29 May Monday

ഭൂപീന്ദർ സിംഗ്.. ലോകത്തിന്റെ തിരക്കും, തത്രപ്പാടും ഒന്നുമില്ലാത്ത ശബ്ദം; ജി വേണു​ഗോപാൽ എഴുതുന്നു

ജി വേണു​ഗോപാൽUpdated: Tuesday Jul 19, 2022

Bhupinder Singh/www.facebook.com/photo

ജി വേണു​ഗോപാൽ

ജി വേണു​ഗോപാൽ

ബോളിവുഡ് ഗസല്‍ ഗാനങ്ങളിലൂടെ ആസ്വാദക ഹൃദയം കവര്‍ന്ന പ്രശസ്‌ത ഗായകന്‍ ഭൂപീന്ദര്‍ സിം​ഗിനെ കുറിച്ചുള്ള ഓർമ്മകൾ ​ഗായകൻ ജി ​വേണു​ഗോപാൽ എഴുതുന്നു.

Naam gum jayega, Dil dhoontha he, Ek akela is shehar me, Beeti na beetai rena, Kisi nazar ko tera intezar, ഈ ഗാനങ്ങളൊക്കെ എൺപതുകളുടെ ആദ്യം കൂവിത്തെളിയാൻ തയ്യാറായി നിൽക്കുന്ന ഞങ്ങളിൽ പലരുടെയും ഹൃദയങ്ങളിൽ ഒരു വിദ്യുത് പ്രവാഹം  പോലെയാണ് തുളച്ച് കടന്ന് പോയത്.
"Dil dhoondtha hei phir wohi....
Fursat ke raat din....
Baithe rahe tasavur-e-
jana kiye hue...."

ഒരിക്കൽ കൂടി ഇവിടെയിരുന്ന്, ഹൃദയം, ആ നിർവൃതിദായകമായ ദിനരാത്രങ്ങൾ ഓർത്തെടുക്കട്ടെ, എന്റെ പ്രണയിനിയോടൊപ്പമുള്ള ആ ദിനങ്ങളുടെ ഓർമ്മകൾ !

"മോസം" എന്ന തന്റെ ചിത്രത്തിൽ ഗുൽസാർ, മിർസാ ഗാലിബിന്റെ പ്രശസ്‌തമായ ശായിരിയുടെ ആദ്യ രണ്ട് വരികൾ അപ്പാടെ പകർത്തിയെഴുതുകയായിരുന്നു. "jee" എന്ന വാക്കിന് പകരം " dil " എന്ന ഒരേയൊരു മാറ്റത്തോട് കൂടി. ഹിന്ദുസ്ഥാനി കീരവാണി രാഗത്തിന്റെ വിളമ്പിതമായ ഗതിയിലാണ് മദൻ മോഹൻ ഈണം നൽകിയതും. സമയക്രമത്തെ പോലും നിശ്ചലമാക്കുന്ന ഒരു ശബ്ദവും, ആലാപനശൈലിയായിരുന്ന മദൻ മോഹൻ ഈ ഗാനത്തിന് തിരഞ്ഞെടുത്തത്. ഭൂപിന്ദർ സിങ്ങ്. ലോകത്തിന്റെ തിരക്കും, തത്രപ്പാടും ഒന്നുമില്ലാത്തൊരു ശബ്ദം.. അന്നത് വരെ കേൾക്കാത്ത രീതിയിലൊരു ആലാപനം. അനിതരസാധാരണമായൊരു ഗായകൻ. അതായിരുന്നു ഭുപിന്ദർ.

ഭൂപിന്ദറിന്റെ ആദ്യ ബ്രേക്കും മദൻ മോഹന്റെതായിരുന്നു. Haqeekat എന്ന സിനിമയിൽ റഫിയുടെയും, മന്നാഡെയുടെയും, തലത്തിന്റെയുമൊപ്പം, "Hoke Majboor mujhe '' എന്ന ഗാനത്തിലൂടെ. വളരെയേറെ നാൾ ഭൂപിന്ദർ R D Burman ൻ്റെ കമ്പോസിങ്ങ് / റിക്കാർഡിങ്ങ് ടീമിനോടൊപ്പം ഗിറ്റാർ വായനക്കാരനായിരുന്നു. Dum Maro Dum, Chura Liya he, ഈ ഗാനങ്ങളുടെയൊക്കെ ഗിത്താർ പിന്നണയിൽ ഭൂപിന്ദർ ആയിരുന്നു.

എൺപതുകളിൽ തിരുവനന്തപുരം സെൻട്രൽ സ്റേഡിയത്തിൽ PRD യുടെ ഓണം പരിപാടി നടക്കുന്നു. ഭൂപിന്ദർ സിങ്ങ് , മിത്താലി, ഇവരുടെ പരിപാടിക്ക് ആരാധന മൂത്ത് ഹാഫ് ടൈം ഇടവേളയിൽ വേദിക്ക് പിൻവശം ഞാനെത്തി. ഇഷ്‌ട ഗായകനെ നേരിട്ട് കാണാൻ. സംഘാടകർ എന്നെ പരിചയപ്പെടുത്തിയ ഉടൻ അദ്ദേഹത്തിന്റെ ആദ്യ ചോദ്യം എന്നെ ഒന്നമ്പരപ്പിച്ചു.

"Son, do you have a smoke"? യേശുദാസിന് പഠിക്കുന്ന എന്റെ അന്ധാളിപ്പ് കണ്ട് ഭൂപീന്ദർ പറഞ്ഞു. മിതാലി അറിയാതെ മാത്രമേ എനിക്കിപ്പോൾ വലിക്കാൻ പറ്റൂ. മൂക്കടപ്പും, തൊണ്ടവേദനയുമൊന്നും ഞാൻ ശ്രദ്ധിക്കാറില്ല. മടിച്ച് മടിച്ച് എന്റെ ഇഷ്‌ട ഗാനം ഒരു തുണ്ട് പേപ്പറിലെഴുതി കയ്യിൽ കൊടുത്തു. "കിനാര " എന്ന ചിത്രത്തിലെ "കോയി നഹി ഹേ കഹി '', ആർ ഡി യുടെ സംഗീതത്തിൽ. " Son, i havent sung the song after i recorded it. Let me see if i can do justice to it now ".

ആ രാത്രിയിൽ ഉലകെങ്ങും സ്വഛമാക്കുന്ന ഭൂപീന്ദറിന്റെ മന്ദഗതിയിലുള്ള ആലാപനം എൻ്റെ ഹൃദയത്തിൽ തെളിനിലാവ് പടർത്തി.

Beeti na beetai rena
Birha ki jaai rena
Bheegi hui akhiyon me
Lakh bujhai rena

നമ്മൾ വേർപെടുന്ന ഈ രാത്രി സഹിക്കാനാകുന്നില്ല. എന്റെ നിറകണ്ണുകൾ ആവത് ശ്രമിച്ചിട്ടും, അതസാദ്ധ്യം തന്നെ!
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top