31 March Friday

പണ്ടേ ദുര്‍ബല, ഇപ്പോള്‍....

എന്‍ മധുUpdated: Sunday Jan 15, 2017

പണ്ടേ ദുര്‍ബല, ഇപ്പോള്‍ ഗര്‍ഭിണിയും’എന്നൊരു ചൊല്ലുണ്ട്. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ സ്ഥിതിയും ഇപ്പോള്‍ ഇങ്ങനെ. ഉല്‍പ്പാദന മുരടിപ്പ്, മുതല്‍മുടക്കിലെ പിന്നോട്ടടി, തൊഴിലും വരുമാനവും കുറയുകയും ഇല്ലാതാവുകയും ചെയ്യുന്ന സാഹചര്യം, ഡിമാന്‍ഡില്ലായ്മ...—പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന ഇതെല്ലാം തുടര്‍ച്ചയായി സംഭവിക്കുന്നു.—25 കൊല്ലത്തിലേറെയായി തുടരുന്ന നവലിബറല്‍’ സാമ്പത്തികനയത്തിന്റെ ദുരന്തങ്ങള്‍.—എല്ലാം കമ്പോളത്തിന് വിട്ടുകൊടുത്തുകൊണ്ടുള്ള ഈ കളിയില്‍ മുന്നേറുന്നത് പലപ്പോഴും ഊഹക്കച്ചവടത്തിന്റെ ചൂതാട്ടം. ഓഹരി-പണ കമ്പോളിലെ ചൂതാട്ടം ഇപ്പോള്‍ സമ്പദ്വ്യവസ്ഥയുടെ വിവിധ മേഖലകളിലേക്ക് വ്യാപിച്ചുകഴിഞ്ഞു.

അങ്ങനെ യഥാര്‍ഥ സമ്പദ്വ്യവസ്ഥ(റിയല്‍ ഇക്കോണമി)യുടെ ആരോഗ്യം നഷ്ടപ്പെടാന്‍തുടങ്ങിയിട്ട്കാലമേറെയായി. അതിനിടെയാണ് സമ്പദ്വ്യവസ്ഥയുടെ ആരോഗ്യം വീണ്ടും തകര്‍ത്ത് നോട്ട്നിരോധമെന്ന മിന്നലാക്രമണം. ഇതിന്റെ പ്രത്യാഘാതമായി സമ്പദ്വ്യവസ്ഥ കൂട്ടക്കുഴപ്പത്തിലേക്കും,മാന്ദ്യത്തിലേക്കും—വീഴുമെന്ന് സാമ്പത്തിക ശാസ്ത്രജ്ഞര്‍ ഒന്നടങ്കം മുന്നറിയിപ്പു നല്‍കിയിരുന്നു. ഇപ്പോള്‍, ഓരോ ദിവസവും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ആ മുന്നറിയിപ്പ് ശരിയെന്ന് സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍, കേന്ദ്രസര്‍ക്കാരോ റിസര്‍വ് ബാങ്കോ നോട്ട്നിരോധത്തിന്റെ പ്രത്യാഘാതമായി എന്തൊക്കെ സംഭവിച്ചുവെന്ന് ഒരുതരത്തിലും വിലയിരുത്തുന്നില്ല.

