27 July Saturday

ഹാസസാമ്രാട്ടിന്റെ അന്ത്യയാത്രയും ചരിത്രമാക്കിയവര്‍ക്ക് ഇരിങ്ങാലക്കുടയുടെ നന്ദി: മന്ത്രി ഡോ. ആര്‍ ബിന്ദു

വെബ് ഡെസ്‌ക്‌Updated: Tuesday Mar 28, 2023

തൃശൂര്‍> ഏതു ദുര്‍ഘടത്തിലും ആത്മവിശ്വാസം വളര്‍ത്തുന്ന, അതിജീവിക്കാന്‍ പ്രേരണയേകുന്ന ഊര്‍ജ്ജമായിരുന്നു ഇന്നസെന്റിന്റെ ജീവിതമെങ്കില്‍, ആ ജീവിതത്തിന്റെ അന്ത്യയാത്രാവേളയും അതുതന്നെയാണ് സമ്മാനിച്ച് കടന്നുപോയിരിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു. ഏറ്റവും ചിട്ടയായും പരസ്പരം ഒരു പ്രയാസം വരുത്താതെയും ഇന്നസെന്റിനു യാത്രാമൊഴിയേകാന്‍ ഒഴുകിയെത്തിയവരെ ഇരിങ്ങാലക്കുടയുടെയാകെ പേരില്‍ നന്ദിയും സ്‌നേഹവും അറിയിക്കുകയാണെന്നും മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

എത്രയധികം നമ്മെ ചിരിപ്പിച്ചുവോ, അത്രയധികം കണ്ണീരും നമ്മില്‍നിന്നുമൊഴുക്കിയാണ് ഇന്നസെന്റ് അവസാനയാത്രയായിരിക്കുന്നത്. ജീവിതാവസാനം വരെയും നര്‍മ്മത്തില്‍ പൊതിഞ്ഞു വാരിവിതറിയ ആ ജീവിതോര്‍ജ്ജം പലേ അളവില്‍ സ്വജീവിതങ്ങളിലേക്ക് എടുത്തവരാണ് ഇക്കഴിഞ്ഞ രണ്ടുദിവസവും ഇടതടവില്ലാതെ, രാപ്പകല്‍ ഭേദമില്ലാതെ, ഇരിങ്ങാലക്കുടയിലേക്ക് ഒഴുകിയെത്തിയത്. ആ ഊര്‍ജ്ജത്തിന്റെ അവസാനകുമ്പിളും അന്ത്യദര്‍ശനം കൊണ്ട് ലഭിക്കാന്‍ അവര്‍ക്കാകെയും അവസരമേകിക്കൊണ്ടാണ് ഇരിങ്ങാലക്കുട സ്വന്തം ഹാസസാമ്രാട്ടിനെ യാത്രയാക്കിയിരിക്കുന്നതെന്ന് മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

കേരളത്തിന്റെ സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ രംഗങ്ങളുടെ പരിച്ഛേദമെന്നല്ല, അവരാകെത്തന്നെയാണ് ഇരിങ്ങാലക്കുടയുടെ ഓമനപ്പുത്രനു യാത്രാമൊഴിയേകാന്‍ എത്തിയത്. സാധാരണക്കാരില്‍ സാധാരണക്കാര്‍ തൊട്ട് ഉന്നത കലാകാരന്മാര്‍ വരെയുളളവര്‍ ജന്മനാട്ടിലും വീട്ടിലും അനുശോചനച്ചടങ്ങിലും യാത്രയയച്ച സെന്റ് തോമസ് കത്തീഡ്രലിലുമെത്തി സ്‌നേഹമറിയിച്ചു. മുഖ്യമന്ത്രി, മന്ത്രിമാര്‍, നിയമസഭാ സ്പീക്കര്‍, പ്രതിപക്ഷ നേതാക്കള്‍, എ പിമാരും എംഎല്‍എമാരുമടങ്ങുന്ന ജനപ്രതിനിധികള്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍, പ്രവര്‍ത്തകര്‍, തൊഴിലാളികള്‍, ജീവനക്കാര്‍ തുടങ്ങി അക്ഷരാര്‍ത്ഥത്തില്‍ ജീവിതത്തിന്റെ നാനാതുറയിലുമുള്ളവര്‍.

 ഒപ്പം, സുഹൃത്തുക്കള്‍, സഹപാഠികള്‍, ചലച്ചിത്രരംഗത്തെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സഹപ്രവര്‍ത്തകര്‍ എന്നിവരുടെ നീണ്ട നിര വേറെയും. ഇരിങ്ങാലക്കുട ടൗണ്‍ഹാളിലേക്കും രാത്രി ഏറെ വൈകിട്ടും വീട്ടിലേക്കും അവസാനം സെമിത്തേരി വരേക്കും അണമുറിയാതെ ആ പ്രവാഹംതുടര്‍ന്നു.   

ഇത്രയധികം സ്‌നേഹം ഇരിങ്ങാലക്കുടയിലേക്ക് ഒഴുകിയെത്താന്‍ ആ സര്‍ഗ്ഗജീവിതംകൊണ്ട്, സ്‌നേഹാതിരേകങ്ങളുടെ ജീവിതമാതൃകകൊണ്ട് സാധിച്ചതിന് ഇരിങ്ങാലക്കുടക്കാരാകെയും ഇന്നസെന്റിനോട് കടപ്പെട്ടിരിക്കുന്നു. ഹൃദയസ്പൃക്കായ ഓരോ കഥകള്‍, അനുഭവങ്ങള്‍ അദ്ദേഹവുമായി  ബന്ധപ്പെട്ടവ ഇല്ലാത്തവരാരും തന്നെ ഈ ദിവസങ്ങളില്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയവരില്‍ ഉണ്ടാവില്ല. ഏവരും തമ്മില്‍പ്പറഞ്ഞും പറയാതെയും അവ പങ്കിട്ടതിന്റെ ചിരി ഉള്ളില്‍ നിറച്ചാണ് ഇന്നസെന്റിന്റെ  അവസാനയാത്രയെന്നു കരുതാനാണ് ഇരിങ്ങാലക്കുടക്കാര്‍ ഇഷ്ടപ്പെടുന്നത്. അങ്ങനെ, ജീവിതംകൊണ്ടും മരണംകൊണ്ടും തന്റെ നാടിന്റെ കീര്‍ത്തി മലയാളമാകെയും തൂവാന്‍ സാധിച്ചതിന്റെ ഉള്‍ച്ചിരിയോടെയാണ് ഇന്നസെന്റിന്റെ അന്ത്യയാത്രയെന്നത് വേദനക്കിടയിലും ഇരിങ്ങാലക്കുടക്കാര്‍ക്ക്  കണ്ണീരാര്‍ന്ന ആനന്ദമേകുന്നുണ്ടെന്നും മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു.

 അദ്ദേഹത്തിന്  യാത്രാമൊഴിയര്‍പ്പിക്കാന്‍ ഒഴുകിയെത്തിയവര്‍ക്കെല്ലാം ആ ചിരിയും കണ്ണീരും ജീവിതാന്ത്യംവരെയും കൂടെയുണ്ടാവും - മന്ത്രിപറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top