സ്വന്തമായ ചിന്തയും ആശയങ്ങളും പ്രചരിപ്പിക്കാൻ അവകാശമുണ്ട്
വിവാഹ ചടങ്ങിന്റെ വീഡിയോയിൽ കവിത ചേർത്തതിന് ഗുജറാത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് സുപ്രീം കോടതി തള്ളി

Imran Pratapgarhi
ന്യൂഡൽഹി: സമൂഹ വിവാഹ ചടങ്ങിന്റെ വീഡിയോ സോഷ്യൽ മീഡിയ വഴി കൈമാറിയതിന് കോൺഗ്രസ് എംപിക്കെതിരെ ഗുജറാത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് സുപ്രീം കോടതി റദ്ദാക്കി. ചടങ്ങിന്റെ വീഡിയോ ചിത്രീകരിച്ചതിന് പശ്ചാത്തലത്തിൽ ചേർത്ത കവിത സമൂഹത്തെ ഭിന്നിപ്പിക്കുന്നതാണെന്ന് വിലയിരുത്തിയായിരുന്നു കേസ്.
കേസ് റദ്ദാക്കാൻ വിസമ്മതിച്ച ഗുജറാത്ത് ഹൈക്കോടതി നടപടിയെ സുപ്രീം കോടതി വിമർശിച്ചു. ഭരണഘടന ഉറപ്പ് നൽകുന്ന മൗലിക അവകാശങ്ങൾ സംരക്ഷിക്കാൻ കോടതികൾക്ക് ബാധ്യതയുണ്ടെന്ന് ഓർമ്മിപ്പിച്ചു. കോൺഗ്രസ് രാജ്യസഭാ എം പി ഇമ്രാൻ പ്രതാപ്ഗർഹിക്കെതിരെ ജാംനഗർ പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് സുപ്രീം കോടതിയുടെ വിമർശനം.
ഒരാൾ പറഞ്ഞ അഭിപ്രായത്തോട് കോടതികൾ യോജിക്കുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യം കോടതികൾ സംരക്ഷിക്കണമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ചില അഭിപ്രായങ്ങളോട് ജഡ്ജിമാർക്ക് യോജിപ്പ് ഉണ്ടാകാതിരിക്കാം. എന്നാൽ ആ അഭിപ്രായങ്ങൾ പറയാൻ വ്യക്തികൾക്ക് ഉള്ള അവകാശം സംരക്ഷിക്കാൻ കോടതികൾക്ക് ബാധ്യത ഉണ്ടെന്ന് സുപ്രീം കോടതി പറഞ്ഞു. ജസ്റ്റിസ് മാരായ അഭയ് എസ് ഓക, ഉജ്ജ്വൽ ഭുയാൻ എന്നിവർ അടങ്ങിയ ബെഞ്ച് ആണ് ഗുജറാത്ത് പോലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദ് ചെയ്തത്.
കേസ് രജിസ്റ്റർ ചെയ്ത പോലീസ് നടപടിയെയും സുപ്രീം കോടതി വിമർശിച്ചു. ഭരണഘടന മൂല്യങ്ങൾ നടപ്പാക്കാൻ പൊലീസിന് ബാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി. രണ്ട് വിഭാഗങ്ങൾ തമ്മിൽ ശത്രുത വളർത്താൻ ശ്രമിക്കുന്നുവെന്ന ആരോപിക്കുമ്പോൾ വ്യക്തികളുടെ അരക്ഷിതാവസ്ഥ കൂടി പരിഗണിക്കണമെന്ന് കോടതി ചൂണ്ടി കാട്ടി. എഴുതിയതും പറഞ്ഞതുമായ വാക്കുകളുടെ അർത്ഥം ആദ്യം മനസ്സിലാക്കണമെന്നും പറഞ്ഞു.
കവിതയിലെ വരികൾ ദേശീയ ഐക്യത്തിനു നിരക്കാത്തതും മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതും സമൂഹത്തെ വിഭജിക്കുന്നതുമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് എം പിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. Ae khoon ke pyase baat suno…രക്തദാഹികളെ കേൾക്കൂ എന്ന് തുടങ്ങുന്ന കവിതയാണ് സമൂഹ വിവാഹത്തിന്റെ പശ്ചാത്തലത്തിൽ ചേർത്തിരുന്നത്.
കോൺഗ്രസ് ന്യൂനപക്ഷ സെല്ലിന്റെ ദേശീയ ചെയർമാനും എംപിയുമായ പ്രതാപ്ഗഡിക്കെതിരെ ഭാരതീയ ന്യായ സംഹിതയുടെ 196, 197 വകുപ്പുകൾ പ്രകാരമായിരുന്നു കേസ്.
കവിതയുടെ ഏകദേശ തർജ്ജമ
രക്തദാഹികളേ കേൾക്കൂ.....
സത്യത്തിനായുള്ള പോരാട്ടമത് ശരി
എങ്കിൽ, സ്നേഹത്തോടെ ഞങ്ങളത് നിറവേറ്റും
കണ്ണുനീർ പോലെ മെഴുകുതിരി വെട്ടം
അത്, എങ്കിലുമെങ്ങും വെളിച്ചം വീശും
അഥവാ
നിങ്ങൾ തൻ സിംഹാസനങ്ങൾക്ക്
ഞങ്ങളുടെ മൃതശരീരങ്ങൾ ഭീഷണി
എങ്കിൽ എത്രവേണമെങ്കിലും
സസന്തോഷം സംസ്കരിക്കാം
രക്തദാഹികളേ കേൾക്കൂ....
രക്തദാഹികളേ കേൾക്കൂ.....
സത്യത്തിനായുള്ള പോരാട്ടമത് ശരി
എങ്കിൽ, സ്നേഹത്തോടെ ഞങ്ങളത് നിറവേറ്റും
കണ്ണുനീർ പോലെ മെഴുകുതിരി വെട്ടം
അത്, എങ്കിലുമെങ്ങും വെളിച്ചം വീശും








0 comments