സമരസാഗര സംഗമം

തൃശൂര്‍ > ഭാരതപ്പുഴയോരംമുതല്‍ തെക്ക് ചാലക്കുടി പുഴയോരംവരെ ജില്ലയില്‍ അണിചേര്‍ന്ന ജനകീയപ്രതിരോധത്തില്‍ അലയടിച്ചത് മനുഷ്യനെ അടിമയാക്കുന്ന ഭരണവര്‍ഗനൃശംസതക്കെതിരായ അമര്‍ഷം. എണ്ണമറ്റ രക്തസാക്ഷികളുടെ ഹൃദ്രക്തം വീണ ചരിത്രഭൂമിയില്‍ ചെങ്കൊടിച്ചാരെ അണപൊട്ടിയ ജനരോഷം ഭരണവര്‍ഗത്തിനുള്ള കനത്ത താക്കീതായി. നാനാതുറകളില്‍പ്പെട്ടവര്‍ ഒരേ മനസ്സായി ജനവിരുദ്ധ ഭരണത്തിനെതിരെ കൈകോര്‍ത്തുനിന്ന് പ്രതിജ്ഞയെടുത്തപ്പോള്‍ അത് ഭാവികേരളത്തിന്റെ പ്രതീക്ഷാപൂര്‍വമായ വസന്താഗമനത്തിന് തെളിവായി. കേന്ദ്ര-സംസ്ഥാന ദുര്‍ഭരണത്തിനെതിരെ സിപിഐ എം ആഹ്വാനം ചെയ്ത ജനകീയ പ്രതിരോധം വിവിധതുറകളിലുള്ളവരുടെ പങ്കാളിത്തംകൊണ്ട് ആവേശാനുഭവമായി. പ്രതിരോധത്തിന്റെ പുതിയപാഠം സൃഷ്ടിച്ച പ്രക്ഷോഭസന്ദേശം നാടാകെ നെഞ്ചേറ്റിയതിന് തെളിവായി ജനപങ്കാളിത്തം. കേരളത്തിന്റെ സമരോത്സുകതയെ ത്രസിപ്പിച്ച അന്തിക്കാടിന്റെയും ആമ്പല്ലൂരിന്റെയും പരിയാരത്തിന്റെയും കുട്ടംകുളത്തിന്റെയും കൊടുങ്ങല്ലൂരിന്റെയും മണപ്പുറത്തിന്റെയും ഗുരുവായൂരിന്റെയും മണിമലര്‍ക്കാവിന്റെയും പിന്മുറക്കാര്‍ വീരോചിത പാരമ്പര്യം കാക്കുമെന്നതിന്റെ കരുത്തുറ്റ പ്രകടനമായിരുന്നു കാഴ്ചവച്ചത്. ചെറുതുരുത്തി പാലംമുതല്‍ പൊങ്ങംവരെ 72 കിലോമീറ്റര്‍ ദൂരത്തില്‍ രണ്ടുലക്ഷം പേരെ അണിനിരത്താനാണ് പാര്‍ടി ലക്ഷ്യമിട്ടതെങ്കിലും ലക്ഷ്യം കടത്തിവെട്ടുന്നതായി വിവിധ മേഖലകളിലെ ജനമുന്നേറ്റം. നിശ്ചിതകേന്ദ്രങ്ങളില്‍ ധര്‍ണയും പൊതുയോഗങ്ങളുമാണ് പ്രഖ്യാപിച്ചതെങ്കിലും പലയിടത്തും അതു മനുഷ്യമതിലിനു സമാനമായ ജനസംഗമവേദികളായി. തൊഴിലാളികള്‍, കര്‍ഷകര്‍, പട്ടിക വിഭാഗക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ തുടങ്ങി അക്കാദമിക് വിദഗ്ധരും അഭിഭാഷകരും അധ്യാപകരും ഐടി-മാനേജ്മെന്റ്-എന്‍ജിനിയറിങ് പ്രൊഫഷണലുകളും ഡോക്ടര്‍മാരും ചലച്ചിത്ര-നാടക പ്രവര്‍ത്തകരും വിദ്യാര്‍ഥികളും സംഗമത്തില്‍ പങ്കാളികളായി. സ്ത്രീകളുടെ അഭൂതപൂര്‍വമായ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു. ഉച്ചതിരിഞ്ഞതോടെ നിശ്ചിത പ്രതിരോധകേന്ദ്രങ്ങളിലേക്ക് ജനമെത്തിക്കൊണ്ടിരുന്നു. മുന്‍കൂട്ടി നിശ്ചയിച്ചതുപോലെ നാലു മുതല്‍ അഞ്ചുവരെയായിരുന്നു ധര്‍ണ. തുടര്‍ന്ന് പ്രതിജ്ഞയെടുത്തു. 39 കേന്ദ്രങ്ങളിലായിരുന്നു പൊതുയോഗങ്ങള്‍. തൃശൂര്‍ കോര്‍പറേഷനു മുന്നില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ബേബിജോണ്‍ ഉദ്ഘാടനം ചെയ്തു. പൊങ്ങം ചിറങ്ങരയില്‍ ജില്ലാ സെക്രട്ടറി എ സി മൊയ്തീനും അത്താണിയില്‍ സംസ്ഥാന കമ്മിറ്റിയംഗം എന്‍ ആര്‍ ബാലനും ചെറുതുരുത്തി സെന്ററില്‍ കെ രാധാകൃഷ്ണന്‍ എംഎല്‍എയും ഉദ്ഘാടനം ചെയ്തു.










0 comments