27 July Saturday

"ഇടത് സര്‍ക്കാരിന് നെല്ലാതാൻ " ; ആഹ്‌ളാദനിമിഷം പങ്കിട്ട്‌ ഇടമലക്കുടിക്കാർ

അലന്‍ നിധിന്‍ സ്റ്റീഫൻUpdated: Friday May 26, 2023

ഇടമലക്കുടി പഞ്ചായത്ത്‌ കുടുംബാരോഗ്യകേന്ദ്രം ഉദ്ഘാടനം ചെയ്യാൻ എത്തിയ ആരോഗ്യമന്ത്രി വീണാ ജോർജ്, 
കുടി നിവാസികളായ മുതുവാൻ സമൂഹത്തിന്റെ പരമ്പരാഗത രീതിയിൽ കുരുന്നിനെ പുറത്ത് വച്ചുകെട്ടിയപ്പോൾ. 
 ഫോട്ടോ: അപ്പു എസ് നാരായണൻ

ഇടമലക്കുടി > ‘ആശുപത്രി തൊടങ്ങിയതിൽ എങ്ക് എല്ലാർക്കും ഇടമലക്കുടിയിൽ സമാധനം സന്തോഷവും തൊന്ത്താൻ എല്ലാർക്കും നെന്റ്. ഇടത് സർക്കരിന് നെല്ലാതാൻ.’ ഇടമലക്കുടിയുടെ തനത്‌ ഗോത്രഭാഷയിലായിരുന്നു ഇഡലിപ്പാറക്കുടിയിലെ മുതിർന്ന അംഗം നല്ലമുത്തു(75) ഇടമലക്കുടിയിൽ കുടുംബാരോഗ്യ കേന്ദ്രം തുടങ്ങിയതിന്റെ സന്തോഷം പങ്കുവച്ചത്‌.

സ്വന്തം സ്ഥലത്ത് ആശുപത്രി ആരംഭിച്ചത് വലിയ സമാധാനവും സന്തോഷവുമാണെന്നും സ്വപ്നം നിറവേറ്റിയ ഇടതു സർക്കാരിനോട്‌ നന്ദിയുണ്ടെന്നുമാണ്‌ നല്ലമുത്തുവിന്റെ വാക്കുകളുടെ സാരം. കുടി നിവാസികളിലാകെ നല്ലമുത്തുവിന്റെ മൊഴിപോലെ സന്തോഷംനിറഞ്ഞു.  സംസ്ഥാനത്തെ ഏക ​ഗോത്രവര്‍​ഗ പഞ്ചായത്തായ ഇടമലക്കുടിയിലെ വര്‍ഷങ്ങളായുള്ള ദുരിതത്തിനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ശാശ്വതപരിഹാരം കണ്ടത്. ആരോഗ്യമന്ത്രി വീണാ ജോർജാണ്‌ കുടുംബാരോഗ്യ കേന്ദ്രം നാടിന് സമർപ്പിച്ചത്‌. ഇടമലക്കുടിയിലെ കുട്ടികൾമുതൽ പ്രായമായവർവരെ എല്ലാവരുടെയും ആരോഗ്യം സർക്കാരിന് സുപ്രധാനമാണെന്ന്‌ മന്ത്രി പറഞ്ഞു. 

വർഷങ്ങൾക്കുമുമ്പ് കുടിയിൽനിന്ന് എസ്എസ്എൽസി വിജയിച്ച രണ്ടുപേരാണ് ഉണ്ടായിരുന്നത്. ഇവരായിരുന്നു എസ്ടി പ്രമോട്ടർമാര്‍. ഈ രണ്ടുപേരും മാസത്തിലൊരിക്കല്‍ അടിമാലി താലൂക്ക് ആശുപത്രിയിലെത്തി കുടി നിവാസികൾക്കുവേണ്ട മരുന്നുകളുമായി മടങ്ങും. ഇതാണ്‌ ഇടമലക്കുടിയിലെ ആരോഗ്യരംഗം. പിന്നീട് മാസത്തിൽ ഒരുതവണ ഡോക്ടര്‍മാർ കുടിയിലെത്തി പരിശോധന തുടങ്ങി. ഇടതുപക്ഷ സർക്കാരുകൾ മൊബൈൽ മെഡിക്കൽ യൂണിറ്റും ആരംഭിച്ചു. എന്നാൽ അടിയന്തരഘട്ടങ്ങളിൽ ചിത്തിരപുരം സാമൂഹിക ആരോഗ്യ കേന്ദ്രത്തേയോ അടിമാലി താലൂക്ക് ആശുപത്രിയെയോ ആശ്രയിക്കണമായിരുന്നു. വഴി, വാഹന സൗകര്യം എന്നിവ പ്രതികൂലമായതിനാൽ ഇതും ബുദ്ധിമുട്ടായിരുന്നു. ഈ ദുരവസ്ഥയ്‍ക്കാണ് പരിഹാരം ഉണ്ടാക്കിയത്. മെഡിക്കൽ ഓഫീസറും നഴ്സുമാരും ഫാർമസിസ്റ്റും ലാബ് ടെക്‌നീഷ്യന്മാർ അടക്കം 16 സ്ഥിര നിയമനങ്ങളാണ് ആശുപത്രിയിലുള്ളത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top