റിയല്‍ എസ്റ്റേറ്റ് ബില്‍ പാസാക്കി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 17, 2015, 10:09 PM | 0 min read

തിരുവനന്തപുരം > റിയല്‍ എസ്റ്റേറ്റ് മേഖലയിലെ തട്ടിപ്പുകളും ചൂഷണവും തടയുന്നതിന്റെ ‘ഭാഗമായുള്ള കേരള റിയല്‍ എസ്റ്റേറ്റ് (നിയന്ത്രണവും വികസനവും) ബില്‍ നിയമസഭ പാസാക്കി. 

ഫ്ളാറ്റുകളുടെയും വ്യാപാരസ്ഥാപനങ്ങളുടെയും വീടുകളുടെയും വില്‍പ്പനയും രണ്ടുവര്‍ഷത്തെ പരിപാലനവും നിയമത്തിന്റെ പരിധിയില്‍ വരും. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രത്യേക അതോറിറ്റിയും ഒരു അപ്പലേറ്റ് ട്രിബ്യൂണലും രൂപീകരിക്കും. വന്‍കിട ഫ്ളാറ്റ് ലോബികളെ സഹായിക്കുന്ന ഒട്ടേറെ പഴുതുകളും വന്‍ അഴിമതിക്ക് അവസരവും ഒരുക്കുന്ന ബില്‍ പ്രതിപക്ഷ എതിര്‍പ്പോടെയാണ് പാസാക്കിയത്. 

നിര്‍മാണത്തിനുള്ള അനുമതിയും രേഖകളുമില്ലാതെ പരസ്യം നല്‍കി  പണം തട്ടുന്നത് തടയാന്‍ പുതിയ നിയമം  വഴിയൊരുക്കുമെന്നാണ് സര്‍ക്കാര്‍ വാദം.
കരാര്‍ പ്രകാരമുള്ള സൌകര്യങ്ങള്‍ കെട്ടിടത്തില്‍ ഏര്‍പ്പെടുത്താതിരിക്കുക, നിലവാരംകുറഞ്ഞ സാധനസാമഗ്രികള്‍ ഉപയോഗിക്കുക, നിശ്ചിതസമയത്തിനകം നിര്‍മാണം പൂര്‍ത്തീകരിച്ച് കൈമാറാതിരിക്കുക, അംഗീകൃത പ്ളാനില്‍നിന്ന് വ്യതിചലിച്ച് നിര്‍മാണം നടത്തുക, ബില്‍ഡറുടെ ഉടമസ്ഥതയിലല്ലാത്ത ‘ഭൂമിയില്‍ നിര്‍മാണം നടത്തുക, മതിയായ പാര്‍ക്കിങ് സൌകര്യം ഏര്‍പ്പെടുത്താതിരിക്കുക തുടങ്ങിയവയ്ക്കുള്ള പരിഹാരമാണ് നിയമനിര്‍മാണത്തിലൂടെ ലക്ഷ്യമിടുന്നത്.ഫ്ളാറ്റുകള്‍, വാണിജ്യസ്ഥാപനങ്ങള്‍, ബിസിനസ്, ഐടി, ഐടിഇഎസ് കെട്ടിടങ്ങള്‍ തുടങ്ങിയവ വില്‍ക്കുന്നതിനുവേണ്ടി ഉപയോക്താക്കളില്‍നിന്ന് മുന്‍കൂര്‍ പണം സ്വീകരിക്കണമെങ്കില്‍ റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യണം. നിര്‍മാണം നടത്തുന്നവരുടെ സാമ്പത്തികവും സാങ്കേതികവുമായ വിശദാംശങ്ങള്‍ അതോറിറ്റിയെ അറിയിക്കണം. നിര്‍മിക്കാനുദ്ദേശിക്കുന്ന കെട്ടിടത്തിന്റെയും സ്ഥലത്തിന്റെയും വിശദമായ വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തേണ്ടതുമുണ്ട്. പണം സ്വീകരിക്കുന്നതിനായി പരസ്യം ചെയ്യണമെങ്കില്‍ അതോറിറ്റിയുടെ രജിസ്ട്രേഷന്‍ നിര്‍ബന്ധമാകും.

ഊഹക്കച്ചവടക്കാരെ നിയന്ത്രിക്കാന്‍ ബില്ലില്‍ വ്യവസ്ഥയില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. എന്തുവിലയ്ക്കും വില്‍ക്കാനും ലാഭംകുന്നുകൂട്ടാനുമുള്ള സഹായമാണ് വന്‍കിടക്കാര്‍ക്ക് ബില്ലിലൂടെ ലഭിക്കുന്നത്. ഹൌസിങ് സൊസൈറ്റികളെ തകര്‍ക്കും. ഫ്ളാറ്റ് മാഫിയകള്‍ക്ക് സഹായകരമായ ഒട്ടേറെ നിര്‍ദേശങ്ങള്‍ ബില്ലിലുണ്ട്. റിയല്‍ എസ്റ്റേറ്റ് മേഖലയെ കറവപ്പശുവാക്കാനുള്ള യുഡിഎഫ് സര്‍ക്കാര്‍ താല്‍പ്പര്യമാണ് ബില്ലിന് പിന്നിലെന്ന് പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ആരെങ്കിലും കോടതിയെ സമീപിച്ചാല്‍ ബില്ലിലെ പലവ്യവസ്ഥകളും നിലനില്‍ക്കില്ലെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. മാഫിയകളെ സഹായിക്കാനുള്ള ലൈസന്‍സാണ് ബില്‍ എന്ന് കെ വിജയദാസ് പറഞ്ഞു. റിയല്‍ എസ്റ്റേറ്റ് മാഫിയകളുടെ  പ്രകൃതിചൂഷണം തടയാന്‍ ബില്ലില്‍ വ്യവസ്ഥകളില്ലെന്ന് മുല്ലക്കര രത്നാകരന്‍ പറഞ്ഞു. പി ടി എ റഹീം, കെ വിജയന്‍, കെ ശിവദാസന്‍നായര്‍, കെ കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍) എന്നിവര്‍ സംസാരിച്ചു. റിയല്‍ എസ്റ്റേറ്റ് രംഗത്തെ ചൂഷണം തടയാന്‍ ബില്‍ പര്യാപ്തമാണെന്ന് മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home