05 February Sunday

ഭവനവായ്പയ്ക്ക് അപേക്ഷിക്കുമ്പോള്‍ ബാങ്കുകള്‍ പരിഗണിക്കുന്നത്

ഹര്‍ഷാല ചന്ദോര്‍ക്കര്‍Updated: Sunday Aug 21, 2016

സ്വപ്നവീട് വാങ്ങുകയെന്നത് മിക്കവരുടെയും ജീവിതാഭിലാഷമാണ്. അതു പ്രാവര്‍ത്തികമാക്കാന്‍ വളരെയേറെ ശ്രമിക്കുകയും ചെയ്യുന്നു.  സമയവും ഊര്‍ജവും, ഏറ്റവും പ്രധാനമായി ധാരാളം പണവും ഈ സ്വപ്നം സാക്ഷാല്‍കരിക്കുന്നതിന് ചെലവഴിക്കുന്നു.
ഇത്ര വലിയൊരു നിക്ഷേപം നടത്തുമ്പോള്‍ നല്ല ഗവേഷണവും തയ്യാറെടുപ്പും നടത്തേണ്ടിയിരിക്കുന്നു. ഇത്തരത്തില്‍ വലിയതോതില്‍ നിക്ഷേപം നടത്താന്‍ ഭവനവായ്പകള്‍ സഹായത്തിനെത്തുന്നുണ്ട്. അതുവഴി വീടിന്റെ ഉടമ’എന്ന സ്വപ്നം സാക്ഷാല്‍കരിക്കാനും സഹായിക്കുന്നു.
ഈ സാഹചര്യത്തില്‍ വായ്പാസ്ഥാപനങ്ങള്‍ ഭവനവായ്പാ അപേക്ഷകള്‍ എങ്ങനെ വിലയിരുത്തുന്നുവെന്നും വായ്പ എളുപ്പം ലഭിക്കാന്‍ ചെയ്യേണ്ട ഗൃഹപാഠങ്ങള്‍ എന്തൊക്കെയാണെന്നും മനസ്സിലാക്കുന്നതു നല്ലതാണ്.

 വേണ്ട രേഖകള്‍

‘ഭവനവായ്പ നല്‍കുന്ന സ്ഥാപനം ആദ്യം ചോദിക്കുക വാങ്ങാന്‍പോകുന്ന അല്ലെങ്കില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന വീടിനെക്കുറിച്ചും അതുമായി ബന്ധപ്പെട്ട രേഖകളുമാണ്. അതായത്, തെരഞ്ഞെടുത്ത വസ്തുവിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍നിന്നുള്ള എല്ലാ രേഖകളും അനുമതിയും ലഭിച്ചിട്ടുണ്ടോ എന്നാണ്.
 ഇതു ബോധ്യപ്പെടുത്തിയാല്‍ അടുത്തഘട്ടത്തിലേക്കു കടക്കുകയായി. വരുമാനത്തിന്റെ തെളിവ്, കുറഞ്ഞത് ആറുമാസത്തെ ശമ്പള സ്ളിപ്, കഴിഞ്ഞ മൂന്നുവര്‍ഷത്തെ ആദായനികുതി റിട്ടേണ്‍, ജനനത്തീയതി, ഇപ്പോഴത്തെ വിലാസം, പാന്‍, ബാങ്ക് സ്റ്റേറ്റ്മെന്റ് തുടങ്ങിയവ ലഭ്യമാക്കണം. ആവശ്യപ്പെട്ട രേഖകളുടെ കോപ്പി ഒറിജിനലിനൊപ്പം പരിശോധനയ്ക്കു സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കുന്നു.  ഇതോടെ വായ്പ നേടുന്നതിനുള്ള ആദ്യപടിയായി.

