മുഹമ്മദ് റഫി എന്ന ഗന്ധർവ ഗായകനില്ലാത്ത ഒരു വർഷംകൂടി. 1980 ജൂലൈ 31നാണ് ലോകമെങ്ങുമുള്ള സംഗീതാസ്വാദകരെ കണ്ണീരാഴ്‌ത്തി റഫി സാബ് മറഞ്ഞത്. കേരളത്തിൽ അദ്ദേഹം നടത്തിയ ഗാനമേളകളിലൂടെ ഒരു സഞ്ചാരം
ജന്മനാടായ പഞ്ചാബിൽ ഉള്ളതിനെക്കാൾ കൂടുതൽ മുഹമ്മദ് റഫി ആരാധകർ ഒരുപക്ഷേ കേരളത്തിലുണ്ടാകും. എത്രയോ റഫിയൻ സംഘടനകളുണ്ടിവിടെ. റഫി ഗാനങ്ങളുടെ അമൂല്യശേഖരമുള്ളവർ അസംഖ്യം. അദ്ദേഹത്തിന്റെ ജന്മ-, ചരമവാർഷികങ്ങളിൽ കേരളത്തിലങ്ങോളമിങ്ങോളം അനുസ്‌മരണങ്ങളും ഗാനമേളകളും സംഘടിപ്പിക്കപ്പെടുന്നു.
ആദ്യ ഗാനമേള
1953 ഏപ്രിൽ 18ന് ശനിയാഴ്ച കൊച്ചിയിലെ പട്ടേൽ ടാക്കീസിലാണ് കേരളത്തിൽ ആദ്യമായി മുഹമ്മദ് റഫി അരങ്ങേറുന്നത്. സിനിമാ നിർമാതാവ് ടി കെ പരീക്കുട്ടിയുടെയും പൊതുപ്രവർത്തകൻ കെ എച്ച് സുലൈമാൻ മാസ്റ്ററുടെയും നേതൃത്വത്തിൽ മട്ടാഞ്ചേരി അനാഥസംരക്ഷണ സംഘത്തിന്റെ ധനശേഖരണത്തിനുവേണ്ടിയുള്ള കലാവിരുന്ന്. സുഹാനി രാത്തിൽ തുടങ്ങി ഭഗവാനിൽ അവസാനിക്കുമ്പോൾ പെരുമഴ പെയ്‌തുതോർന്ന അനുഭവമായിരുന്നെന്ന് അതിനു സാക്ഷിയായവർ പറഞ്ഞിട്ടുണ്ട്. ബൈജു ബാവ്‌ര പുറത്തിറങ്ങിയ കാലം. സുഹാനി രാത്തിന്റെ (ദില്ലഗി)അതേ ഈണത്തിൽ ജീവിതനൗകയിൽ പാടിയ മെഹ്ബൂബ് ഭായി വേദിയിൽ. ‘അകാലേ ആരും കൈവിടും’ എന്ന മലയാളഭാഷ്യം റഫി സാബിന് ഇഷ്ടപ്പെട്ടു. എന്നാൽ, മെഹ്ബൂബ് പാടിയ ഹിന്ദിഗാനമാണ് അദ്ദേഹത്തിന് ഇഷ്ടമായത്. മെഹ്‌ബൂബിന്റെ ഉച്ചാരണശുദ്ധിയും ബോധിച്ചു. ബോംബെയിൽ ചെന്നാൽ അവസരങ്ങളുണ്ടാക്കാമെന്ന് പറഞ്ഞു. പക്ഷേ, ഭായി പോയില്ല. റഫിക്കൊപ്പം പാടാൻ ബോംബെയിൽനിന്ന് ഗായികമാർ ആരും വന്നില്ല. ഗായികമാർക്കായുള്ള ഓഡിഷനിൽ കൊച്ചിക്കാരി സ്റ്റെല്ലാ റോക്കി തെരഞ്ഞെടുക്കപ്പെട്ടു. യേശുദാസിന്റെ അമ്മയുടെ സഹോദരീപുത്രിയാണ് ഈ യുവഗായിക. മഹാഗായകനോടൊപ്പം പാടുന്നതോർത്ത് അവർ ഭയന്നു. പക്ഷേ റഫി സാബിന്റെ സമീപനം പ്രോത്സാഹജനകമായിരുന്നു. ‘‘ലതാജിയുടെ പാട്ടല്ലേ പാടുന്നത്, നിങ്ങളെ കണ്ടാലും അവരെപ്പോലുണ്ട്’’എന്ന് റഫി തമാശയായി പറഞ്ഞപ്പോൾ തന്നെ ഉള്ളം കുളിർത്തു. തണുത്ത പാലിൽനിന്ന് അരക്കപ്പ് സഹഗായികയ്‌ക്ക് പകർന്നുകൊടുത്തു അദ്ദേഹം. പിറ്റേന്ന് കൊല്ലത്തുനടന്ന എസ്എൻഡിപി സിൽവർ ജൂബിലി ആഘോഷങ്ങളിലും സ്റ്റെല്ല ആയിരുന്നു സഹഗായിക. റഫിക്കൊപ്പം കൊച്ചിയിൽ പാടാൻ അവസരംകിട്ടിയ മറ്റൊരു ഗായിക ഗായത്രി ശ്രീകൃഷ്‌ണനാണ്. അന്നവർ വിദ്യാർഥിനി. പിന്നീട് "നാഴിയൂരി പാലുകൊണ്ട് നാടാകെ കല്യാണം’ പാടിയ ശ്രദ്ധേയയായി. 