04 June Sunday

ജിസിഡിഎ ബജറ്റ്‌: വിശാലം, ക്ഷേമം, അടിസ്ഥാനസൗകര്യ വികസനം

സ്വന്തം ലേഖകൻUpdated: Sunday Mar 26, 2023

കൊച്ചി
പെരിയാറിന്റെ പുനരുജ്ജീവനംമുതൽ വിശാല കൊച്ചിയുടെ അടിസ്ഥാനസൗകര്യ വികസനവും സ്‌ത്രീകളുടെയും പ്രാന്തവൽകൃത വിഭാഗങ്ങളുടെയും ക്ഷേമവും ലക്ഷ്യമിട്ട്‌ 2023–-24ലെ ജിസിഡിഎ ബജറ്റ്‌.  182.61 കോടി രൂപ വരവും 127.68 കോടി രൂപ ചെലവും 54.93 കോടി രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നതാണ്‌ ബജറ്റ്‌. ജനക്ഷേമകരവും വികസനോന്മുഖവുമായ പദ്ധതികൾ നടപ്പാക്കാനും തനത്‌ വരുമാനം കൂട്ടാനുമുള്ള പദ്ധതികളാണ്‌ വിഭാവനം ചെയ്‌തിട്ടുള്ളതെന്ന്‌ ബജറ്റ്‌ അവതരണത്തിനുശേഷം ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻപിള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഷീ, ട്രാൻസ്‌ജെൻഡർ ഹോസ്‌റ്റൽ


നഗരത്തിലെത്തുന്ന സ്‌ത്രീകൾക്കായി സൗത്ത്‌ റെയിൽവേ സ്‌റ്റേഷനുസമീപം ജിസിഡിഎയുടെ കൈവശമുള്ള 23 സെന്റ്‌ സ്ഥലത്ത്‌ ഷീ ഹോസ്‌റ്റൽ നിർമാണത്തിന്‌ പ്ലാൻഫണ്ടിലെ മൂന്നുകോടി ഉൾപ്പെടെ 6.6 കോടി രൂപ.ട്രാൻസ്‌ജെൻഡർ വിഭാഗത്തിന്‌ താമസിക്കാൻ ഹോസ്‌റ്റൽ അംബേദ്‌കർ സ്‌റ്റേഡിയത്തിനുസമീപം ജിസിഡിഎയുടെ 6.73 സെന്റ്‌ സ്ഥലത്ത്‌. ചെലവ്‌ മൂന്നുകോടി രൂപ.

പെരിയാർ പുനരുജ്ജീവനം


പെരിയാർ മലിനീകരണം തടയൽ, ദുരന്തനിവാരണം, തൊഴിലവസരങ്ങൾ സൃഷ്‌ടിക്കൽ, ഉത്തരവാദിത്വ ടൂറിസം എന്നിവ ലക്ഷ്യമിട്ട്‌ വിവിധ ഏജൻസികളുടെ സഹകരണത്തോടെ പുനരുജ്ജീവനം നടപ്പാക്കും. ഇതിനായി സമഗ്രപഠനത്തിന്‌ ഒരുകോടി രൂപ വകയിരുത്തി.

കലൂർ–-കടവന്ത്ര റോഡ്‌ നടപ്പാത

കെഎംആർഎല്ലുമായി ചേർന്ന്‌ മൂന്നര കിലോമീറ്ററിൽ നോൺ മോട്ടോറൈസ്‌ഡ്‌ ട്രാൻസ്‌പോർട്ട്‌ കോറിഡോർ നിർമാണം ഒരുവർഷത്തിനകം പൂർത്തിയാക്കും. 17 കോടി രൂപ ചെലവ്‌.

കലൂർ സ്‌റ്റേഡിയം വികസനം


ടർഫ്‌ പ്രൊട്ടക്‌ഷൻ ടൈലുകൾ പാകി കായികേതര ആവശ്യങ്ങൾക്കും നൽകാൻ പദ്ധതി. വരുമാനവർധനകൂടി ലക്ഷ്യമിട്ടുള്ള പദ്ധതിക്ക്‌ പ്രതീക്ഷിത ചെലവ്‌ ആറുകോടി രൂപ.

മറൈൻഡ്രൈവ്‌ 
ഷോപ്പിങ് കോംപ്ലക്‌സ്‌
ലോകോത്തര നിലവാരത്തിലുള്ള ഷോപ്പിങ് മാളാക്കാൻ 10 കോടിയുടെ പദ്ധതിക്ക്‌ 2.5 കോടി രൂപ.

