീൻ,  വിനു മുരളി,  മോഹിത മോഹൻ, അഖില ലാൽ,  ദേവിക മധു എന്നിവർ ഹാജരായി. എസ്‌എച്ച്‌ഒയ്‌ക്ക്‌ പുറമെ സിവിൽ പൊലീസ്‌ ഓഫീസർമാരായ ആർവി സനൽരാജ്, എസ്‌ ദീപ എന്നിവരാണ് കേസ്‌ അന്വേഷിച്ചത്‌.
 
പേടിച്ച്‌ വാടക വീടുകൾ മാറിമാറിക്കഴിഞ്ഞിട്ടും...
നെടുമങ്ങാട്‌
ഒടുങ്ങാത്ത പകയിൽ നടത്തിയ കൊടും ക്രൂരതയ്‌ക്ക്‌ പരമാവധി ശിക്ഷ പ്രതിക്ക്‌ ലഭിക്കുമെന്നാണ്‌  നാട്ടുകാരുടെയും ഉറ്റവരുടെയും പ്രതീക്ഷ. ശാരീരിക വൈകല്യമുള്ള മാതാപിതാക്കളുടെ ഏക മകളെ ഇല്ലാതാക്കിയതോടെ ഒരുനിർധന കുടുംബത്തിന്റെ ജീവിതമാകെയാണ്‌ ഇരുട്ടിലാക്കിയത്‌.  
അരുണിന്റെ ക്രിമിനൽ പശ്ചാത്തലമായിരുന്നു സൂര്യഗായത്രിയെയും വീട്ടുകാരെയും വിവാഹാഭ്യർഥന നിരസിക്കാൻ പ്രേരിപ്പിച്ചത്‌. ഇരുകാലുകളും പൂർണമായും തളർന്ന അമ്മ വത്സല ലോട്ടറി വിറ്റാണ്‌ ഏകമകളെ വളർത്തിയത്. നെടുമങ്ങാട് കല്ലിംഗൽ ഭാഗത്തെ ബിവറേജസ് ഷോപ്പിൽ മദ്യംവാങ്ങാൻ എത്തുന്നവർക്ക് ലോട്ടറി നൽകിവന്ന കാലത്ത് സഹായിയായി അന്ന് ഹയർസെക്കൻഡറി വിദ്യാർഥിനിയായിരുന്ന മകൾ സൂര്യയും  അമ്മയോടൊപ്പം കൂടിയിരുന്നു. ആ സമയത്താണ് മദ്യം വാങ്ങാൻ ബിവറേജസിൽ പതിവായി എത്തിയിരുന്ന അരുൺ ഇവരുമായി സൗഹൃദത്തിലാകുന്നത്. ഇത് സൂര്യയോടുള്ള പ്രണയമായി വളർന്നു. പിന്നീടത് പ്രണയാഭ്യർഥനയിലേക്കും വിവാഹാഭ്യർഥനയിലേക്കും വികസിച്ചു. അരുണിന്റെ വിവാഹാഭ്യർഥന നിരസിച്ചത്‌ കൊലപാതകത്തിനും രണ്ടു വർഷം മുമ്പായിരുന്നു. തുടർന്ന്‌ കൊല്ലം സ്വദേശിയെ സൂര്യ വിവാഹം കഴിച്ചു. ഭർത്താവിനെയും അരുൺ ഫോണിൽ നിരന്തരം ഭീഷണിപ്പെടുത്തി.  ഇത്‌ അവരുടെ ദാമ്പത്യത്തിലും വിള്ളലുണ്ടാക്കി. തുടർന്ന്‌ സൂര്യ വീട്ടിലേക്ക്‌ മടങ്ങി. 
ക്രിമിനലായ അരുൺ ആക്രമിക്കുമെന്നറിയാമായിരുന്ന  കുടുംബം വിവിധ ഇടങ്ങളിൽ വാടകയ്‌ക്ക്‌ മാറിമാറിക്കഴിഞ്ഞു. അവിടങ്ങളെല്ലാം അരുൺ കണ്ടെത്തി. 
 
സൂര്യ സ്വയം
കുത്തിയെന്ന വാദം പൊളിഞ്ഞു
തിരുവനന്തപുരം
സൂര്യഗായത്രിയുടെ കുടുംബത്തിന് അരുൺ നൽകിയ സ്വർണവും പണവും തിരിച്ചു വാങ്ങാൻ എത്തിയപ്പോഴുണ്ടായ വാക്കുതർക്കത്തിനിടെ സൂര്യഗായത്രി സ്വയം കുത്തി മരിക്കുകയായിരുന്നു എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാൽ അരുണിന്റെ ക്രിമിനൽ പശ്‌ചാത്തലവും ശാസ്‌ത്രീയ റിപ്പോർട്ടുകളും സാക്ഷിമൊഴികളും നിരത്തി കേസ്‌ തെളിയിക്കാൻ പ്രോസിക്യൂഷനായി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top