1958 ജനുവരിയിൽ റഫി വീണ്ടും കൊച്ചിയിൽ വന്നു, ധനാഢ്യനായ ഹസനി സേട്ടിന്റെ മകളുടെ വിവാഹാഘോഷത്തിന്. കല്യാണപ്പന്തലിനെ കൊട്ടാര സദൃശമാക്കിയത് ചെന്നൈ ജെമിനി സ്റ്റുഡിയോയിലെ ആർട്ട് ഡിവിഷനായിരുന്നെന്നും അന്നതിന് മൂന്നു ലക്ഷം രൂപ ചെലവായെന്നും പഴമക്കാർ പറഞ്ഞുകേട്ടിട്ടുണ്ട്. ആദ്യകാല ഗായകൻ ഗുൽമുഹമ്മദ് ബാവ ഉറുദുവിൽ എഴുതിയ വധുവിനുള്ള ആശംസാഗീതം റഫി സാബ് തന്നെ ഈണംനൽകി പാടി. ഈ സ്റ്റേജിൽ മുഹമ്മദ് റഫി കയറുംമുമ്പ് രണ്ട് പാട്ടുപാടാൻ തനിക്ക് അവസരം ലഭിച്ചിട്ടുണ്ടന്ന് സംഗീത സംവിധായകൻ ജെറി അമൽദേവ് ഓർമിക്കുന്നു. ഫോർട്ടുകൊച്ചിയിലെ ഓറിയന്റൽ മ്യൂസിക്കൽ ക്ലബ്ബിന്റെ അംഗമായിരുന്ന ജെറി സ്‌ത്രൈണസ്വരത്തിൽ ലതാജിയുടെ ഗാനമാണന്ന് പാടിയത്. എറണാകുളം ലോ കോളേജ് ഹോസ്റ്റലിന് അടുത്തായിരുന്നു വിവാഹവേദി. നല്ല തിരക്കുണ്ടാകുമെന്നറിഞ്ഞ് ക്ഷണക്കത്തിനൊപ്പം പ്രവേശന പാസും വച്ചിരുന്നു. എന്നാൽ, ലോ കോളേജിലെ വിരുതന്മാർ വ്യാജ പാസ് അച്ചടിച്ച് അകത്തുകയറി!

മുഹമ്മദ് റഫി തിരുവനന്തപുരത്ത് ഗാനമേള അവതരിപ്പിക്കുന്നു
തിരുവനന്തപുരത്ത്
1957ൽ തിരുവനന്തപുരത്ത് പ്രമുഖ വ്യവസായി സുൽത്താൻ പിള്ളയുടെ പൗത്രിയുടെ വിവാഹത്തോടനുബന്ധിച്ച് റഫിയുടെ ഗാനമേളയുണ്ടായിരുന്നു. വധുവിന്റെ ബാപ്പ എസ്എംഎസ് ഖാദർ ബ്രിട്ടാനിയാ ബിസ്‌കറ്റിന്റെ വിതരണക്കാരനായിരുന്നു. ഏതാനും ദിവസം നീണ്ടുനിന്ന കലാപരിപാടികൾ. പണത്തിന് ഒരു കുറവുമില്ല. എന്നിട്ടും തനിക്ക് ലഭിച്ച പ്രതിഫലത്തുകകൊണ്ട് ചാല ബസാറിൽ പോയി ഒരു സ്വർണ നെക്‌ലെസ് വാങ്ങി റഫി സാബ് വധുവിന് സമ്മാനിച്ചു! പത്തു വർഷം കഴിഞ്ഞ് പിന്നെയും അദ്ദേഹം തലസ്ഥാന നഗരിയിലെത്തി. 1967 മാർച്ച് അഞ്ചിന് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലായിരുന്നു ഗാനമേള. മാഗ്‌നറ്റ് ഹോട്ടലിൽ താമസിക്കവെ ചെന്നുകണ്ട ആരാധകരായ വിദ്യാർഥികളോട് വാൽസല്യത്തോടെയാണ് അദ്ദേഹം പെരുമാറിയതെന്ന് സംഘാടകനായ അസീം സാഹിബ് ഓർമിക്കുന്നു.
