27 July Saturday

കിളികൊല്ലൂര്‍ സ്റ്റേഷനിൽ സഹോദരങ്ങൾക്ക്‌ മര്‍ദനമേറ്റെന്ന്‌ കമീഷണറുടെ റിപ്പോർട്ട്‌

വെബ് ഡെസ്‌ക്‌Updated: Sunday Nov 27, 2022


കൊല്ലം
കിളികൊല്ലൂർ സ്റ്റേഷനിൽ സൈനികൻ വിഷ്ണുവിനും സഹോദരൻ വി​​ഘ്നേഷിനും പൊലീസ് മർദനമേറ്റ സംഭവത്തിൽ സിറ്റി പൊലീസ് കമീഷണർ മെറിൻ ജോസഫ് മനുഷ്യാവകാശ കമീഷന് നൽകിയ റിപ്പോർട്ട് പുറത്ത്. സ്റ്റേഷനുള്ളിൽ ഇരുവർക്കും മർദനമേറ്റതായി റിപ്പോർട്ട് സ്ഥിരീകരിക്കുന്നു. വിഷ്ണുവിന്റെയും വി​ഘ്നേഷിന്റെയും ശരീരത്ത്‌ കാണപ്പെട്ട പരിക്ക് സ്റ്റേഷനിൽ വച്ചുതന്നെയുണ്ടായതാണ്. സംഭവത്തിൽ സസ്‌പെൻഷനിലുള്ള സിഐ കെ വിനോദ്, എസ്ഐ എ പി അനീഷ്, സ്റ്റേഷൻ റൈറ്റർ പ്രകാശ് ചന്ദ്രൻ, സിപിഒ മണികണ്ഠൻ, സ്ഥലംമാറ്റിയ ഗ്രേഡ്‌ എസ്‌ഐ ലഗേഷ്‌ എന്നിവരാണ് മർ​ദിച്ചതെന്ന് തെളിയിക്കാൻ സാക്ഷി മൊഴികളില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

പരാതിക്കാരനായ വിഘ്നേഷ്, സ്റ്റേഷനിൽ ഒപ്പമെത്തിയ സുഹൃത്ത് അമൽ, സംഭവസമയം സ്റ്റേഷനിലുണ്ടായിരുന്ന ആരോപണവിധേയർ ഉൾപ്പെടെ പൊലീസുകാർ,  മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായി സ്റ്റേഷനിലുണ്ടായിരുന്ന  ഉളിയക്കോവിൽ സ്വദേശി ഷാനവാസ് എന്നിവരുടെ മൊഴിയും സിസിടിവി ദൃശ്യവും പരിശോധിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്. സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തിരുന്നു. ഈ മാസം ഒമ്പതിനാണ് കമീഷണർ മറുപടി നൽകിയത്. ആ​ഗസ്‌ത്‌ 25നുണ്ടായ സംഭവം കൊല്ലം സിറ്റി സ്‌പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമീഷണറാണ് അന്വേഷി
ച്ചത്.
എം‍ഡിഎംഎ കേസുമായി ബന്ധമില്ല

എംഡിഎംഎ കേസിലെ പ്രതികളുമായി വിഘ്നേഷിനും സഹോദരൻ സൈനികനായ വിഷ്ണുവിനും ഒരു ബന്ധവുമില്ലെന്ന് സിറ്റി പൊലീസ് കമീഷണർ മെറിൻ ജോസഫ് മനുഷ്യാവകാശ കമീഷന് നൽകിയ റിപ്പോർട്ടിൽ പറയുന്നു. കേസിൽ കരുതൽ തടങ്കലിലായ അനന്തുവിനെ ജാമ്യത്തിലിറക്കാൻ നാട്ടുകാരൻ കൂടിയായ സിപിഒ മണികണ്ഠൻ വിളിച്ചിട്ടാണ് വിഘ്നേഷ് സുഹൃത്തായ അമലിനൊപ്പം സ്റ്റേഷനിലെത്തിയത്.

