25 September Monday

ഇച്ഛാശക്തി അജയ്യമാണ്

വെബ് ഡെസ്‌ക്‌Updated: Monday Nov 27, 2017

ചുറ്റുപാടുകളുടെ നിയന്ത്രണം എപ്പോഴും നമ്മുടെ കൈയിലല്ലെങ്കിലും അവയോടുള്ള പ്രതികരണം പൂര്‍ണമായും നമ്മുടെ നിയന്ത്രണത്തിലാണ്. ജീവിതത്തിലെ ദുര്‍ഘടമായ വഴികളോട് നല്ല രീതിയില്‍ പ്രതികരിച്ച് വിജയം നേടാനുള്ള ഏറ്റവും നല്ല മരുന്ന്  ഉറച്ച ഇച്ഛാശക്തി (will power)തന്നെ.  എല്ലാവര്‍ക്കും ഒരുപാട് സ്വപ്നങ്ങളും ആഗ്രഹങ്ങളുമുണ്ട്. പക്ഷേ വളരെ കുറച്ച് ആളുകള്‍ക്കേ അവരുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും സഫലീകരിക്കാന്‍ സാധിക്കാറുള്ളൂ. പരിശ്രമിക്കാതെ  സ്വപ്നങ്ങള്‍ മാത്രമാക്കി ജീവിക്കുന്നവര്‍ തടസ്സം വരുമ്പോള്‍ ഉപേക്ഷിച്ച് പോകുന്നവര്‍, പ്രശ്നങ്ങള്‍ തരണം ചെയ്ത് ഉദ്ദേശ്യഫലം സൃഷ്ടിക്കുന്നവര്‍ എന്നിങ്ങനെയുള്ള വിവിധതരമാളുകളെ നമുക്ക് കാണാന്‍ കഴിയും. ഇതില്‍ ഉദ്ദിഷ്ടഫലം സൃഷ്ടിക്കുന്നവരെ മറ്റുള്ളവരില്‍നിന്ന് വേര്‍തിരിക്കുന്നത് ഇച്ഛാശക്തിയും ഉറച്ച തീരുമാനങ്ങളുമാണ്. “എവിടെയാണോ ഇച്ഛ ഉള്ളത് അവിടെ ഒരു വഴിതെളിയും (where there is a will, there is a way) എന്ന പഴഞ്ചൊല്ല് ലോകത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ ഒന്നാണ്.
ഉദ്ദിഷ്ട കാര്യങ്ങള്‍ ചെയ്യുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെറിയ തടസ്സങ്ങള്‍ കാരണം  അവ പെട്ടെന്ന് നടക്കാതെ വരുമ്പോള്‍ സമയത്തെയും ചുറ്റുപാടുകളെയും കുറ്റപ്പെടുത്തുകയും ഒഴിവുകഴിവ് പറഞ്ഞ് സമാധാനിക്കുകയും ചെയ്യുന്ന നല്ലൊരു വിഭാഗം അഭ്യസ്തവിദ്യര്‍  സമൂഹത്തിലുണ്ട്. ജീവിതത്തില്‍ ആവശ്യങ്ങളും (needs), ഉദ്ദേശ്യങ്ങളും  (purpose)  ലക്ഷ്യങ്ങളും (objectives) ഇല്ലാത്തതാണ് ഇതിന് മുഖ്യകാരണം. അടിസ്ഥാനമായ ഇച്ഛാശക്തിയില്ലാത്ത ഇത്തരക്കാര്‍ നമ്മുടെ രാജ്യത്തെയും സമൂഹത്തെയും  ദുര്‍ബലപ്പെടുത്തുന്നു. ഒരു പരിധിവരെ രക്ഷാകര്‍ത്താക്കളും മറ്റ് വേണ്ടപ്പെട്ടവരും ഇതിന് വളം വച്ച് കൊടുക്കുന്നുമുണ്ട്
