23 April Tuesday

ജിഎസ്‌ടി ഫയലിങ‌് : കേരളത്തിന‌് മികവ‌്

വെബ് ഡെസ്‌ക്‌Updated: Friday Apr 20, 2018

കൊച്ചി > ജിഎസ് ടി ഫയലിങ്ങിന്റെ കാര്യത്തില്‍ കേരളത്തിന്റെ പ്രകടനം മികച്ചതെന്ന് സെന്‍ട്രല്‍ എക്‌സൈസ്, കസ്റ്റംസ് ആൻഡ‌് സര്‍വീസ് ടാക്‌സസ് കേരള ചീഫ് കമീഷണര്‍ പുല്ലേല നാഗേശ്വരറാവു. ജിഎസ്ടി സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ ഉണ്ടായ അവബോധം ഇ‐വേ ബില്ലിന്റെ കാര്യത്തിലും ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. അന്തര്‍സംസ്ഥാന ചരക്കുനീക്കത്തിന് ഈ മാസംമുതല്‍ രാജ്യത്തെമ്പാടും പ്രാബല്യത്തില്‍ വന്ന ഇ‐വേ ബില്ലിന്റെ പ്രായോഗികപ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാൻ ഫിക്കി സംസ്ഥാന കൗണ്‍സില്‍ സംഘടിപ്പിച്ച ബോധവല്‍കരണ ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജിഎസ് ടി എന്താണെന്ന് പൊതുജനങ്ങളെ ബോധവല്‍കരിക്കാന്‍ ഇതിനോടകം സാധിച്ചിട്ടുണ്ട്. പിഴകൂടാതെ ജിഎസ്ടി ഫയല്‍ചെയ്യുന്നതില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടഡാറ്റാ അപര്യാപ്തതയാണ് പുതിയ നികുതി സംവിധാനം നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് മുഖ്യപ്രഭാഷണം നടത്തിയ കസ്റ്റംസ് കമീഷണര്‍ സുമിത് കുമാര്‍ പറഞ്ഞു. എല്ലാ സംവിധാനങ്ങളും ഓണ്‍ലൈനായ സാഹചര്യത്തില്‍ മികച്ച ഡാറ്റ അനിവാര്യമാണ്. ചെറുകിട‐ഇടത്തരം സ്ഥാപനങ്ങള്‍ ജിഎസ്ടിയുമായി ബന്ധപ്പെട്ട് വൈദഗ്ധ്യമില്ലാത്ത കണ്‍സള്‍ട്ടന്റ‌്മാരില്‍നിന്ന് ഉപദേശം തേടുന്നത് റി ഫണ്ടിങ്ങിലും മറ്റും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.

ഷിപ്പിങ‌് വ്യവസായമേഖലയില്‍ പുതിയ നികുതി സംവിധാനം കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കാന്‍ സാധിക്കേണ്ടതുണ്ട്. കയറ്റുമതി‐ ഇറക്കുമതിക്കാരില്‍ ചെറിയ ശതമാനം മാത്രമാണ് കൃത്യമായി നികുതി ഫയല്‍ചെയ്യുന്നത്. ഈ മേഖലയിലെ 70 ശതമാനം വരുന്ന ചെറുകിടക്കാര്‍ നാമമാത്രമായ നികുതിയാണ് ഫയല്‍ചെയ്യുന്നത്. അവരിലേക്ക് എത്തുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണ്. വാണിജ്യസമൂഹത്തിന് എന്ത് സഹായവും നല്‍കാന്‍ ഏതുസമയവും സന്നദ്ധരാണെന്നും സുമിത് കുമാര്‍ പറഞ്ഞു.


ചരക്കുനീക്കത്തിന്റെ കാര്യത്തില്‍ ഇന്ത്യയും കേരളവും മാറ്റങ്ങള്‍ക്കനുസരിച്ച് മുന്നേറേണ്ടതുണ്ടെന്ന് കേരള കൊമേഴ‌്സ്യൽ ടാക്‌സസ് ഡെപ്യൂട്ടി കമീഷണര്‍ വി ശ്യാംകുമാര്‍ അഭിപ്രായപ്പെട്ടു. ജര്‍മനിയില്‍നിന്ന് 15 മണിക്കൂര്‍കൊണ്ട് ഡല്‍ഹിയിലെത്തുന്ന ചരക്ക് അവിടെനിന്ന്  നോയ്ഡയിലെത്താന്‍ മൂന്നുദിവസം എടുക്കുന്നു. എങ്ങനെ ഇത് കുറച്ചുകൊണ്ടുവരുമെന്നതാണ് പ്രശ്‌നം. ചെക‌് പോസ്റ്റുകള്‍ മാത്രമല്ല പ്രശ്‌നം. ഡ്രൈവര്‍മാരുടെ നിലവാരം, വാഹനങ്ങളുടെ നിലവാരം തുടങ്ങി വിവിധ ഘടകങ്ങളുണ്ട്.


ഫിക്കിയുടെ ജിഎസ് ടി കോ ചെയറും കെപിഎംജി പരോക്ഷ നികുതിവിഭാഗം മേധാവിയുമായ സച്ചിന്‍ മേനോന്‍, ഫിക്കി സ്‌റ്റേറ്റ് കോ ചെയര്‍ ദീപക് എല്‍ അസ്വാനി, ഫിക്കി സ്റ്റേറ്റ് ഹെഡ് സാവിയോ മാത്യു എന്നിവരും സംസാരിച്ചു. വിവിധ സെഷനുകളിലായി സെന്‍ട്രല്‍ ജിഎസ്ടി, സ്‌റ്റേറ്റ് ജിഎസ്ടി ഉദ്യോഗസ്ഥര്‍, റെഗുലേറ്റര്‍മാര്‍, വിദഗ്ധര്‍ എന്നിവര്‍ ചര്‍ച്ചകള്‍ നയിച്ചു.

പ്രധാന വാർത്തകൾ
 Top