എംഡിഎംഎ കേസാണെന്ന്‌ അറിഞ്ഞ്‌ ജാമ്യം നിൽക്കാൻ വിസമ്മതിച്ച് വിഘ്നേഷും അമലും സ്റ്റേഷനു പുറത്തേക്കു പോയി. ഇതിനിടെ വിഘ്നേഷിനെ തിരക്കി എത്തിയ ജ്യേഷ്ഠൻ വിഷ്ണുവിന്റെ ബൈക്കും ഓട്ടോയുമായി സ്റ്റേഷനു മുന്നിൽ വച്ച്‌ ഉരസി.  സംഭവത്തിൽ സ്റ്റേഷൻ റൈറ്റർ പ്രകാശ് ചന്ദ്രനുമായി തർക്കമുണ്ടായി. പിടിവലിയിൽ വിഷ്ണുവിന്റെ ഷർട്ട്‌ കീറി. ഇതിൽ പരാതി പറയാൻ ഇരുവരും സ്റ്റേഷനകത്തേക്കു പോയി. ഇവിടെ വച്ച് വിഷ്ണുവും പ്രകാശ് ചന്ദ്രനും തമ്മിൽ വാക്കേറ്റവും പിടിവലിയും അടിപിടിയുമുണ്ടായി. ബഹളംകേട്ടെത്തിയ സിഐയും എസ്ഐയും ഉൾപ്പെടെയുള്ളവർ വിഷ്ണുവിനെയും വിഘ്നേഷിനെയും സ്റ്റേഷനിലെ മറ്റൊരു മുറിയിലേക്കു കൊണ്ടുപോയി.

സ്‌റ്റേഷനിലെ മുറിയിൽനിന്ന്‌ നിലവിളി കേട്ടു
യുവാക്കളെ പൊലീസുകാർ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോകുന്നത് കണ്ടതായി ഷാനവാസ് മൊഴി നൽകി. ആ മുറിയിൽനിന്ന് കുറേനേരം നിലവിളി കേട്ടു.  കൂടുതൽ പൊലീസുകാർ അവിടേക്കു കയറിപ്പോയി. പിന്നീട് നിലവിളി നിലച്ചെന്നുമാണ് ഷാനവാസിന്റെ മൊഴി. പ്രകാശ് ചന്ദ്രൻ വിഷ്ണുവിനെ പിടിച്ചുവലിച്ചു സ്റ്റേഷനകത്തേക്കു കൊണ്ടുപോകുന്നത് കണ്ടെന്ന് വിഘ്നേഷിന്റെ സുഹൃത്ത് അമലും മൊഴിനൽകി. പിന്നീട് പിറ്റേദിവസമാണ് അവരെ കാണുന്നത്. സെല്ലിൽ അവശനിലയിലായിരുന്നു ഇരുവരും. പൊലീസുകാർ മർദിച്ചതായി വിഷ്ണുവും വിഘ്നേഷും മൊഴിനൽകിയതായി ജില്ലാ ആശുപത്രിയിലെ മെഡിക്കൽ സർട്ടിഫിക്കറ്റിൽനിന്ന് വ്യക്തമാണ്. മജിസ്ട്രേട്ടിനും മൊഴി നൽകിയിട്ടുണ്ട്. അതേസമയം മർദിക്കുന്നത് കണ്ടിട്ടില്ലെന്നാണ് പൊലീസുകാരുടെ മൊഴി.

നടപടി ധാർമികതയുടെ പേരിൽ
സിഐ കെ വിനോദ്, എസ്ഐ എ പി അനീഷ്, ഗ്രേഡ്‌ എസ്‌ഐ ലഗേഷ്‌, സ്റ്റേഷൻ റൈറ്റർ പ്രകാശ് ചന്ദ്രൻ, സിപിഒ മണികണ്ഠൻ എന്നിവർ മർ​ദിച്ചെന്ന പരാതി തെളിയിക്കാൻ സാക്ഷി മൊഴികളില്ല. സ്റ്റേഷനകത്ത്‌ നടന്ന സംഭവങ്ങളുടെ ധാർമിക ഉത്തരവാദിത്തത്തിന്റെ പേരിലാണ് സിഐക്കും എസ്ഐക്കുമെതിരെ നടപടിയെടുത്തത്. പരാതി പറയാനെത്തിയവരോട് മോശമായി പെരുമാറിയതിനാണ്‌ സ്റ്റേഷൻ റൈറ്റർ പ്രകാശ് ചന്ദ്രനെതിരായ നടപടി. വിഷയം കൈകാര്യം ചെയ്തതിൽ  വീഴ്ച വരുത്തിയതിനാണ്‌ സിപിഒ മണികണ്ഠനെതിരെ നടപടിയെടുത്തത്‌. ല​ഗേഷിനെ ഓച്ചിറയിലേക്കു സ്ഥലംമാറ്റിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top