തലശ്ശേരിയിൽ
1959 ഡിസംബർ 22ന് തലശ്ശേരി മുബാറക് ഹൈസ്‌കൂൾ കെട്ടിടത്തിന്റെ ധനശേഖരണാർഥം റഫിയുടെ ഗാനമേള സംഘടിപ്പിക്കപ്പെട്ടു. രണ്ടര മണിക്കൂർ നീണ്ട സംഗീതപരിപാടി ആസ്വദിക്കാൻ ഉത്തര കേരളത്തിൽനിന്നാകെ ശ്രോതാക്കളെത്തി. ഇന്ന് മുനിസിപ്പൽ സ്റ്റേഡിയം ഉള്ളിടത്തായിരുന്നു വേദി. നോവലിസ്റ്റും ഫുട്ബോൾ കമന്റേറ്ററുമായിരുന്ന പി എ മുഹമ്മദ് കോയ അവതാരകൻ. ജെഡിടി ഇസ്ലാം സാരഥി ഹസൻ ഹാജി, പ്രൊഫ. എ പി സുബൈർ തുടങ്ങിയവരായിരുന്നു വളന്റിയർമാർ. ബോംബെയിലെ വസ്‌ത്രവ്യാപാരിയായിരുന്ന തലശ്ശേരിക്കാരൻ കെ കെ മമ്മുവിന് റഫി സാബുമായുള്ള സൗഹൃദം സംഘാടനം എളുപ്പമാക്കി.
മാനാഞ്ചിറയിൽ
കോഴിക്കോട്ട് രണ്ടു പ്രാവശ്യമാണ് മുഹമ്മദ് റഫിയുടെ ഗാനമേള നടന്നത്. രണ്ടും മാനാഞ്ചിറയിൽ, എംഇഎസിന്റെ ധനശേഖരണാർഥം. 1966ലാണ് ആദ്യപരിപാടി. മംഗലാപുരത്തുനിന്ന് ട്രെയിനിൽ കോഴിക്കോട് സ്റ്റേഷനിൽ പ്രിയഗായകൻ വന്നിറങ്ങുമ്പോൾ ആരാധകർ അദ്ദേഹത്തെ കെട്ടിപ്പുണർന്ന് മുത്തമിടുന്നത് ഒപ്പമുള്ള തലത്ത് മഹ്‌മൂദ് കൗതുകത്തോടെ നോക്കിനിന്നത് മറക്കാനാകില്ലെന്ന് കോഴിക്കോട്ടെ സംഗീതപ്രേമിയായ ബാങ്ക് കോയ പറയുന്നു.‘ഗാനമേള ആരംഭിച്ചത് തലത്തിന്റെ ഗസലുകളോടെ. കോട്ട് ഊരി കസേരയിലിട്ട് ഹാർമോണിയം നീക്കിവച്ച് പാടാൻ തുടങ്ങിയപ്പോൾ പ്രേക്ഷകർ ഹർഷാരവം മുഴക്കി. റഫി സാബും ഹാർമോണിയം വായിച്ചുകൊണ്ട് ബഹാരോ ഫൂൽ ബർ സാവോയിലാണ് തുടങ്ങിയത്. ആ പാട്ട് ഇറങ്ങിയിട്ടേയുള്ളൂ. മിനു പുരുഷോത്തമയായിരുന്നു സഹഗായിക.