രാജ്യത്തിന്റെ ആഭ്യന്തരോല്‍പ്പാദനം 7.1 ശതമാനമായി കുറയുമെന്ന് റിസര്‍വ് ബാങ്കും കേന്ദ്ര സ്ഥിതിവിവര സംഘടനയും (സിഎസ്ഒ) പ്രഖ്യാപിച്ചതിനുപിന്നാലെ ലോകബാങ്കും നടപ്പു സാമ്പത്തികവര്‍ഷത്തില്‍ ഇന്ത്യയുടെ സാമ്പത്തികവളര്‍ച്ച ഏഴുശതമാനം മാത്രമാകുമെന്ന് പ്രഖ്യാപിച്ചു. 7.6 ശതമാനമായിരുന്നു ലോകബാങ്ക് നേരത്തെ പറഞ്ഞിരുന്നത്. പ്രചാരത്തിലുണ്ടായിരുന്ന പണത്തിന്റെ 85 ശതമാനം അപ്രതീക്ഷിതമായി പിന്‍വലിച്ചത് 2016-17ലെ (മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തികവര്‍ഷം) സാമ്പത്തികവളര്‍ച്ചയെ കാര്യമായി ബാധിക്കുമെന്ന് ലോകബാങ്ക് അവരുടെ ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍,  നോട്ട്നിരോധത്തിന്റെ പ്രത്യാഘാതം വിലയിരുത്താതെയാണ് വളര്‍ച്ചാനിരക്ക് കുറയുമെന്ന് സിഎസ്ഒയും ആര്‍ബിഐയും പറഞ്ഞിട്ടുള്ളത്. പിന്നോട്ടടിയുടെ സാഹചര്യം നേരത്തെതന്നെ ഉണ്ടെന്ന്് ഇവര്‍ പറയുന്നു. അങ്ങനെയെങ്കില്‍,—നോട്ട്നിരോധത്തിന്റെ പ്രത്യാഘാതംകൂടി കണക്കാക്കുമ്പോള്‍ തകര്‍ച്ച രൂക്ഷമാകുമെന്നുറപ്പ്. പക്ഷേ, നോട്ട്നിരോധം എന്തു—പ്രത്യാഘാതമുണ്ടാക്കിയെന്ന് റിസര്‍വ്ബാങ്കും സിഎസ്ഒയും ഇതുവരെ വിലയിരുത്തിയിട്ടില്ല. അപ്പോള്‍ സമ്പദ്വ്യവസ്ഥയുടെ യഥാര്‍ഥ ചിത്രം എങ്ങനെ വ്യക്തമാകും. ഈ ഇരുട്ടില്‍നിന്നുകൊണ്ടാണ് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി ബജറ്റ് അവതരിപ്പിക്കാന്‍ പുറപ്പെടുന്നത്. സര്‍ക്കാരും സര്‍ക്കാരിന്റെ ഏജന്‍സികളും സമ്പദ്വ്യവസ്ഥയിലെ തകര്‍ച്ചയുടെ ആഴം പഠിക്കാതെ എങ്ങനെ ബജറ്റ് അവതരിപ്പിക്കുമെന്നത് മറ്റൊരു ചോദ്യം. ബജറ്റ് അവതരിപ്പിക്കുന്നതിനുമുന്നേ ധനമന്ത്രിക്ക് ഇതുസംബന്ധിച്ച് വ്യക്തമായ വിവരം വേണ്ടതാണ്.

നിര്‍മാണമേഖല, ഉല്‍പ്പന്ന നിര്‍മാണ വ്യവസായം (മാനുഫാക്ചറിങ്), അടിസ്ഥാന ഘടകമേഖല, ‘ഭക്ഷ്യസംസ്കരണം, എന്‍ജിനിയറിങ്, തുണിവ്യവസായം, കെമിക്കല്‍ വ്യവസായങ്ങള്‍,— വാഹന വില്‍പ്പന, വീടുവില്‍പ്പന എന്നിവയിലെല്ലാം വന്‍ പിന്നോട്ടടിയുടെ വിവരങ്ങള്‍ പുറത്തുവരുന്നു. നാട്ടുകാരുടെ കൈയിലുണ്ടായിരുന്ന പണമെല്ലാം ബാങ്കുകളിലേക്കെത്തിച്ചിട്ടും ഒരിടത്തും ആര്‍ക്കും ബാങ്ക്വായ്പയും വേണ്ട. സാമ്പത്തികരംഗം മരവിച്ചുകിടക്കുമ്പോള്‍ വായ്പയെടുത്ത് ആരും മുതല്‍മുടക്കില്ലല്ലോ.