വനിതാ ഫിറ്റ്‌നസ്‌ സെന്റർ
സ്‌ത്രീകൾക്കായി സുംബ, യോഗ, ജിം, ബ്യൂട്ടിസലൂൺ എന്നിവ ഉൾപ്പെടുന്ന പദ്ധതിക്കായി 3.5 കോടി രൂപ.

കായൽ സമ്മേളന സ്‌മാരകം
കൊച്ചി കായൽ സമ്മേളന സ്‌മാരകമായി നഗരത്തിലെത്തുന്ന എസ്‌സി, എസ്‌ടി വിഭാഗങ്ങൾക്കായി ഹോസ്‌റ്റൽ. മൂന്നുനില പാർപ്പിടസമുച്ചയത്തിന്‌ ഒരുകോടി രൂപ.


100 ശുചിമുറികൾ

|
എല്ലാ വിഭാഗക്കാർക്കുമായി 50 ചതുരശ്രമീറ്റർ വിസ്‌തീർണമുള്ള ആധുനിക ശുചിമുറികൾ സ്ഥാപിച്ച്‌ പരിപാലിക്കും. സിഎസ്‌ആർ ഫണ്ട്‌ ഉൾപ്പെടെ പ്രയോജനപ്പെടുത്തുന്ന, 20 കോടി ചെലവ്‌ പ്രതീക്ഷിക്കുന്ന പദ്ധതിക്ക്‌ തുടക്കമായി.

അഡ്വാൻസ്‌ഡ്‌ ഫിലിം മേക്കിങ് സെന്റർ


പോസ്‌റ്റ്‌ പ്രൊഡക്‌ഷൻ സൗകര്യങ്ങളോടെ സിനിമാകലാകാരന്മാർക്കായി ഗാന്ധിനഗറിലെ 70 സെന്റിൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിയുടെ പ്രതീക്ഷിത ചെലവ്‌ 150 കോടി രൂപ. ആദ്യഘട്ടമായി ഒരുകോടി വകയിരുത്തി.

കരിമുകൾ 
മൾട്ടിപർപ്പസ്‌ ഹാൾ

അമൃതകുടീരം പദ്ധതിയുടെ സമീപത്തെ 22 സെന്റ്‌ സ്ഥലത്ത്‌ കമ്യൂണിറ്റി ഹാൾ, കടകൾ, അങ്കണവാടി സൗകര്യങ്ങളോടെ നിർമിക്കുന്ന കെട്ടിടസമുച്ചയത്തിന്‌ ഒരുകോടി രൂപ.

കൊച്ചിയുടെ നാവികചരിത്ര മ്യൂസിയത്തിന്‌ 10 ലക്ഷം, കാക്കനാട്ടെ കെ ടി ജോർജ്‌ പാർക്ക്‌, തിരുവോണം പാർക്ക്‌ എന്നിവ നവീകരിക്കാൻ 25 ലക്ഷം, സിഎസ്‌ആർ ഫണ്ട്‌ പ്രയോജനപ്പെടുത്തി ഫോർട്ട്‌ കൊച്ചിയിലെ ഡച്ച്‌ സെമിത്തേരി നവീകരണം, ഫോർട്ട്‌ കൊച്ചി ദോബി ഘാന വികസനത്തിന്‌ 10 ലക്ഷം, ഹൈക്കോടതി ജങ്ഷനിലെ വാണിജ്യസമുച്ചയ നിർമാണത്തിന്‌ 50 ലക്ഷം, തൃക്കാക്കരയിലെ വാണിജ്യസമുച്ചയം നവീകരണത്തിന്‌ രണ്ടുകോടി രൂപ, മണപ്പാട്ടിപ്പറമ്പ്‌ വാണിജ്യസമുച്ചയ നിർമാണത്തിന്‌ മൂന്നുകോടി രൂപ,  കലൂർ ജേണലിസ്‌റ്റ്‌ കോളനി പുനരുദ്ധാരണത്തിന്‌ 25 ലക്ഷം തുടങ്ങിയ പദ്ധതികളും ബജറ്റിൽ പ്രഖ്യാപിച്ചു.

സിറ്റി സ്‌ക്വയർ

ഷോപ്പിങ് മാൾ, മൾട്ടിപ്ലക്‌സ്‌, കൺവൻഷൻ സെന്റർ തുടങ്ങിയ സൗകര്യങ്ങളോടെ കലൂർ മണപ്പാട്ടിപ്പറമ്പിലെ 4.70 ഏക്കറിൽ നിർമിക്കുന്ന സിറ്റി സ്‌ക്വയറിൽ എല്ലാ പ്രായക്കാർക്കുമുള്ള വിനോദസൗകര്യങ്ങൾ. പ്രതീക്ഷിതചെലവ്‌ 150 കോടി രൂപ. ഡിപിആറിന്‌ ഒരുകോടി രൂപ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top