നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് കഥകൾ മെനയുന്നു; കേരളം സുപ്രീം കോടതിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 16, 2024, 11:30 AM | 0 min read

ന്യൂഡൽഹി> നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് ബദൽ കഥകൾ മെനയാൻ ശ്രമിക്കയാണെന്ന് കേരളം സുപ്രീം കോടതിയിൽ ബോധിപ്പിച്ചു. വിചാരണ കോടതിയിൽ പ്രോസിക്യുഷൻ സമർപ്പിച്ച തെളിവുകൾ അട്ടിമറിക്കാൻ ലക്ഷ്യമിട്ടാണ് ബദൽ കഥകളുടെ നിർമ്മാണം.

കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിക്ക് ജാമ്യം അനുവദിക്കുന്നതിനെ എതിർത്ത് ഫയൽ ചെയ്ത സത്യവാങ്മൂലത്തിലാണ് സംസ്ഥാന സർക്കാർ ഇക്കാര്യം ചൂണ്ടികാണിച്ചത്. ജാമ്യം ലഭിച്ചാൽ പൾസർ സുനി ദൃശ്യങ്ങൾ പരസ്യപ്പെടുത്തുമെന്ന് അതിജീവിതയെ ഭീഷണിപ്പെടുത്താൻ സാധ്യതയുണ്ടെന്നും സർക്കാർ ചൂണ്ടിക്കാട്ടി.


കേസ് നീട്ടിക്കൊണ്ടുപോകാൻ വിസ്താര തന്ത്രം

കേസിലെ വിചാരണ നീട്ടിക്കൊണ്ടുപോകാൻ ദിലീപ് ശ്രമിക്കുകയാണ്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ ഏഴ് മാസങ്ങളിലായി 87 ദിവസം ദിലീപിന്റെ അഭിഭാഷകൻ വിസ്തരിച്ചു.

 സംവിധായകൻ ബാലചന്ദ്രകുമാറിനെ മുപ്പത്തി അഞ്ചര ദിവസവും സൈബർ ഫോറൻസിക് വിദഗ്ദ്ധനായ ഡോ. സുനിൽ എസ് പിയെ 21 ദിവസവും സൈബർ ഫോറൻസിക് വിദഗ്ദ്ധ ദീപ എ.എസിനെ 13 ദിവസവും ദിലീപിന്റെ അഭിഭാഷകർ വിസ്തരിച്ചു.

കേസിലെ അതിജീവിതയെ ഏഴ് ദിവസമാണ് അഭിഭാഷകർ വിസ്തരിച്ചതെന്നും കേരളം സുപ്രീം കോടതിയിൽ ചൂണ്ടികാട്ടി.

വിചാരണ സമയത്ത് മിക്ക പ്രതികളും സ്ഥിരമായി ഹാജരാകാറില്ല. ഇവരുടെ അവധി അപേക്ഷ കോടതിയിൽ ഫയൽ ചെയ്യുന്നത് ദിലീപിന്റെ അഭിഭാഷകരാണെന്നും സംസ്ഥാനം സുപ്രീം കോടതിയെ അറിയിച്ചു.

പ്രതികളെ അതിജീവിത തിരിച്ചറിഞ്ഞു

കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത കേസിലെ ആദ്യ ആറ് പ്രതികളെയും അതിജീവിത തിരിച്ചറിഞ്ഞിരുന്നു. ഇക്കാര്യം സത്യവാങ്മൂലത്തിൽ വിശദീകരിച്ചിട്ടുണ്ട്. അന്തിമ വാദം കേൾക്കൽ ഒരു മാസം നീളും.

വിചാരണ നീണ്ടുപോകുന്നതിനാൽ ജാമ്യം തന്റെ അവകാശമണെന്ന പൾസർ സുനിയുടെ വാദത്തെയും കേരളം തള്ളി. ക്രൂരമായ ആക്രമണം ആണ് അതിജീവിതയ്ക്കുനേരെ ഉണ്ടായത്. കേരളത്തിൽ അപൂർവ്വമായി മാത്രമാണ് ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുള്ളത്. ജാമ്യം അനുവദിക്കുന്നത് സുപ്രീം കോടതി പുറപ്പടുവിച്ചിട്ടുള്ള മുൻ ഉത്തരവുകളുടെ ലംഘനമാണെന്നും അതിനാൽ ജാമ്യം ആവശ്യപ്പെട്ടുള്ള പൾസർ സുനിയുടെ ഹർജി തള്ളണമെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. പൾസർ സുനിയുടെ ജാമ്യഹർജി സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും.

 

 

 

 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home