വരുമാനം–കടം അനുപാതം

 മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ് ഇപ്പോള്‍ ഏതെങ്കിലും വായ്പയില്‍ പ്രതിമാസ ഗഡു (ഇഎംഐ) അടയ്ക്കുന്നുണ്ടോ എന്നത്. വായ്പാ അപേക്ഷയില്‍ തീരുമാനമെടുക്കുന്നതിലെ പ്രധാന ഘടകങ്ങളിലൊന്നാണിത്.
 വായ്പാ അപേക്ഷ എങ്ങനെയാണ് അവലോകനംചെയ്യുന്നതെന്ന് രണ്ട് ഉദാഹരണങ്ങളിലൂടെ നമുക്കു മനസ്സിലാക്കാം.
അശോക് കുമാറും ബിനീഷും 30 ലക്ഷം രൂപവീതം ഭവനവായ്പയ്ക്ക് അപേക്ഷ നല്‍കിയെന്നു സങ്കല്‍പ്പിക്കുക. ഈ രണ്ടു പേര്‍ക്കും വായ്പയ്ക്ക് അര്‍ഹമായവിധത്തില്‍ ക്രെഡിറ്റ് സ്കോര്‍ ഉണ്ടെന്നും സങ്കല്‍പ്പിക്കുക.
 അശോകിന്റെ അപേക്ഷ ഭവനവായ്പാ സ്ഥാപനം എങ്ങനെയാണ് വിലയിരുത്തുന്നതെന്നു നോക്കാം.

അശോകിന് മാസം ഒരുലക്ഷം രൂപ വരുമാനമുണ്ടെന്നു കരുതുക. അശോക് ഇപ്പോള്‍  20,000 രൂപ  പ്രതിമാസ ഗഡു അടയ്ക്കുന്നുണ്ട്. അതായത്, അശോകിന്റെ ഇഎംഐ–വരുമാന അനുപാതം 20 ശതമാനമാണ്. അശോകിന്റെ വായ്പാശേഷി 50,000 രൂപയായി വായ്പാസ്ഥാപനം കണക്കാക്കുന്നു. അതായത്, അയാളുടെ ശമ്പളത്തിന്റെ പകുതി.
ഈ സാഹചര്യത്തില്‍ അശോകിന്  കൂടുതലായി താങ്ങാന്‍ സാധിക്കുന്ന ഇഎംഐ പരമാവധി 30,000 രൂപവരെയാണ്. ഇഎംഐ കാല്‍ക്കുലേറ്റര്‍ ഉപയോഗിച്ച് എത്ര വായ്പ നല്‍കണമെന്നു കണ്ടെത്താം. 10 ശതമാനം പലിശനിരക്കില്‍ 20 വര്‍ഷത്തേക്ക് 30 ലക്ഷം രൂപ വായ്പയ്ക്ക് അശോക് അര്‍ഹനാണ്. നല്‍കിയ രേഖകളെല്ലാം പൂര്‍ണമാണെങ്കില്‍ അശോക് നല്‍കിയ  അപേക്ഷ സ്ഥാപനം അംഗീകരിച്ച് വായ്പ അനുവദിക്കും.

 ഇവിടെ മനസ്സിലാക്കേണ്ട പ്രധാന കാര്യം വരുമാനം–ഇഎംഐ അനുപാതം 50 ശതമാനത്തിനു മുകളിലാണെങ്കില്‍  വായ്പാസ്ഥാപനം അതിനെ പ്രതികൂലമായേ കണക്കാക്കുകയുള്ളു.
 ഇനി ബിനീഷിന്റെ കാര്യത്തിലേക്കു വരാം. അയാളുടെ പ്രതിമാസ വരുമാനം രണ്ടുലക്ഷം രൂപയാണ്. അതായത് അശോകിന്റെ വരുമാനത്തിന്റെ ഇരട്ടി. ബിനീഷ് ഇപ്പോള്‍തന്നെ ഒരുലക്ഷം രൂപ ഇഎംഐ വരുന്ന വായ്പ തിരിച്ചടച്ചുകൊണ്ടിരിക്കുകയാണ്. അതായത് ബിനീഷിന്റെ ഇഎംഐ–വരുമാന അനുപാതം 50 ശതമാനത്തിലാണ്. ബിനീഷിന് കൂടുതലായി ഇഎംഐ അടയ്ക്കാനുള്ള ശേഷിയില്ല എന്നാണ് ഇതു കാണിക്കുന്നത്. അയാള്‍ക്ക് 30 ലക്ഷത്തിന്റെ വായ്പ നല്‍കിയാല്‍ പ്രതിമാസം 30,000 രൂപകൂടി അധികമായി ഇഎംഐക്കു കണ്ടെത്തേണ്ടിവരും. ഇത് പൊതുവേ അംഗീകരിച്ച ഇഎംഐ–വായ്പ അനുപാതത്തിനു മുകളിലേക്ക് അയാളെ എത്തിക്കും.
അതിനാല്‍ ബിനീഷിന്റെ കാര്യത്തില്‍ വായ്പ നിഷേധിക്കാനാണ് സാധ്യത. അതായത് നിലവിലുള്ള ഇഎംഐ, മാസവരുമാനത്തിന്റെ 50 ശതമാനത്തില്‍ കൂടുതലായാല്‍ വായ്പ കിട്ടാനുള്ള സാധ്യത തീരെയില്ല.

