31 March Friday

ഓടിത്തളര്‍ന്നാലും മരുന്നുതരാന്‍ ഇവരുണ്ട്

നന്ദു വിശ്വംഭരന്‍Updated: Sunday Mar 19, 2023
തൊടുപുഴ
ഓടിത്തളർന്നെത്തുന്ന സ്വകാര്യബസുകൾക്ക് തൊടുപുഴയിൽ ഡോക്‍ടർമാരുണ്ട്. ഒന്നല്ല, നാലുപേർ. നഗരസഭ സ്റ്റാൻഡിലെത്തുന്ന 250 ലേറെ ബസുകൾക്ക് അടിയന്തര ചികിത്സനൽകി. അടുത്ത ട്രിപ്പിന് തയ്യാറാക്കുകയാണ് ദൗത്യം. തൊടുപുഴ നെടിയശാല പൊന്നോത്ത് സാജു സെബാസ്റ്റ്യൻ, കുന്നം നെല്ലിക്കൽ ശശി തങ്കപ്പൻ, മൂന്നാർ, വട്ടവട എന്നിവിടങ്ങളിൽനിന്ന് തൊടുപുഴയിൽ സ്ഥിരതാമസക്കാരായ ​ഗണേഷ്‍കുമാർ, രമേശ് രാമർ എന്നിവരാണ് ബസുകൾക്ക് അതിവേ​ഗം പുതുജീവൻ നൽകുന്നത്. ബ്രേക്ക് പ്രശ്നം, ഗിയർ ബോക്സ്, ഓയിൽ മാറ്റം, സ്റ്റാർട്ടിങ്, ഫാൻ ബെൽറ്റ്, വെള്ളം ലീക്ക് തുടങ്ങി വാഹനങ്ങളുടെ ഓട്ടം മുടക്കുന്ന എന്ത് പ്രശ്‍നമായാലും ഇവർ അതിവേ​ഗം പരിഹരിക്കും. ബസുകൾ സ്റ്റാൻഡിലെത്തിയാൽ ഇവർക്ക് വിളിയെത്തും. വേ​ഗമാണ് പ്രധാനം. ബസുകളുടെ ചാല് മുടങ്ങാതെ നോക്കണം. ഹൈറോഞ്ചുകാരനായ സാജു പറഞ്ഞു. 32 വർഷത്തോളമായി തൊടുപുഴയിലെത്തിയിട്ട്. മുമ്പ് നെല്ലിമറ്റത്തും കോതമം​ഗലത്തും വിവിധ വർക്ക്ഷോപ്പുകളിൽ നിന്നു. തൊടുപുഴയിലാണ് കൂടുതൽ. ഇവിടെ ഡ്രൈവിങ് പഠിച്ച് ലൈസൻസെടുത്തു. തുടർന്ന് കുറച്ചുനാൾ ബസ് ഓടിച്ചു. 24 വർഷം മുമ്പാണ് ബസ് സ്റ്റാൻഡിൽ പണി തുടങ്ങിയത്. 
   രാവിലെ എട്ടോടെ സ്റ്റാൻഡിലെത്തും. പണിക്കനുസരിച്ചാണ് തിരിച്ചുപോക്ക്. ദിവസം 300 മുതൽ 2000 രൂപവരെ വരുമാനമുണ്ടാകാറുണ്ട്. 20 വർഷത്തിലേറെയായി സ്റ്റാൻഡിൽ ബസ് പണിയുന്ന ശശി പറയുന്നു. ചെറുപ്പത്തിലേ വാഹനങ്ങളോടുള്ള ഇഷ്‍ടമാണ് മേഖലയിലേക്കെത്തിച്ചത്. വർക്ക്ഷോപ്പുകളിൽനിന്ന് മെക്കാനിക്ക് പഠിച്ചു. അൽപ്പം ചൂട് കൊള്ളണം, കൈ പൊള്ളും. എങ്കിലും ജീവിതം മുന്നോട്ട് പോകുന്നത് ഇതുകൊണ്ടാണ്. ശശി പറയുന്നു.
 ഗണേഷ്‍കുമാർ മൂന്നാർനിന്ന് പഠിക്കുന്ന പ്രായത്തിലെ തൊടുപുഴയിലെത്തി. 17 വർഷമായി സ്റ്റാൻഡിലുണ്ട്. ഇപ്പോൾ പുത്തൻ വണ്ടികളാണ്, അവയ്‍ക്ക് പണി കുറവായിരിക്കും. ബസിന്റെ ചൂടും ലൈനറിൽനിന്നുള്ള പൊടിയും പ്രശ്‍നമാണ്. ​ഗണേഷ് പറഞ്ഞു. വട്ടവടക്കാരൻ രമേശ് 40 വർഷമായി തൊടുപുഴക്കാരനാണ്. സ്റ്റാൻഡിൽ 30 വർഷം. പഠിക്കുമ്പോഴേ വാഹനങ്ങളോട് ഇഷ്‍ടമാണ്. പണി പഠിച്ചത് തൊടുപുഴയിലെത്തിയശേഷം. സ്വന്തമായി ഒരു തൊഴിൽ ചെയ്യണമെന്ന ആ​ഗ്രഹമാണ് മെക്കാനിക് ആകാനും സ്റ്റാൻഡിലെത്താനുമുള്ള പ്രേരണ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top