പ്രതിസന്ധികളെ തരണം ചെയ്യാനുള്ള മനസ്സിന്റെ ഉറച്ച തീരുമാനത്തെ നമുക്ക് ഇച്ഛാശക്തി (willpower)എന്നു വിളിക്കാം. ചിലര്‍ക്ക് ഇത്  ജന്മനാ ലഭിക്കുമെങ്കില്‍ മറ്റു  ചിലര്‍ക്ക് ജീവിതാനുഭവങ്ങളിലൂടെ ലഭിക്കുന്നുവെന്ന്  മനഃശാസ്ത്രജ്ഞര്‍ തെളിയിക്കുന്നു. ഈ അവസരത്തില്‍ ദരിദ്രമായ കുടുംബത്തിലെ ഒരു ബാലന്‍ രാവിലെയും വൈകിട്ടും വീടിനടുത്തുള്ള പുഴ നീന്തിക്കടന്ന് സ്കൂളില്‍ പോയി പഠിച്ച് തന്റെ അടങ്ങാത്ത ഇച്ഛാശക്തിയും കഠിനപ്രയത്നവും കൊണ്ട് പടവുകള്‍ ചവിട്ടിക്കയറി ഇന്ത്യയുടെ  പ്രധാനമന്ത്രിവരെ ആയ കഥ നാം ഓര്‍ക്കണം. ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ ഈ ബാല്യകാല അനുഭവം ജീവിതത്തില്‍ നല്ല കാര്യങ്ങള്‍ ചെയ്യാനും നേട്ടങ്ങള്‍ സൃഷ്ടിക്കാനുമുള്ള ആഗ്രഹം കുട്ടികളിലും യുവാക്കളിലും ഉണ്ടാക്കിയെടുക്കാന്‍ പ്രചോദനമാകുന്നു.
കുട്ടിക്കാലംമുതല്‍ ചെറിയ പ്രശ്നങ്ങള്‍ തരണം ചെയ്യുകയും ഉത്തരവാദിത്തം നിറവേറ്റുകയും ചെയ്യുന്ന വ്യക്തികളില്‍ ഇച്ഛാശക്തി കാണാന്‍ കഴിയും. ഇച്ഛാശക്തി വ്യക്തമായ ലക്ഷ്യങ്ങള്‍ രൂപപ്പെടുത്താനും അവ നേടാനുമുള്ള വഴികള്‍ ആസൂത്രണം ചെയ്യാന്‍ പ്രേരണയാകുന്നു. ബിസിനസ് രംഗത്താണെങ്കിലും തൊഴില്‍ മേഖലയിലാണെങ്കിലും പ്രതിസന്ധികള്‍ തരണം ചെയ്ത് ഫലം സൃഷ്ടിക്കാന്‍ കഴിവുള്ള ചെറുപ്പക്കാര്‍ക്കാണ് മുന്‍ഗണന. മുന്‍ലക്കത്തില്‍ പ്രതിപാദിച്ച എന്ത് നേടണം എങ്ങനെ നേടും’’ എന്ന  ചോദ്യങ്ങള്‍ ഒരു വ്യക്തിയുടെ ഇച്ഛാശക്തി എത്രത്തോളമുണ്ടെന്ന് സ്വയം വിലയിരുത്താനുള്ള അളവുകോല്‍ കൂടിയാണ്. നിലവിലെ ഡല്‍ഹി അസിസ്റ്റന്റ് കലക്ടര്‍ ഇറാ സിംഗാള്‍ ഇച്ഛാശക്തിയുടെ പ്രതീകമാണ്. യുപിഎസ്സിയുടെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ നേടിയ ഈ വനിത ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികള്‍ ഇതിനകം തന്നെ തരണം ചെയ്തു.
