27 July Saturday

പുതിയ ഇനം ജലക്കരടിയെ കണ്ടെത്തി കുസാറ്റ്; ആദരസൂചകമായി എ പി ജെ അബ്‌ദുൾകലാമിന്റെ പേര് നൽകി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 19, 2023

ബാറ്റിലിപ്പെസ് കലാമിയുടെ മൈക്രോസ്കോപിക് ചിത്രം

കൊച്ചി > സൂക്ഷ്‌മ ജലജീവിയായ കടൽ ടാർഡി​ഗ്രേഡിന്റെ (ജലക്കരടി) പുതിയ ഇനത്തെ കണ്ടെത്തി കുസാറ്റിലെ ​ഗവേഷകർ. തമിഴ്‌നാട്ടിൽനിന്നുമാണ് പുതിയ ജലക്കരടിയെ കണ്ടെത്തിയത്. മുൻ രാഷ്‌ട്രപതി ഡോ. എ പി ജെ അബ്‌ദുൾ കലാമിനോടുള്ള ആദരസൂചകമായി പുതിയ ജലക്കരടിക്ക് അദ്ദേഹത്തിന്റെ പേര് നൽകിയതായി ​ഗവേഷകർ പറഞ്ഞു. ബാറ്റിലിപ്പെസ് കലാമി (Batillipes kalami) എന്നാണ് പേര്. ഇന്ത്യൻ ശാസ്‌ത്രസാങ്കേതിക ലോകത്ത് അനേകം സംഭാവന ചെയ്‌ത അബ്‌ദുൾ കലാമിന്റെ പങ്കിനെ ആദരിച്ചുകൊണ്ടാണ് പേര് നൽകിയതെന്ന് മറൈൻ സയൻസ് വിഭാ​ഗം ഡീനും സീനിയർ പ്രൊഫസറുമായ ഡോ. എസ് ബിജോയ് നന്ദൻ പറഞ്ഞു.

ഭൂമിയിലെ ഏറ്റവും കഠിനമായ പാരിസ്ഥിതിക സാഹചര്യത്തെ പോലും അതിജീവിക്കാൻ കെൽപ്പുള്ളവയാണ് സൂക്ഷ്‌മ ജലജീവിയായ ടാർഡിഗ്രേഡ്.  കേവലം 0.17 മില്ലിമീറ്റർ നീളവും 0.05 മില്ലിമീറ്റർ വീതിയുമുള്ള ബാറ്റിലിപ്പെസ് കലാമിയെ രാമേശ്വരത്തിനടുത്തുള്ള മണ്ഡപം തീരത്തുനിന്നാണ് ഗവേഷകർക്ക് ലഭിച്ചത്. കൊച്ചിൻ ശാസ്‌ത്രസാങ്കേതിക സർവ്വകലാശാലയുടെ കീഴിലുള്ള മറൈൻ ബയോളജി വിഭാഗത്തിൽപെട്ട ഗവേഷക വിദ്യാർഥിയായ എൻ കെ വിഷ്‌ണുദത്തനും ഡോ. എസ് ബിജോയ് നന്ദനുമാണ് ശാസ്‌ത്രലോകത്തിനായി സൂക്ഷ്മജീവിയെ സമർപ്പിച്ചത്.

 സീനിയർ പ്രൊഫ. ഡോ. എസ് ബിജോയ് നന്ദനും ഗവേഷക വിദ്യാർഥി എൻ കെ വിഷ്ണുദത്തനും

സീനിയർ പ്രൊഫ. ഡോ. എസ് ബിജോയ് നന്ദനും ഗവേഷക വിദ്യാർഥി എൻ കെ വിഷ്ണുദത്തനും



ഇതാദ്യമായാണ് ഇന്ത്യയുടെ കിഴക്കൻ തീരത്ത് നിന്നും ഒരു കടൽ ടാർഡിഗ്രേഡിനെ കണ്ടെത്തുന്നത്. 2021 ൽ ഇതേ ഗവേഷക സംഘമാണ് തെക്ക് പടിഞ്ഞാറൻ തീരത്ത് നിന്നും കേരളത്തിന്റെ നാമധേയത്തിൽ സ്റ്റൈഗർക്ട്‌സ് കേരളൻസിസ്‌ (Stygarctus keralensis) ടാർഡിഗ്രേഡിനെ കണ്ടെത്തിയത്.
 
ആയിരത്തി മുന്നൂറിൽപ്പരം ജീവികൾ ഉൾപ്പെടുന്ന ടാർഡിഗ്രേഡ എന്ന ഫൈലത്തിൽ ഉൾപ്പെടുന്നതാണ് ഈ പുതിയ ഇനം ജീവി വർഗം. ഇവയിൽ പതിനേഴ് ശതമാനത്തോളം സമുദ്രജീവികളാണ്. പ്രസ്‌തുത ജനുസിന് കീഴിലുള്ള പുതിയ ഇനം ജീവികളെ വേർതിരിച്ചറിയാൻ പ്രയാസകരമാണ്. ടാർഡിഗ്രേഡുകളെക്കുറിച്ച് ഇന്ത്യയിൽ നിന്നുമുള്ള പഠനങ്ങൾ വികസിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണെന്ന് ഡോ. എസ് ബിജോയ് നന്ദൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top