സിബില്‍ റിപ്പോര്‍ട്ടും സ്കോറും

ഉയര്‍ന്ന വായ്പാ സ്കോറും ശക്തമായ വായ്പാ ചരിത്രവും ഉയര്‍ന്ന വരുമാനവും വായ്പ അനുവദിക്കാന്‍ സഹായിക്കുമെങ്കിലും ഉറപ്പു നല്‍കുന്നില്ല. ഒരാള്‍ക്ക് മാനേജ്ചെയ്യാവുന്ന വായ്പ എന്നതിനാണ് വായ്പ അനുവദിക്കുന്നതില്‍ മുഖ്യപരിഗണന. ഉയര്‍ന്ന വായ്പാ സ്കോറും ആരോഗ്യകരമായ തിരിച്ചടവു ചരിത്രവുമുള്ളവര്‍ക്ക് വായ്പയും ക്രെഡിറ്റ് കാര്‍ഡും നല്‍കാനാണ് വായ്പാസ്ഥാപനങ്ങള്‍ മുന്‍ഗണന നല്‍കുന്നത്.

വായ്പാ അപേക്ഷകനെക്കുറിച്ച് ആദ്യ അഭിപ്രായം രൂപീകരിക്കാനാണ് വായ്പാ സ്്കോര്‍ സഹായകരമാകുന്നത്. ഉയര്‍ന്ന സ്കോര്‍ ഉണ്ടെങ്കില്‍ വായ്പ അംഗീകരിക്കാനുള്ള സാധ്യത വര്‍ധിക്കുന്നു. എന്തായാലും ഇക്കാര്യത്തില്‍ അവസാന തീരുമാനമെടുക്കുക വായ്പാസ്ഥാപനമാണ്. വായ്പ അനുവദിക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ സിബില്‍ തീരുമാനമെടുക്കുന്നില്ല.
വ്യക്തിയെ സംബന്ധിച്ചിടത്തോളം സിബില്‍ ട്രാന്‍സ് യൂണിയന്‍ സ്കോര്‍ മെച്ചപ്പെടുത്തേണ്ടത് ഏറ്റവും അത്യാവശ്യമാണ്. ആവശ്യമുള്ളപ്പോള്‍ വായ്പ ലഭ്യമാക്കാന്‍ ഉയര്‍ന്ന സ്കോര്‍ തുടര്‍ന്നുകൊണ്ടുപോകേണ്ടതുമുണ്ട്. ഇഎംഐ, ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശിക തുടങ്ങിയവ സമയത്ത് അടച്ചുതീര്‍ത്ത് മോശം സിബില്‍ സ്കോറും റിപ്പോര്‍ട്ടും ഒഴിവാക്കാന്‍ ഓരോരുത്തരും ശ്രദ്ധിക്കണം. സമയത്ത് കുടിശ്ശിക അടയ്ക്കാതിരിക്കുന്നത് കാലക്രമേണ മോശം സ്കോറിലേക്കു നയിക്കാനും ഭാവിയില്‍ വായ്പാ അപേക്ഷ നിരാകരിക്കാനും സാധ്യതയൊരുക്കുന്നു.
 വായ്പയ്ക്ക് അപേക്ഷിക്കുന്നതിനുമുമ്പേ സിബില്‍ ട്രാന്‍സ് യൂണിയന്‍ സ്കോര്‍ പരിശോധിക്കുക. ഇത് ഒരു മുന്നറിയിപ്പായി കണക്കാക്കുക. ക്രെഡിറ്റ് സ്കോര്‍, ക്രെഡിറ്റ് ചരിത്രം എന്നിവയിലെ അപാകങ്ങള്‍ തിരുത്താനുള്ള അവസരമാണ് ഇതു നല്‍കുന്നത്.

(ലേഖിക സിബില്‍ ചീഫ് ഓപ്പറേറ്റിങ് ഓഫീസറാണ്).


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top