25 March Saturday

ഇന്ന് കടം, നാളെ റൊക്കം

കെ.അരവിന്ദ്Updated: Sunday Jan 15, 2017

ഫെയ്സ്ബുക്കിന് രൂപംനല്‍കുന്ന കാലത്ത് അതിന്റെ സ്ഥാപകന്‍ മാര്‍ക് സുക്കര്‍ബര്‍ഗിന് തന്റെ സംരംഭം ലാഭകരമാക്കുന്നതിന് നേരത്തെ നടപ്പാക്കി വിജയിച്ച ബിസിനസ് മാതൃകയൊന്നും പിന്തുടരാനുണ്ടായിരുന്നില്ല. നൂതനവും സവിശേഷവുമായ എന്തിനെയും ആളുകള്‍ സ്വീകരിക്കുമെന്നും ആ സ്വീകാര്യതയെ ബിസിനസിന്റെ വിജയത്തിന് ഉപയോഗിക്കാനാകുമെന്നതുമായിരുന്നു അയാളുടെ ചിന്ത.

ആ കണക്കൂകൂട്ടല്‍ ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചു. ഇന്ന് ഫെയ്സ്ബുക്കിന്റെ വിപണിമൂല്യം കണക്കാക്കുന്നത് കമ്പനി നടത്തിയ മൂലധനനിക്ഷേപങ്ങളുടെയും കമ്പനിയുടെ കൈവശമുള്ള ആസ്തികളുടെയുമൊന്നും അടിസ്ഥാനത്തിലല്ല. ഫെയ്സ്ബുക്കിലെ അക്കൌണ്ട് ഉടമകളുടെ അഥവാ കമ്പനിയുടെ ഉപയോക്താക്കളുടെ എണ്ണത്തിന്റെയും അവര്‍ നടത്തുന്ന സംവേദനങ്ങളുടെ വ്യാപ്തത്തിന്റെയും അടിസ്ഥാനത്തിലാണ്. ചുരുക്കിപ്പറഞ്ഞാല്‍ ഉപയോക്താക്കളാണ് ഫെയ്സ്ബുക്കിന്റെ ആസ്തി.

ഉപയോക്താക്കള്‍ക്ക് ഒരു പുതിയ സൌകര്യം സൌജന്യമായോ കുറഞ്ഞ ചെലവിലോ ഒരുക്കുക, പതുക്കെ  ആ സൌകര്യത്തിന്റെ ഉപയോഗം ശീലമാക്കിമാറ്റുക, ശീലം ഒഴിവാക്കാനാകാത്തതാകുന്നതോടെ ഉപയോക്താക്കളെ തങ്ങളുടെ വരുതിയിലേക്ക് കൊണ്ടുവരിക, അവരില്‍നിന്ന് മതിയായ ചാര്‍ജുകള്‍ ഈടാക്കിത്തുടങ്ങുക (ഉപയോക്താക്കളില്‍നിന്ന് നേരിട്ട് ചാര്‍ജുകള്‍ ഈടാക്കുന്നതിനുപകരം ഫെയ്സ്ബുക്ക്പോലുള്ള സോഷ്യല്‍ മീഡിയാ സ്ഥാപനങ്ങള്‍ ഉപയോക്താക്കളുടെ അടിത്തറയെ ഉപയോഗിച്ച് വരുമാനമുണ്ടാക്കുന്നു).

പതുക്കെ ഇതുവരെ നടത്തിവന്ന പരീക്ഷണത്തെ ലാഭക്ഷമതയിലേക്ക് ഉയര്‍ത്തുക, ആധുനികകാലത്തെ സേവന ബിസിനസ് മേഖലയിലെ രീതിയാണിത്. ബാങ്കുകള്‍മുതല്‍ ടെലികോംവരെ, ഇന്റര്‍നെറ്റ് സേവനദാതാക്കള്‍മുതല്‍ കോള്‍ ടാക്സിവരെ ഈ രീതിയാണ് ഇന്നു പയറ്റുന്നത്. നോട്ട്നിരോധത്തെത്തുടര്‍ന്ന് ഡിജിറ്റല്‍ കറന്‍സി പ്രോത്സാഹിപ്പിക്കുന്നതിനായി ഇപ്പോള്‍ അവതരിപ്പിച്ച വിവിധങ്ങളായ മൊബൈല്‍ ഇ-വാലറ്റ് സേവനങ്ങളും തുടക്കത്തില്‍ തികച്ചും സൌജന്യമാണെങ്കിലും അധികംതാമസിക്കാതെ അവയ്ക്കും ഉപയോഗിക്കുന്ന മുറയ്ക്ക് പണം നല്‍കേണ്ടിവരുമെന്നതാണ് വസ്തുത.

