നാല്‍പ്പത് വര്‍ഷം മുമ്പ് ബാബുരാജിന്റെ സംഗീതത്തില്‍ പാടി സിനിമയിലെത്തി പിന്നീട് വിസ്മൃതിയിലായ ഗായകന്‍ പി കെ മനോഹരനെപ്പറ്റി...
ചിലരുണ്ട്; ദുരിതപ്പെരുമഴകള്‍ക്കിടയിലും ഉള്ളിലെ സംഗീതം കെടാതെ കാക്കുന്നവര്‍. അവര്‍ സിനിമയില്‍ പാടുന്നുണ്ടാകില്ല. ഇടയ്ക്കിടെ ചാനലുകളില്‍ അവരുടെ മുഖം തെളിയുന്നുണ്ടാകില്ല. പക്ഷെ എല്ലാ ഇല്ലായ്മകള്‍ക്കും നടുവില്‍ അവരുടെ മനസ്സില്‍ സംഗീതം തുളുമ്പുന്നുണ്ടാകും.
പി കെ മനോഹരന്‍ അവരിലൊരാളാണ്.
1988 ല്‍ ഒരു ഐ വി ശശി ചിത്രത്തിന് വേണ്ടി ജോണ്‍സേട്ടന്‍ സംഗീതം ചെയ്ത ഗാനം ആലപിക്കാന്‍ എത്തിയപ്പോഴാണ് ആ മുഖം ആദ്യമായി കണ്ണിലുടക്കുന്നത്. ക്യുബിക്കിളിനു മുന്നില്‍ നിന്ന് ഗായകര്‍ക്ക് സമയം പറഞ്ഞു കൊടുക്കുന്ന ഒരാള്‍. ആദ്യം മനസ്സില്‍ തറച്ചത് ആ മുഖത്തെ ദുഃഖഭാവമാണ്. ശ്രദ്ധ ആലപിക്കേണ്ട ഗാനത്തിലേക്ക് തിരിഞ്ഞതോടെ ആ മുഖം മനസ്സില്‍ നിന്ന് മാഞ്ഞു. വീണ്ടും ജോണ്‍സേട്ടന്റെ പാട്ടുകള്‍. മുന്നിലുള്ള മുഖത്തെ നിഴല്‍ മാറാതെ കണ്ടപ്പോള്‍ അന്വേഷിയ്ക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ജോണ്‍സേട്ടനോട് തന്നെ ചോദിച്ചു. മനോഹരന്‍ ചേട്ടനെ കുറിച്ച് പറയാന്‍ ജോണ്‍സേട്ടന് നൂറു നാവായിരുന്നു.'സ്വാമി' എന്നാണ് സംസാരത്തില്‍ ഉടനീളം ജോണ്‍സേട്ടന്‍ അദ്ദേഹത്തെസംബോധന ചെയ്തിരുന്നത്. ജോണ്‍സേട്ടന് മനോഹരന്‍ ചേട്ടനോടുള്ള ആദരവിന്റെ സാക്ഷ്യം.
പിന്നീട് മനോഹരന്‍ ചേട്ടനെ അറിഞ്ഞു.ഏറെ കേട്ടു. കാണണം എന്ന് വിചാരിച്ചു തുടങ്ങിയിട്ട് നാളുകള്‍ കുറച്ചേറെയായി. തിരക്കിന് ഒരു ഇടവേള കിട്ടിയപ്പോള്‍ ഇനി വൈകണ്ട എന്നുറപ്പിച്ചു. ചിറയിന്‍കീഴു സ്വദേശിയായ അദ്ദേഹം ഇപ്പോള്‍ ആറ്റിങ്ങല്‍ ആണെന്നറിയാം. എന്തായാലും പുറപ്പെട്ടു.
യാത്രക്കിടയില്‍ മനോഹരന്‍ ചേട്ടന്റെ മുഖം കൂടുതല്‍ തെളിഞ്ഞു വന്നു.
.