നോട്ട്നിരോധം സമ്പദ്വ്യവസ്ഥയെ എങ്ങനെ ബാധിക്കുന്നുവെന്നതിന്റെ കൃത്യമായ തെളിവാണ് ബാങ്ക്വായ്പ വന്‍തോതില്‍ കുറയുന്നതായി അടുത്തദിവസം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എസ്ബിഐയുടെ സാമ്പത്തിക ഗവേഷണവിഭാഗം പ്രസിദ്ധീകരിച്ച കണക്കുപ്രകാരം ഡിസംബര്‍ 23 വരെ വായ്പ 5.1 ശതമാനം കുറഞ്ഞു. 5229 കോടി രൂപയുടെ കുറവ്. ഇതേസമയം, ബാങ്ക്നിക്ഷേപം നാലുലക്ഷം കോടി വര്‍ധിച്ചു. 20 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തകര്‍ച്ചയാണിത്. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടാനുള്ള സാധ്യത, തൊഴിലും വരുമാനവും കൂടാനുള്ള സാഹചര്യം, ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിക്കാനുള്ള സാഹചര്യം (ഡിമാന്‍ഡ്) എന്നിവയൊന്നും കാണാത്തതിനാല്‍ ആര്‍ക്കും വായ്പ വേണ്ട.

ഓള്‍ ഇന്ത്യാ മാനുഫാക്ചേഴ്സ് അസോസിയേഷന്‍ ജനുവരി ഒമ്പതിന് പ്രസിദ്ധീകരിച്ച കണക്കുപ്രകാരം നോട്ട്നിരോധം പ്രഖ്യാപിച്ച് ആദ്യത്തെ 34 ദിവസത്തിനകം 35 ശതമാനം തൊഴിലാളികളെ പിരിച്ചുവിട്ടു. വരുമാനം 50 ശതമാനം കുറഞ്ഞു. നോട്ട്നിരോധത്തിന്റെ പ്രത്യാഘാതങ്ങള്‍ പടരുന്നതിനിടെ നവംബറില്‍ പ്രസിദ്ധീകരിച്ച ഔദ്യോഗിക കണക്കുപ്രകാരംതന്നെ ആഭ്യന്തരോല്‍പ്പാദനവുമായുള്ള അനുപാതത്തില്‍ മുതല്‍മുടക്ക് നാലുശതമാനം കുറഞ്ഞു. ഇത് ഏപ്രില്‍-സെപ്തംബര്‍ കാലയളവിലെ കണക്കാണ്. അപ്പോള്‍ തുടര്‍ന്നുള്ള സ്ഥിതി ഊഹിക്കാം. നവംബര്‍ എട്ടിനുശേഷം പുതിയ മുതല്‍മുടക്ക് നിര്‍ദേശങ്ങള്‍  50 ശതമാനം കുറഞ്ഞുവെന്ന്് സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമി (സിഎംഐഇ) പുറത്തുവിട്ട കണക്കില്‍ പറയുന്നുണ്ട്. 

നോട്ട് അസാധുവാക്കലിനു മുന്നേതന്നെ എല്ലാ മേഖലയിലും സ്ഥിതി വഷളായിരുന്നുവെന്ന് സര്‍ക്കാര്‍തന്നെ സമ്മതിക്കുന്നു.  അപ്പോള്‍, നോട്ട് അസാധുവാക്കിയതിനെത്തുടര്‍ന്ന് ഉല്‍പ്പാദനമേഖലകളില്‍ എന്തു നഷ്ടമുണ്ടായി, തൊഴില്‍ എത്ര കുറഞ്ഞു—എന്നൊന്നും പഠിക്കാതെ സമ്പദ്വ്യവസ്ഥയെ എങ്ങനെ മുന്നോട്ടു കൊണ്ടുപോകും. കേന്ദ്രസര്‍ക്കാര്‍ അതിനൊന്നും മിനക്കെട്ടുകാണുന്നില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top