എടിഎം/ഡെബിറ്റ് കാര്‍ഡുകള്‍ക്ക് തുടക്കത്തില്‍ ചാര്‍ജ് ഈടാക്കിയിരുന്നില്ല. എന്നാല്‍ ഇന്ന് കാര്‍ഡുകള്‍ക്ക് ബാങ്കുകള്‍ ചാര്‍ജ് ഈടാക്കുന്നത് ഉപയോക്താക്കള്‍ പലപ്പോഴും അറിയാറേയില്ല. അക്കൌണ്ടില്‍നിന്ന് ഓരോ വര്‍ഷവും ബാങ്കുകള്‍ ചാര്‍ജ് ഈടാക്കുന്നത് ബാങ്ക് സ്റ്റേറ്റ്മെന്റ് നോക്കുമ്പോഴേ അറിയുകയുള്ളൂ.
കോള്‍ടാക്സിയും മൊബൈല്‍ വാലറ്റുംപോലുള്ള ഇന്റര്‍നെറ്റ് അധിഷ്ഠിത സേവനങ്ങള്‍ നല്‍കുന്ന കമ്പനികളും ഇപ്പോള്‍ പയറ്റുന്നത് സമാന തന്ത്രമാണ്. വളരെ താഴ്ന്ന നിരക്കില്‍ കാര്‍ യാത്ര ഒരുക്കുന്ന കോള്‍ ടാക്സി കമ്പനികളും ഒരു ചാര്‍ജും ഈടാക്കാതെ ഡിജിറ്റല്‍ പണമിടപാട് നടത്താവുന്ന മൊബൈല്‍ വാലറ്റുകളും ഉപയോക്താക്കളില്‍ പുതിയ ശീലങ്ങള്‍ നട്ടുപിടിപ്പിക്കുകയാണ് ചെയ്യുന്നത്. ശീലം ഉപയോക്താവിന് ഒഴിച്ചുകൂടാനാകാത്തതായി മാറിയെന്ന് ഉറപ്പാകുന്നതോടെ പതുക്കെ സൌജന്യങ്ങള്‍ ഇല്ലാതാകുകയും നിരക്കുകള്‍ ഉയരുകയും പുതിയ ചാര്‍ജുകള്‍ ഈടാക്കിത്തുടങ്ങുകയും ചെയ്യും.

ടെലികോം സേവനരംഗത്ത് വിപ്ളവം സൃഷ്ടിച്ച് കടന്നുവന്ന റിലയന്‍സ് ജിയോയും ചെയ്യുന്നത് ഇതുതന്നെയാണ്. എല്ലാ മാസവും ഒരു ജിബി ഡാറ്റാ സൌജന്യമായി നല്‍കുകയും ഡാറ്റാ അധിഷ്ഠിത കോളുകള്‍ സൌജന്യമാക്കുകയും ചെയ്ത റിലയന്‍സ് ജിയോ ഉപയോക്താക്കളെ വലയിലാക്കുകയാണ്. ഒന്നരലക്ഷം കോടി രൂപ മുതല്‍മുടക്കി തുടങ്ങിയ സംരംഭം ഇത്തരം സൌജന്യപരീക്ഷണങ്ങളിലൂടെ എങ്ങനെ ലാഭത്തിലെത്തിക്കുമെന്ന് സംശയിച്ചവരുണ്ട്. എന്നാല്‍ മറ്റ് സേവന ദാതാക്കളുടെ ഉപയോക്താക്കളെ തങ്ങളിലേക്ക് ആകര്‍ഷിക്കുകയും ഉപയോക്താക്കളുടെ വിപുലമായ അടിത്തറ സൃഷ്ടിക്കുകയുമായിരുന്നു അവരുടെ തന്ത്രം.

റിലയന്‍സ് ജിയോയുടെ സൌജന്യം ഉപയോഗിക്കുന്ന 86 ശതമാനംപേരും സൌജന്യ കാലയളവിനുശേഷവും ജിയോയില്‍തന്നെ തുടരുമെന്നാണ് ബാങ്ക് ഓഫ് അമേരിക്ക മെറില്‍ ലിഞ്ച് നടത്തിയ സര്‍വേ കണ്ടെത്തിയിരിക്കുന്നത്. മാത്രവുമല്ല, ഇവരില്‍ 57 ശതമാനംപേരും ഏറ്റവും വിലകുറഞ്ഞ പാക്കേജിനുപകരം 400-500 രൂപയുടെ പാക്കേജ് സ്വീകരിക്കുമെന്നും പറയുന്നു. ഡിസംബര്‍ 31 വരെ നല്‍കിയ സൌജന്യ ഓഫര്‍ മാര്‍ച്ച് 31 വരെ നീട്ടിയതിനു കാരണവും മറ്റൊന്നല്ല.

“'ദേര്‍ ഈസ് നോ ഫ്രീ ലഞ്ച്' എന്ന ഇംഗ്ളീഷ് പഴമൊഴിക്ക് വകഭേദം ഒരുക്കുകയാണ് ഈ കമ്പനികള്‍. ഫ്രീ ലഞ്ച് ആദ്യം നല്‍കുക, പിന്നീട് ലഞ്ചിന്റെ രുചിക്ക് അടിപ്പെടുന്നതോടെ അവരെ തങ്ങളുടെ നിത്യ ഉപയോക്താക്കളാക്കി മാറ്റുക.. ഇതാണ് പുതിയകാലത്തെ ബിസിനസ് തന്ത്രം. അതിനിടയില്‍ നേരത്തെ നല്‍കിയ ഫ്രീ ലഞ്ചിനുള്‍പ്പെടെ ചാര്‍ജ് ഈടാക്കുന്ന ബിസിനസ് ലാക്കും ഈ തന്ത്രത്തിനു പിന്നിലുണ്ടാകാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top