27 July Saturday

അറിവായവർ പടിയിറങ്ങി

സുധ സുന്ദരൻUpdated: Saturday Apr 1, 2023

കെ ആർ നാൻസി വിദ്യാർഥികൾക്കൊപ്പം (ഫയൽ ചിത്രം)

 മലപ്പുറം 

അവസാന ബെല്ലും മുഴങ്ങി... ചൂടുപിടിച്ച പരീക്ഷാക്കാലത്തുനിന്ന്‌, കുരുന്നുകളുടെ കുസൃതിയ്‌ക്കും പഠനത്തിനും പാഠങ്ങൾക്കുമിടയിൽനിന്ന്‌ അവർ പടിയിറങ്ങി. ജീവിതത്തിന്റെ ഭാഗമായ ക്ലാസും സ്‌കൂളും സമ്മാനിച്ച ഒരുപിടി ഓർമകളുമായി ജില്ലയിലെ സർക്കാർ, എയ്‌ഡഡ്‌ സ്‌കൂളുകളിൽനിന്ന്‌ ഈവർഷം വിരമിക്കുന്നത്‌ 934 അധ്യാപകർ.
‘പഠിച്ചും പഠിപ്പിച്ചും ജീവിതത്തിന്റെ വലിയ കാലയളവും ചെലവിട്ടത്‌ വിദ്യാലയത്തിലായിരുന്നു. നാലാംക്ലാസ്‌ ടീച്ചറാണ്‌ എന്റെ മാതൃക. 25 വർഷം ഞാനും നാലിലെ അധ്യാപികയായി. 35 വർഷത്തെ അധ്യാപനം’–- കെ ആർ നാൻസി പറഞ്ഞു തുടങ്ങി.   
1988–-ൽ വലിയാട്‌ യുഎഎച്ച്‌എം എൽപി സ്‌കൂളിൽ നാലാംക്ലാസ്‌ അധ്യാപികയായാണ്‌ തുടക്കം. 25 വർഷം നാലാം ക്ലാസുകാരെ പഠിപ്പിച്ചു. പിന്നീട്‌ ഒന്നിലും രണ്ടിലും അധ്യാപനം. 34 വർഷം വലിയാടായിരുന്നു. കഴിഞ്ഞ വർഷം ചേങ്ങോട്ടൂർ എഎംഎൽപി സ്‌കൂളിൽ പ്രധാനാധ്യാപികയായി. ഇതിനിടെ രണ്ടുതവണ പിഎസ്‌സി കിട്ടിയെങ്കിലും പോയില്ല. കാലത്തിനൊപ്പം വിദ്യാഭ്യാസവും കുട്ടികളും മാറി. ഇന്നത്തെ സാഹചര്യങ്ങൾക്കും സൗകര്യങ്ങൾക്കും ഒപ്പം കുട്ടികളുടെ കഴിവിലും മികവ്‌ കാണാം. മാറ്റമില്ലാതെ തുടരുന്നത്‌ അവരുടെ സ്‌നേഹമാണ്‌. വലിയാട്‌ സ്‌കൂളിലെ കുട്ടികൾ ഇന്നും എന്റെ  ജന്മദിനത്തിൽ മധുരം പങ്കുവയ്‌ക്കുന്നു. അത്‌ ഹൃദയത്തിൽ മായാത്ത ഒരോർമയാണ്‌. എന്റെ കുട്ടികളാണ്‌ എന്റെ സമ്പാദ്യം –- നാൻസി ടീച്ചർ പറഞ്ഞു. മെയ്‌ 31–-നാണ്‌ ടീച്ചർ ഔദ്യോഗികമായി സർവീസിൽനിന്ന്‌ വിരമിക്കുന്നത്‌. കെഎസ്‌ടിഎ ജില്ലാ പ്രസിഡന്റായിരുന്നു. വെള്ളിയാഴ്‌ച  52ൽ അധികം അധ്യാപകരാണ്‌ സർവീസ്‌ പൂർത്തിയാക്കി പടിയിറങ്ങിയത്‌. 934 അധ്യാപകർ ഈവർഷം സർവീസ്‌ പൂർത്തിയാക്കും. ഇതിൽ 449–- പേർ കെഎസ്‌ടിഎ പ്രവർത്തകരാണ്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top