കോഴിക്കോട് ഹോട്ടലുടമയെ കൊന്ന് ട്രോളി ബാഗിലാക്കി ചുരത്തിൽ തള്ളി : യുവതിയടക്കം 2പേർ പിടിയിൽ

തിരൂർ/ മലപ്പുറം> കോഴിക്കോട്ടെ ഹോട്ടൽ ഉടമയെ കൊന്ന് മൃതദേഹം കഷ്‌ണങ്ങളാക്കി കൊക്കയിൽ തള്ളിയ നിലയിൽ കണ്ടെത്തി. യുവതി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ. തിരൂർ ഏഴൂർ സ്വദേശി മേച്ചേരി സിദ്ദീഖ് (61) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഹോട്ടൽ ജീവനക്കാരനായ ചെർപ്പുളശ്ശേരി സ്വദേശി ശിബിലി, സുഹൃത്ത് ഫർസാന എന്നിവരെ ചെന്നൈയിൽ വച്ച് കസ്റ്റഡിയിലെടുത്തു.
കോഴിക്കോട് ഒളവണ്ണയിൽ ഹോട്ടൽ നടത്തുന്ന സിദ്ദീഖിനെ കഴിഞ്ഞ വ്യാഴാഴ്ചമുതൽ കാണാതായിരുന്നു. തുടർന്ന് മകൻ തിരൂർ പൊലീസിൽ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് സിദ്ദീഖ് കൊല്ലപ്പെട്ടതായി തെളിഞ്ഞത്.
സിദ്ദീഖ് താമസിച്ച എരഞ്ഞിപ്പാലത്തെ ‘ഡി കാസ ഇൻ’ ഹോട്ടലിൽ തിരൂർ പൊലീസ് വ്യാഴാഴ്ച രാവിലെ എത്തി പരിശോധിച്ചു. ഫോറൻസിക് വിദഗ്‌ധരുടെ നേതൃത്വത്തിൻ നടത്തിയ പരിശോധനയിൽ സിദ്ദീഖിനെ കൊന്ന് ട്രോളിയിലാക്കി അട്ടപ്പാടി അഗളി പൊലീസ് സ്റ്റേഷൻ പരിധിയിലെ കൊക്കയിൽ തള്ളിയതായി കണ്ടെത്തി.
ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും മറ്റു വിവരങ്ങളും പൊലീസ് ശേഖരിച്ചു. മൂന്ന് പേർ ഹോട്ടലിൽ എത്തിയതായാണ് ദൃശ്യങ്ങളിലുള്ളത്. തിരിച്ചുപോകുമ്പോൾ രണ്ട് പേർ മാത്രമാണ്. കൈയിൽ ഒരു സ്യൂട്ട്‌കെയ്‌സ് ഉണ്ടായിരുന്നു. പ്രതികളെ വെള്ളിയാഴ്‌ച ഹോട്ടലിൽ എത്തിച്ച് തെളിവെടുക്കും. ഭാര്യ: ഷക്കീല. മക്കൾ: സുഹൈൽ, ഷിയാസ്, ഷംല, ഷാഹിദ്.
0 comments