27 July Saturday

ചരിത്ര കോൺഗ്രസിലെ കൈയേറ്റം: വസ്‌തുത ഇതാണ്; ​ഗവർണറുടെ ആരോപണം മുൻപ് പൊളിഞ്ഞ നാടകം

വെബ് ഡെസ്‌ക്‌Updated: Sunday Aug 21, 2022

കണ്ണൂർ> കണ്ണൂർ സർവകലാശാലാ ആസ്ഥാനത്ത്‌ നടന്ന ചരിത്ര കോൺഗ്രസിന്റെ ഉദ്‌ഘാടന ചടങ്ങിനിടെ  തന്നെ കായികമായി നേരിടാൻ ശ്രമമുണ്ടായെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ആരോപണം മുൻപ് പൊളിഞ്ഞ നാടകം. ഇന്ത്യൻ ചരിത്ര കോൺഗ്രസ്‌ ഉദ്‌ഘാടന സമ്മേളനം ബഹളമയമായെങ്കിലും വേദിയിൽ ഒരുതരത്തിലുള്ള സംഘർഷമോ കൈയേറ്റ നീക്കമോ ഉണ്ടായിട്ടില്ലെന്ന്‌ കണ്ണൂർ സർവകലാശാല രാജ്‌ഭവൻ അധികൃതർക്ക് 2019ൽ തന്നെ രേഖാമൂലം റിപ്പോർട്ട് നൽകിയിരുന്നു. വിഷയം അതോടെ അവസാനിക്കുകയും ചെയ്തു. എന്നാൽ രണ്ട് വർഷത്തിന് ശേഷം ഇതേ വിഷയം തന്നെ ഉയർത്തിയാണ് തനിക്കെതിരെ ആക്രമണമുണ്ടായെന്ന ആരോപണവുമായി ​ഗവർണർ വീണ്ടുമെത്തുന്നത്.

ചരിത്ര കോൺ​ഗ്രസിൽ പ്രൊഫ. ഇർഫാൻ ഹബീബ്‌ എഴുന്നേറ്റുചെന്ന്‌ ഗവർണറോടു സംസാരിച്ചുവെന്നത്‌ ശരിയാണ്‌. എന്നാൽ, സംഘർഷാന്തരീക്ഷം ഉണ്ടായിരുന്നില്ലെന്നും പ്രോട്ടോകോൾ ലംഘനവുമുണ്ടായിട്ടില്ലെന്നും വൈസ്‌ ചാൻസലർ പ്രൊഫ. ഗോപിനാഥ്‌ രവീന്ദ്രൻ നൽകിയ റിപ്പോർട്ടിൽ പറയുന്നു.

വേദിയിൽ സംഘർഷമുണ്ടായെന്നും പ്രൊഫ. ഇർഫാൻ ഹബീബ്‌ ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാനെ ആക്രമിച്ചെന്നും വരുത്താനുള്ള റിപ്പോർട്ടിനാണ്‌ രാജ്‌ഭവൻ ഉദ്യോഗസ്ഥർ നിരന്തര ശ്രമം നടത്തിയത്‌. ഇർഫാൻ ഹബീബിനെതിരെ ക്രിമിനൽ കേസ്‌ എടുപ്പിക്കുകയായിരുന്നു ലക്ഷ്യം. തനിക്കുനേരെ ഇർഫാൻ പാഞ്ഞടുത്തെന്നും എഡിസിയെ തള്ളിയിട്ടെന്നും ഗവർണർ ദൃശ്യമാധ്യമങ്ങൾക്കു നൽകിയ അഭിമുഖത്തിൽ ആരോപിച്ചതും ഇക്കാര്യം മനസ്സിൽ വച്ചായിരുന്നു. ഇത്തരം ഗൂഢനീക്കങ്ങൾ പൊളിക്കുന്നതാണ്‌ വിസിയുടെ റിപ്പോർട്ട്‌.

റിപ്പോർട്ട്‌ അടിയന്തരമായി വേണമെന്നാവശ്യപ്പെട്ട്‌ 2019 ഡിസംബർ 29, 30, 31 തിയതികളിൽ രാജ്‌ഭവൻ അധികൃതർ നിരന്തരം സർവകലാശാലയുമായി ബന്ധപ്പെട്ടിരുന്നു.  സംസ്ഥാന ചീഫ്‌ സെക്രട്ടറി, പൊലീസ്‌ മേധാവി, ഇന്റലിജൻസ്‌ മേധാവി  എന്നിവരെ രാജ്‌ഭവനിലേക്ക്‌ വിളിപ്പിക്കുകയും ചെയ്‌തു. കണ്ണൂർ കലക്ടർക്കും നിർദേശമെത്തി. എന്നാൽ പരിപാടിയുടെ സിസി ടിവി ദൃശ്യങ്ങളടക്കം വിശദമായി പരിശോധിച്ചേ റിപ്പോർട്ട്‌ നൽകാനാവൂവെന്ന്‌  സർവകലാശാല അറിയിക്കുകയായിരുന്നു. ദൃശ്യങ്ങൾ പരിശോധിക്കാൻ വിസിയുടെ നേതൃത്വത്തിൽ മൂന്നംഗ കമ്മിറ്റിയെയും നിശ്‌ചയിച്ചു. ഈ കമ്മിറ്റി വിശദ പരിശോധന നടത്തിയാണ്‌ റിപ്പോർട്ട്‌ സമർപ്പിച്ചത്‌.

ചരിത്ര കോൺഗ്രസ്‌ ഉദ്‌ഘാടന പ്രസംഗത്തിൽ സ്വന്തം പദവിക്കു നിരക്കാത്ത നിലയിലുള്ള പരാമർശങ്ങൾ ഗവർണറിൽനിന്നുണ്ടായതോടെയാണ്‌ സമ്മേളനം ബഹളത്തിൽ മുങ്ങിയത്‌. സദസ്സിൽനിന്ന്‌ അസാധാരണനിലയിൽ പ്രതിഷേധസ്വരമുയർന്നതോടെ വേദിയിൽ ഇരിക്കുകയായിരുന്ന പ്രൊഫ. ഇർഫാൻ ഹബീബ്‌ ഗവർണറെ സമീപിച്ച്‌ വിവാദ പ്രസംഗം നിർത്താൻ ആവശ്യപ്പെടുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top