മുഹമ്മദ് റഫി തലശ്ശേരി മുബാറക് സ്‌കൂൾ സന്ദർശിച്ചപ്പോൾ
രണ്ടാമൂഴം
1973 ഡിസംബർ 16. കോരിച്ചൊരിയുന്ന മഴയുള്ള സായാഹ്നമായിരുന്നെന്ന് ഗായകനായ ഡോ. മഹ്റൂഫ് രാജിന് ഓർമയുണ്ട്. ‘‘എന്നും കൃത്യസമയം പാലിക്കാറുള്ള റഫി സാബ് ബംഗളൂരുവിൽനിന്ന് കാറിലെത്താൻ രണ്ടര മണിക്കൂർ വൈകി. വഴിയിൽ വിചാരിക്കാത്ത തടസ്സങ്ങളുണ്ടായി. കെട്ടിമറച്ച മാനാഞ്ചിറ മൈതാനത്തിനകത്തും പുറത്തും ആകാംക്ഷാഭരിതരായ സംഗീതപ്രേമികൾ. ചുറ്റും 36 ആംപ്ലിഫെയർ ബോക്‌സ്. പുറത്തുള്ളവർക്കും ഗാനമേള കേൾക്കാം. റഫി സാബിനു മാത്രം മൂന്ന് മൈക്ക്. എല്ലാം വേണ്ട രീതിയിൽ തന്നെ ഗീതാ സൗണ്ട്‌സിന്റെ കൃഷ്‌ണേട്ടൻ ഒരുക്കിയിരുന്നു. കൃത്യം 8.30ന് തുടങ്ങിയ ഗാനമേള അവസാനിച്ചപ്പോൾ 11 മണി. റഫി സാബിലേക്ക് സ്‌പോട്ട് ലൈറ്റിന്റെ പ്രകാശവൃത്തം വീണപ്പോൾ സെമി ക്ലാസിക്കൽ ഗാനത്തിന്റെ താളപ്പെരുക്കം. മധുബൻ മെ രാധികാ നാച്ചേരെ.. അമീർ അഹ്‌മദിന്റെ തബലയ്‌ക്കും നരേന്ദ്ര നായിഡുവിന്റെ ഡോലക്കിനും നടുവിൽ ഹാർമോണിയം വായിച്ചുകൊണ്ട്, സുസ്മേര വദനനായിരുന്ന് പാടുന്ന ഗായകന്റെ ചിത്രം എങ്ങനെ മറക്കാനാകും!’’
പാലാ സെന്റ് തോമസിൽ
1967ൽ സെന്റ് തോമസ് കോളേജിന്റെ വാർഷികത്തിന് എട്ടു ദിവസത്തെ കലാപരിപാടികളാണ് ഒരുക്കിയിരുന്നത്. മുഹമ്മദ് റഫിയെ കൂടാതെ എസ് ജാനകി, പി ബി ശ്രീനിവാസ്, യേശുദാസ് തുടങ്ങിയവരുടെ പാട്ടുകളും ലളിത, പത്മിനി, രാഗിണിമാരുടെ നൃത്തവും കലാനിലയം നാടകവേദിയുടെ എട്ടു നാടകവും. വിമാനത്തിൽ എറണാകുളത്ത് എത്തിയ റഫി സാബ് പിറ്റേന്ന് രാവിലെ പാലായിലെത്തി. ഉഷാ തിമോത്തിയാണ് സഹഗായിക. പ്രശസ്‌ത ഗാനങ്ങളെല്ലാം രണ്ടര മണിക്കൂർ നീണ്ട പരിപാടിയിൽ റഫി സാബ് പാടി. -ലൗ ഇൻ ടോക്കിയോവിലെ ഒരു പാട്ട് അന്നവിടെ പാടാൻ അവസരം ലഭിച്ചത് കോട്ടയത്തുകാരൻ നാസറുദീന്റെ ധന്യാനുഭവം. റഫി സാബ് ഊരിനൽകിയ വെള്ളിമോതിരം അദ്ദേഹം നാസറുദീൻ ഇന്നും സൂക്ഷിക്കുന്നു. റഫി സാബിന്ന് ഭക്ഷണമൊരുക്കാൻ ഈരാറ്റുപേട്ടയിൽനിന്ന് ഹലാൽ ചിക്കൻ വരുത്തിയതും പാലാക്കാർ ഓർത്തുവയ്‌ക്കുന്നു. എറണാകുളത്ത് മുസ്ലിം എജൂക്കേഷനൽ അസോസിയേഷന്റെ ആഭിമുഖ്യത്തിലും പിറ്റേന്ന് റഫിയുടെ ഗാനമേള നടന്നു.
(മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ജമാൽ കൊച്ചങ്ങാടിയുടെ, ജൂലൈ 31ന് പ്രകാശനം ചെയ്യുന്ന റഫിനാമ എന്ന പുസ്‌തകത്തിൽനിന്ന്).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..