അന്നുതന്നെ സീനിയര്‍ ആയിട്ടുള്ള ഗായകനാണ് മനോഹരന്‍ ചേട്ടന്‍. ആകാശവാണി നടത്തിയ ദേശീയ ലളിതഗാന മത്സരത്തിലെ വിജയി. തുടര്‍ന്ന് സംഗീത കോളേജില്‍ നിന്ന് സംഗീതത്തില്‍ ബിരുദം. നേടി. ഇദ്ദേഹത്തിന്റെ സീനിയര്‍ ആയിരുന്നു പ്രഗല്ഭ ഗായകന്‍ ബ്രഹ്മാനന്ദന്‍. ദേശാഭിമാനി നാടക ട്രൂപ്പിലൂടെയാണ് മനോഹരന്‍ ചേട്ടന്‍ ഗായക ജീവിതം ആരംഭിച്ചത്. അക്കാലത്ത് നാടകങ്ങള്‍ക്ക് തത്സമയം പിന്നണി പാട്ട് ആയിരുന്നു. നാടകത്തിന് തിരക്ക് കുറഞ്ഞു തുടങ്ങിയ കാലം. നാലു വര്‍ഷത്തിനു ശേഷം വരുമാന മാര്‍ഗ്ഗം വേറെ തേടേണ്ട അവസ്ഥയായി. വൈക്കം ചന്ദ്രശേഖരന്‍നായരാണ് സഹായത്തിനെത്തിയത്. അദ്ദേഹം നല്‍കിയ എഴുത്തുമായി മനോഹരന്‍ ചേട്ടന്‍ ദേവരാജന്‍ മാഷെ കാണാന്‍ വണ്ടി കയറി. അവസ്ഥകള്‍ പറഞ്ഞ മനോഹരന്‍ ചേട്ടന് മാഷ് നല്‍കിയത് ഒരു കെട്ട് ഗ്രാമഫോണ്‍ റെക്കോര്‍ഡുകളാണ്. മുകളിലെ മുറിയില്‍ പോയിരുന്ന് അത് കേട്ട് പഠിക്കാന്‍. മൂന്നു ദിവസം ഊണും ഉറക്കവും ഇല്ലാതെ, രാവും പകലുമില്ലാതെ അത് മുഴുവന്‍ ഹൃദിസ്ഥമാക്കി. ഏറെയും യേശുദാസ് ആലപിച്ച ഗാനങ്ങള്‍. മൂന്നു ദിവസത്തിന് ശേഷം നാട്ടിലേക്ക് മടങ്ങിയ മനോഹരന്‍ ചേട്ടനെ അന്വേഷിച്ചു ദേവരാജന്‍ മാഷുടെ വിളി പക്ഷെ എത്തിയില്ല.
കാത്തിരിപ്പ് നീണ്ടു തുടങ്ങി. എന്നാല്‍ മറ്റൊരു മഹാനായ സംഗീതജ്ഞന്‍ മനോഹരന്‍ ചേട്ടന് കൈ നീട്ടി. സാക്ഷാല്‍ ബാബുരാജ്. അദ്ദേഹം സംഗീതം പകര്‍ന്ന 1974 ല്‍ പുറത്തിറങ്ങിയ 'ക്രിമിനല്‍സ്' എന്ന ചിത്രത്തിലെ ഗാനം മനോഹരന്‍ ചേട്ടന്‍ ആലപിച്ചു. എല്‍ ആര്‍ ഈശ്വരിയുടെ സഹോദരി എല്‍ ആര്‍ അഞ്ജലിക്കൊപ്പം. (വീഡിയോ ഒപ്പം).ദൈവംവന്നു വിളിച്ചാല്‍പോലും ഞാനില്ല എന്ന് തുടങ്ങുന്ന ഗാനം ശ്രദ്ധിയ്ക്കപ്പെട്ടു
ഏകദേശം ഒരു മാസം കഴിഞ്ഞ് ഏറെ മോഹിപ്പിച്ച ക്ഷണവും എത്തി. ദേവരാജന്‍ മാഷിന്റെ. 'കേശഭാരം കബരിയില്‍ അണിയും' എന്ന പ്രസിദ്ധമായ ഗാനം മനോഹരന്‍ ചേട്ടന്‍ മധുരമായി ആലപിക്കുകയും ചെയ്തു. രാജഹംസമെന്ന ചിത്രത്തിലായിരുന്നു ഈ ഗാനം. (വീഡിയോ ഒപ്പം) പുതിയ ഗായകന്റെ ആലാപന ഭംഗിയെകുറിച്ച് മൂന്നു കോളം വാര്‍ത്തയാണ് ഇന്ത്യന്‍ എക്സ്പ്രസ്സ് പ്രസിദ്ധീകരിച്ചത്. എന്നാല്‍ ഇദ്ദേഹത്തിന്റെ കലാജീവിതത്തില്‍ തിരിച്ചടികള്‍ക്ക് തുടക്കം കുറിക്കുന്നതും അന്ന് തന്നെ. പുതിയ ഒരു ചിത്രത്തിന്റെ വോയ്സ് ടെസ്റ്റിനായി ദേവരാജന്‍ മാഷ് വിളിപ്പിക്കുന്നു. സ്റ്റുഡിയോയില്‍ ശ്രീകുമാരന്‍ തമ്പിയും നാന മാഗസിന്‍ ലേഖകന്‍ മധു വയ്പനയും ഉണ്ട്. കണ്ണൂര്‍ രാജന്റെ രണ്ടു ഗാനങ്ങളാണ് ആലപിച്ചത്. അതു തന്നെ ദേവരാജന്‍ മാഷിന് തൃപ്തി ആയില്ല എന്ന് തോന്നി. പാടിക്കഴിഞ്ഞപ്പോള്‍ ശ്രീകുമാരന്‍ തമ്പി സര്‍ ആത്മാര്‍ഥമായി മനോഹരന്‍ ചേട്ടനെ അഭിനന്ദിച്ചു. പക്ഷെ ദേവരാജന്‍ മാസ്റ്റര്‍ വിമര്‍ശിക്കുകയാണുണ്ടായത്. കേട്ട് നില്‍ക്കുന്നവര്ക്കുപോലും വേദനിക്കുന്ന ഭാഷയില്‍. ഇതിനെല്ലാം സാക്ഷിയായി മധു വയ്പന.

