27 July Saturday
സൂപ്പർ കപ്പ്‌ ഫുട്‌ബോൾ ഒമ്പതുമുതൽ യോഗ്യതാമത്സരം മൂന്നിന്‌ തുടങ്ങും

പയ്യനാടിന്റെ മൈതാനം തയ്യാർ ആരവങ്ങളേ, കൂടെ വരൂ...

സ്വന്തം ലേഖകൻUpdated: Saturday Apr 1, 2023

മലപ്പുറം പയ്യനാടിന്റെ പുൽമൈതാനത്ത്‌ വീണ്ടും ആവേശം പടരും.

മലപ്പുറം
പയ്യനാടിന്റെ പുൽമൈതാനത്ത്‌ വീണ്ടും ആവേശം പടരും. രാജ്യത്തെ വമ്പൻ ക്ലബ്ബുകൾ എറ്റുമുട്ടുന്ന സൂപ്പർകപ്പ്‌ ഫുട്‌ബോളിന്റെ യോഗ്യതാ മത്സരങ്ങൾക്ക്‌ മൂന്നിന്‌ തുടക്കം. ഒമ്പതുമുതലാണ്‌ സൂപ്പർകപ്പ്‌ മത്സരം.  ബി, ഡി ഗ്രൂപ്പ്‌ മത്സരങ്ങൾക്കും ഒരു സെമി ഫൈനലിനും പയ്യനാട്‌ വേദിയാകും. വൈകിട്ട്‌ 5.30നും രാത്രി 8.30നുമാണ്‌ കളി. 
കഴിഞ്ഞവർഷം ഏപ്രിലിൽ സന്തോഷ്‌ട്രോഫി ടൂർണമെന്റിന്‌ പയ്യനാട്‌ സ്‌റ്റേഡിയത്തിലേക്ക്‌ കാണികളുടെ ഒഴുക്കായിരുന്നു. റംസാൻ നാളുകളായിട്ടും ഗ്യാലറി നിറഞ്ഞുകവിഞ്ഞു. കേരളത്തിന്റെ കളിയുള്ള ദിവസങ്ങളിൽ നേരത്തെ എത്തിയവർ ഗ്യാലറിയിലിരുന്ന്‌ നോമ്പുതുറക്കുന്ന കാഴ്‌ച. കാൽപ്പന്തിനെ ഹൃദയമാക്കിയ ജനത  സൂപ്പർകപ്പിനെയും ആഘോഷമാക്കും. 
സന്തോഷ്‌ട്രോഫി ഫൈനൽ കാണാൻ സ്‌റ്റേഡിയത്തിൽ കയറിയ അത്രത്തോളം പേർതന്നെ പുറത്തുമുണ്ടായിരുന്നു. സ്‌റ്റേഡിയത്തിൽ കാണികൾക്ക്‌ ഇരിക്കാനുള്ള സൗകര്യം വർധിപ്പിക്കുമെന്ന്‌ മന്ത്രി വി അബ്ദുറഹ്മാൻ പ്രഖ്യാപിച്ചിരുന്നു. അതിനുള്ള നടപടികൾ കായിക വകുപ്പ്‌ സ്വീകരിച്ചുവരികയാണ്‌. 
ഐ ലീഗിൽ ഈ സീസണിൽ ഗോകുലം കേരള എഫ്‌സിയുടെ ഹോം ഗ്രൗണ്ടായിരുന്നു പയ്യനാട്‌. വൈകിട്ട്‌ നാലരയ്‌ക്ക്‌ നടന്ന ഐ ലീഗ്‌ മത്സരം കാണാൻ പ്രതീക്ഷിച്ചത്ര കാണികൾ എത്തിയില്ല. സൂപ്പർകപ്പിലെ ഇന്ത്യയിലെ ഒന്നാംനിര ടീമുകളായ ഈസ്‌റ്റ്‌ ബംഗാൾ, മുബൈസിറ്റി, നോർത്ത്‌ ഈസ്‌റ്റ്‌ യുണൈറ്റഡ്‌, ചെന്നൈയിൻ എഫ്‌സി, ഹൈദരബാദ്‌ എഫ്‌സി, ഒഡീഷ എഫ്‌സി അടക്കമുള്ള ടീമുകൾ മലപ്പുറത്തിന്റെ മണ്ണിൽ പന്തുതട്ടുമ്പോൾ ആരവങ്ങളുടെ ആൾപ്പൂരം തീർച്ച. 
എഎഫ്‌സി ചാമ്പ്യൻസ്‌ ലീഗിലേക്കുള്ള ടീമിനെ തെരഞ്ഞെടുക്കാനുള്ള മത്സരവും പയ്യനാട്ടാണ്‌. നാലിന്‌ രാത്രി എട്ടരയ്‌ക്ക്‌ മുബൈ എഫ്‌സിയും ജംഷഡ്‌പുർ എഫ്‌സിയും മാറ്റുരക്കും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top