 കുട്ടിക്കാലംമുതല്‍ പഠനത്തില്‍ സമര്‍ത്ഥയായിരുന്ന ഇവര്‍ സ്കോളിയോസിസ് എന്ന നട്ടെല്ലിനെ ബാധിച്ച രോഗത്തിന് അടിമയാണ്. ഈ രോഗം അവരുടെ കൈകളുടെ ചലനത്തെയും സാരമായി ബാധിച്ചു. 2010 ല്‍ സിവില്‍ സര്‍വീസ് പരീക്ഷ പാസായ ഇറാ സിംഗാളിന് ശാരീരിക പരിമിതികള്‍ ചൂണ്ടിക്കാണിച്ച് ജോലി നല്‍കാന്‍  അധികാരികള്‍  തയ്യാറായില്ല. തന്റെ പ്രയ്തനത്തെയും പരീക്ഷാഫലത്തെയും മാനിക്കണമെന്നും അനുകൂലമായ തീരുമാനം ഉണ്ടാകണമെന്നും അഭ്യര്‍ത്ഥിച്ച് സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ ഒരു കേസ് ഫയല്‍  ചെയ്തു. ഇതേ സമയം ഇന്ത്യന്‍ റവന്യൂ സര്‍വീസ് 2010 ല്‍ പാസായ ഇറാ സിംഗാള്‍ ഉയര്‍ന്ന് ഗ്രേഡ് കിട്ടാന്‍ സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് വീണ്ടും തയ്യാറെടുത്തു. 2014 ല്‍ കോടതിയുടെ അനുകൂലവിധി ഉണ്ടാവുകയും റവന്യൂ സര്‍വീസില്‍ പ്രവേശിക്കുകയും ചെയ്തു. വീണ്ടും പരീക്ഷ എഴുതിയ ഇറാസിംഗാളിന് 2015 ല്‍ ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (IAS) ലഭിക്കുകയുണ്ടായി. തന്റെ ആദ്യശ്രമങ്ങളില്‍ നേടിയ ഐആര്‍എസില്‍ ഒതുങ്ങാതെ ഐഎഎസ് നേടണമെന്ന ഉറച്ച ആഗ്രഹം ഇവരെ ലക്ഷ്യത്തിലെത്തിച്ചു. “സമൂഹത്തിന് സേവനം ചെയ്യണമെന്ന ഇച്ഛ നന്നായി പരിശ്രമിക്കാന്‍ പ്രചോദനം നല്‍കി. ശാരീരിക പരിമിതികള്‍  ആഗ്രഹങ്ങള്‍ സഫലീകരിക്കാന്‍ ഒരിക്കലും ഒരു പരിമിതിയാകില്ലെന്ന് രക്ഷാകര്‍ത്താക്കള്‍ ഓര്‍മിപ്പിച്ചുകൊണ്ടേയിരുന്നു. ഇത്  വിജയമല്ലെന്നും വിജയത്തിലേക്കുള്ള ആദ്യപടിയാണെന്നുമുള്ള’’ഇറാ സിംഗാളിന്റെ വാക്കുകള്‍ ജോലി തേടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കും ഒന്നോ രണ്ടോ അഭിമുഖങ്ങളിലും പരീക്ഷകളിലും തെരഞ്ഞെടുക്കപ്പെടാതെ വരുമ്പോള്‍ ഒന്നിനും കൊള്ളില്ല എന്നു വിചാരിക്കുന്നവര്‍ക്ക് ചിന്തിക്കാനും പ്രതിസന്ധികള്‍ തരണംചെയ്ത് തൊഴിലില്‍ മുന്നോട്ട് പോകുന്നവര്‍ക്ക് പ്രചോദനമാകാനും സാധിക്കട്ടെയെന്ന് ആഗ്രഹിക്കുന്നു.
ഇച്ഛാശക്തിയുടെ കുറവാണ് ജീവിതനൈരാശ്യത്തിലേക്കും ആത്മഹത്യയിലേക്കും നയിക്കുന്നത്. അതിനാല്‍ വിജയത്തിന് വേണ്ടത് മസില്‍ പവറല്ല വില്‍പവര്‍ ആണെന്ന് ഓര്‍ക്കുക. ഇച്ഛാശക്തിയുള്ള ഒരു ജനത രാജ്യത്തിന്റെ വികസനത്തിന് മുതല്‍ക്കൂട്ടാണ്. അതിനാല്‍ ഒരു വികസിത രാജ്യം സ്വപ്നം കാണുന്ന നാം ഓരോരുത്തര്‍ക്കും ഇച്ഛാശക്തിയോടെ പരിശ്രമിക്കാം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top