ഫെയ്സ്‌ബുക്ക് ഗ്രൂപ്പായ 'ജി വേണുഗോപാല്‍ ഫാന്‍സ് ക്ലബ്ബ്' സമാഹരിച്ച തുക പി കെ മനോഹരന് കൈമാറുന്നു
കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ദേവരാജന്‍ മാസ്റ്റര്‍ ആവശ്യപ്പെട്ടതനുസരിച്ചു കാണാന്‍ ചെന്നു. ക്ഷണിച്ചു ചെന്നതാണെങ്കിലും മാഷുടെ പെരുമാറ്റത്തില്‍ എന്തോ ഒരകല്‍ച്ചയും അപരിചിതത്വവും അനുഭവപ്പെട്ടു. അല്പം കഴിഞ്ഞപ്പോള്‍ മാഷ് പുതിയ ലക്കം നാന എടുത്തു കൊടുത്ത് അവസാന പേജ് വായിക്കാന്‍ ആവശ്യപ്പെട്ടു. സിനിമക്കുള്ളിലെ അറിയാ കഥകള്‍ പ്രസിദ്ധീകരിക്കുന്ന പംക്തി ആയിരുന്നു അത്. വോയ്സ് ടെസ്റ്റിനിടെ നടന്ന സംഭവത്തെ അടിസ്ഥാനമാക്കി 'ദേവരാജന്‍ മനോഹരന്‍ എന്ന ഗായകനെ അപമാനിച്ചു' എന്ന വാര്‍ത്ത ആയിരുന്നു അത്. ഇതിനു പിന്നില്‍ മനോഹരന്‍ ആണെന്നായിരുന്നു മാഷുടെ ഭാഷ്യം. തന്റെ നിരപരാധിത്വം എത്ര പറഞ്ഞിട്ടും മാഷ് ഉള്‍ക്കൊണ്ടില്ല. വേദനയോടെ ആ പടികള്‍ ഇറങ്ങി. ഒരര്‍ത്ഥത്തില്‍ ഗായകനാകണമെന്ന മോഹവും. പിന്നീട് പാടിയിട്ടില്ല എന്നല്ല. കണ്ണൂര്‍ രാജന്റെ അടക്കം പതിനഞ്ചോളം ഗാനങ്ങള്‍ ആലപിച്ചു. ഇടയില്‍ പടയോട്ടം സിനിമയുടെ മ്യൂസിക് അറേഞ്ചര്‍ ഗുണസിങ്ങിനു വേണ്ടി ജോലി ചെയ്തു. 1978ല്‍ ജോണ്‍സേട്ടന്‍ കണ്ടെത്തുന്നതോടെയാണ് മനോഹരന്‍ ചേട്ടന്റെ കലാജീവിതത്തിലെ മോഹങ്ങള്‍ വീണ്ടും തളിര്‍ത്തു തുടങ്ങിയത്. അന്ന് മുതല്‍ ജോണ്‍സേട്ടന്‍ മനോഹരന്‍ ചേട്ടനെ മ്യൂസിക് കണ്ടക്ടര്‍ ആയി കൂടെ കൂട്ടി. മൂന്നു പതിറ്റാണ്ട് ആ ബന്ധം നീണ്ടു. 'ഫോട്ടോഗ്രാഫര്‍' എന്ന അവസാന ചിത്രം വരെ. ഇപ്പോള്‍ ജോണ്‍സേട്ടനും യാത്രയായിരിക്കുന്നു.
