21 March Tuesday

കണ്ണൂരിന് കെെ നിറയെ; ഐടി മേഖലയിലും പുതിയ ചുവടുവയ്‌പ്പുകൾ

വെബ് ഡെസ്‌ക്‌Updated: Saturday Feb 4, 2023
കണ്ണൂർ > സംസ്ഥാന ബജറ്റിൽ കണ്ണൂർ ജില്ലയ്‌ക്ക്‌ ലഭിച്ചത്‌ മുന്തിയ പരിഗണന.  പുതിയ ഒട്ടേറെ പദ്ധതികളും  സ്ഥാപനങ്ങളും വരുന്നതിനൊപ്പം  നിലവിലുള്ളവ നവീകരിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ തുക അനുവദിച്ചിട്ടുണ്ട്‌.  പരമ്പരാഗത തൊഴിൽ മേഖലകളിൽ പണിയെടുക്കുന്നവരെയും   വന്യ ജീവി ആക്രമണത്തിൽ പൊറുതിമുട്ടുന്നവരെയും സംരക്ഷിക്കാനും  മതിയായ തുക നീക്കിവച്ചിട്ടുണ്ട്‌. ആദിവാസികൾ ഉൾപ്പെടെ ജില്ലയിലെ  പട്ടികവർഗ  വിഭാഗങ്ങൾക്ക്‌ ആശ്വാസം പകരുന്ന പദ്ധതിയുമുണ്ട്‌.  ആരോഗ്യ- വിദ്യാഭ്യാസ മേഖലയിലും വൻവികസനത്തിനുള്ള തുക നീക്കിവച്ചിട്ടുണ്ട്‌. ഐടി മേഖലയിലും പുതിയ ചുവടുവയ്‌പ്പുകളുണ്ട്‌.
 
ബീഡി, ഖാദി തുടങ്ങിയ തൊഴിൽ മേഖലയിലെ തൊഴിലാളികൾക്ക്‌ 1250 രൂപ നിരക്കിൽ ധന സഹായം നൽകുന്നതിന്‌ 90 കോടി.    മലബാർ ക്യാൻസർ സെന്ററിന്റെ വികസന പ്രവർത്തനങ്ങൾക്കായി 30 കോടി.  കണ്ണൂർ സ്‌പോർട്‌സ്‌ സ്‌കൂൾ അപ്‌ഗ്രഡേഷനും ശേഷി വർധിപ്പിക്കുന്നതിനും 10 കോടി.  കണ്ണൂർ ആയുർവേദ കോളേജിന്‌ ധനസഹായം.  തലശേരി ബ്രണ്ണൻ കോളേജിൽ അക്കാദമി കോംപ്ലക്‌സ്‌ നിർമിക്കുന്നതിന്‌ 10 കോടി.
 
തലശേരി ജനറൽ ആശുപത്രി മാറ്റി സ്ഥാപിക്കാൻ 10 കോടി.   അഴീക്കൽ ഗ്രീൻ ഫീൽഡ്‌ തുറമുഖത്തിന്‌  9.74 കോടി.  അഴീക്കൽ മത്സ്യബന്ധന തുറമുഖ നവീകരണത്തിന്‌ മറ്റ്‌ നാല്‌ തുറമുഖങ്ങൾക്കൊപ്പം 20 കോടി.  പഴശ്ശി ജലസേചന പദ്ധതിയുടെ പ്രധാന കനാൽ, വിതരണ ശൃംഖല എന്നിവയുടെ നവീകരണത്തിന്‌ 10 കോടി.
 
ജൈവ വൈവിധ്യ സംരക്ഷണ പദ്ധതിക്കായി 10 കോടി. തളിപ്പറമ്പ്‌ നാടുകാണി കിൻഫ്ര പാർക്കിലെ ടെക്‌സ്‌റ്റൈൽ  പാർക്കിൽ പരിസ്ഥിതി സൗഹൃദ ഡൈയിങ്‌  ആൻഡ്‌ പ്രിന്റിങ്‌ യൂണിറ്റ്‌ സ്ഥാപിക്കാൻ എട്ടുകോടി.  പൊന്ന്യം കളരി മ്യൂസിയത്തിന്‌ എട്ടുകോടി. തലശേരി പൈതൃക ടൂറിസത്തിന്‌ 17 കോടി. പയ്യന്നൂർ  വാന നീരിക്ഷണ കേന്ദ്രത്തിന്‌ നാലുകോടി, തളിപ്പറമ്പ്‌ നിയോജക മണ്ഡലത്തിലെ  സൂക്ഷ്‌മ നിർത്തടപദ്ധതിക്ക്‌ മൂന്നുകോടി. 
വയക്കര ഇൻഡോർ സ്‌റ്റേഡിയത്തിന്‌  മൂന്നുകോടി.  ചക്കരക്കല്ലിൽ ഫയർ സർവീസ്‌ പിജി ഇൻസ്‌റ്റിറ്റ്യൂട്ട്‌ സ്ഥാപിക്കാൻ ഒരുകോടി.  പയ്യന്നൂർ പൊലീസ്‌ മൈതാനം നവീകരണത്തിന്‌  ഒരുകോടി. മുളപ്ര പാലത്തിന്‌ ഒരുകോടി. പാപ്പിനിശേരി കെസിസിപിഎല്ലിന്‌  അഞ്ചുകോടി. കൈത്തറി സംഘങ്ങളുടെ ആധുനികവൽക്കരണത്തിന്‌  5.5 കോടി.   പെരളശേരി എ കെ ജി മ്യൂസിയം നിർമിക്കാൻ ആറുകോടി. വന്യജീവി അക്രമണങ്ങളുടെ നഷ്‌ടപരിഹാരത്തിനായി തുക നീക്കിവച്ചു.  പട്ടിക വർഗ കുടുംബത്തിന്‌  ഉപജീവന സംരംഭം തുടങ്ങാൻ ധനസഹായം.
 
കണ്ണൂർ സർവകലാശലയിൽ  സെന്റർഫോർ അറ്റ്‌മോസ്‌ഫെറിക് സയൻസ്‌, കോസ്‌റ്റൽ ഇക്കോം സിസ്‌റ്റം സ്‌റ്റഡീസ്‌, ക്വാണ്ടം കംപ്യൂട്ടിങ്‌  കേന്ദ്രം, പ്രോട്യോമിക്‌സ്‌ ആൻഡ്‌ ജിനോമിക്‌ റിസർച്ച്‌ കേന്ദ്രം എന്നിവ സ്ഥാപിക്കുന്നതിന്‌ ധനസഹായം. പിണറായി എഡ്യുക്കേഷൻ ഹബ്ബിൽ പോളിടെക്‌നിക്‌. തലശേരി ഹെറിറ്റേജ്‌ പദ്ധതിക്ക്‌ കൂടുതൽ തുക.  കണ്ണൂർ ഐടി പാർക്ക്‌ നിർമാണം ഈവർഷം.  പിണറായി കാർഷിക വൈവിധ്യ കേന്ദ്രം അടുത്തവർഷം. കണ്ണൂരിൽ കരിയർ ഡവല്‌മെന്റ്‌ സെന്റർ. കണ്ണൂർ കെഎസ്‌ആർടിസി ഡിപ്പോയിൽ ബസ്‌ സ്‌റ്റേഷൻ മന്ദിരം നിർമിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top