ആറ്റിങ്ങല്‍ എത്തി. ഇനി മനോഹരന്‍ ചേട്ടന്റെ വീട് കണ്ടെത്തണം. ഇരുവശങ്ങളും നോക്കി പോകുന്നിടെ ഒരു മുഖം കണ്ണില്‍ തടഞ്ഞു. ദുഃഖം നിഴല്‍ നിറച്ച അതേ മുഖം. വണ്ടി നിറുത്തി. ഒരു പണി തീരാത്ത ഫ്ലാറ്റിനു മുന്നില്‍. കണ്ടത് തിരിച്ചറിയാന്‍ ഒന്ന് പണിപ്പെടേണ്ടി വന്നു. സംഗീതത്തില്‍ ജീവിക്കാനാഗ്രഹിച്ച ആ മനുഷ്യന്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്നു. അദ്ദേഹത്തിന്റെ സ്വപ്നം പോലെ പിന്നില്‍ പണി പകുതിയായ ഫ്ലാറ്റ്. മനോഹരന്‍ ചേട്ടന് എന്നെ കണ്ടത് വിശ്വസിക്കാനായില്ല എന്ന് തോന്നി. ചേട്ടനെ കാണാനായി മാത്രം വന്നതാണെന്ന് പറഞ്ഞപ്പോള്‍ അവിശ്വസനീയത കൂടി. ഞങ്ങള്‍ അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോയി.
(മനോഹരന്‍ എസ് ജാനകിയ്ക്കൊപ്പം പാടിയ സ്വപ്നത്തില്‍പോലും മറക്കാന്‍ കഴിയാത്ത എന്നഗാനം വീഡിയോ ഒപ്പം. ചിത്രം:സുരഭിയാമങ്ങള്‍ )
കണ്ണീര്‍ നനവുള്ള വീട്ടു വിശേഷങ്ങള്‍. ഭാര്യാഗൃഹത്തിലാണ് താമസം. രണ്ടു പെണ്‍കുട്ടികളും ഒരാണ്‍കുട്ടിയും. മൂന്നുപേരും വിവാഹിതര്‍. സിനിമയില്‍ നിന്നു ലഭിച്ച സമ്പാദ്യംകൊണ്ടു ആകെ സാധ്യമായതു മക്കളുടെ വിവാഹം മാത്രമാണ്. നഷ്ടമായ ജീവിതത്തില്‍ ആരോടും പരിഭവമില്ല. തന്റെ ദൗര്‍ഭാഗ്യത്തെപ്പറ്റി ഒരുപല്ലവിപോലെ മനോഹരന്‍ ചേട്ടന്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ഫെയ്സ്‌ബുക്ക് ഗ്രൂപ്പ് 'ജി വേണുഗോപാല്‍ ഫാന്‍സ് ക്ലബ്ബ്' സമാഹരിച്ച തുക ഞാന്‍ മനോഹരന്‍ ചേട്ടന് സമര്‍പ്പിച്ചു. യാത്രപറഞ്ഞു എഴുന്നേറ്റപ്പോള്‍ അദ്ദേഹം സൂക്ഷിച്ചുവച്ചിരുന്ന ഒരു അമൂല്ല്യനിധി എനിക്കു കാണിച്ചുതന്നു. ഞാന്‍ അദ്ഭുതപ്പെട്ടുപോയി. എന്റെ ഗാനങ്ങളുടെ മുപ്പതാംവര്‍ഷമായ 'ഉണരുമീഗാനം' പരിപാടിയോട് അനുബന്ധിച്ച് മനോഹരന്‍ ചേട്ടന് സമര്‍പ്പിച്ച മെമന്റോ. ഞാന്‍ ചാരിതാര്‍ഥ്യത്തോടെ യാത്രപറഞ്ഞിറങ്ങി.
മടക്കയാത്രയില്‍ ചിന്തിച്ചത് ഗന്ധര്‍വ്വന്മാരെ കുറിച്ചാണ്.ശാപംകൊണ്ട് ഭൂമിയില്‍ പിറക്കേണ്ടി വന്ന ദേവഗായകരാണത്രേ അവര്‍. പ്രിയപ്പെട്ട പപ്പേട്ടന്റെ (പി പത്മരാജന്റെ) ചിത്രത്തില്‍ പ്രിയ ജോണ്‍സേട്ടന്റെ സംഗീതത്തില്‍ പിറന്ന ഗാനത്തിലെ വരി ഓര്‍ത്തു. 'ദേവാങ്കണങ്ങള്‍ കയ്യൊഴിഞ്ഞ താരകം'.
സിനിമാസംഗീതത്തിന്റെ ദേവാങ്കണങ്ങള്‍ക്ക് പുറത്താണ് ഇന്ന് മനോഹരന്‍ ചേട്ടന്‍.പക്ഷെ അപ്പോഴും ഉള്ളിലെ സംഗീതത്തെ അദ്ദേഹം ജ്വലിപ്പിച്ചു നിര്‍ത്തുന്നു;ഒട്ടും പ്രഭ മങ്ങാതെ.
സി എസ് രാധാദേവിയെ കുറിച്ചുള്ള പംക്തി ഇവിടെ വായിക്കാം
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..