നർലിക്കർ പ്രതിഭയുടെ പ്രപഞ്ചം

ഡോ. പ്രിൻസ് പി ആർ
Published on May 25, 2025, 01:16 AM | 3 min read
പ്രപഞ്ചത്തിന്റെ മറ്റിടങ്ങളിൽ ജീവന്റെ സാന്നിധ്യം കണ്ടെത്താൻ ശാസ്‌ത്രലോകത്തിന് സമീപഭാവിയിൽ തന്നെ കഴിയുമെന്ന് ഡോ. ജയന്ത് നർലിക്കർ തന്റെ പ്രഭാഷണങ്ങളിലും എഴുത്തിലും അടിവരയിട്ടു. ഭൂമിയിൽ മാത്രമേ ജീവന്റെ സാന്നിധ്യമുള്ളൂവെന്ന് കരുതുന്നതുതന്നെ അപക്വമായിരിക്കുമെന്ന് അദ്ദേഹത്തിന്റെ പക്ഷം. പ്രപഞ്ച പഠന ഗവേഷണ മേഖലയിലെ അതികായൻ ആയിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. പ്രപഞ്ച ശാസ്‌ത്രത്തിൽ പുതുവഴികൾ തുറന്നുനൽകിയശേഷമായിരുന്നു മടക്കം. പ്രപഞ്ചോൽപ്പത്തിയെപ്പറ്റി പൊതുവിൽ അംഗീകരിക്കപ്പെട്ട ബിഗ് ബാങ് സിദ്ധാന്തത്തിനുപകരമായി ഉയർന്നുവന്ന സ്റ്റെഡി സ്റ്റേറ്റ് സിദ്ധാന്തമായിരുന്നു പ്രധാന പഠന വിഷയം. ഗുരുത്വാകർഷണം, ക്വാണ്ടം കോസ്മോളജി എന്നീ മേഖലകളിൽ വിശദമായ പഠനങ്ങളും. തമോഗർത്തങ്ങൾ, ക്വസാറുകൾ തുടങ്ങിയവയുടെ പ്രത്യേകതകളും ഗവേഷണങ്ങളിൽപ്പെടും.
പ്രപഞ്ചത്തിന്റെ നിർമിതി, ഘടനാ സവിശേഷതകൾ, ഉൽപ്പത്തി, പരിണാമം തുടങ്ങി വിവിധങ്ങളായ നിഗൂഢതകളുടെ ചുരുളഴിക്കാനായുള്ള ശാസ്ത്രത്തിന്റെ ശ്രമങ്ങൾ തുടരുകയാണ്. അത്ര എളുപ്പമുള്ളതോ ഉടൻ അവസാനിക്കുന്നതോ ആയ ഒരു പരിശ്രമമല്ല അത്. അതുകൊണ്ടുതന്നെ ഈ മേഖലയിലെ ഗവേഷണങ്ങൾ പലതലങ്ങളിൽ, പല കാഴ്ചപ്പാടുകളിൽ, പലതരം വിയോജിപ്പുകളിൽ ഒക്കെയാണ് മുന്നോട്ടുപോകുക.
സ്ഥിര പ്രപഞ്ച സിദ്ധാന്തം
നമ്മുടെ പ്രപഞ്ചം എങ്ങനെ ഉണ്ടായി വന്നുവെന്നത് പ്രധാനമായ ചോദ്യങ്ങളിൽ ഒന്നാണ്. പ്രപഞ്ചത്തിന് ഒരു തുടക്കമുണ്ടെന്നും സ്ഥലം (സ്പേസ്), സമയം എന്നീ 2 കാര്യങ്ങൾ പ്രപഞ്ചത്തോടൊപ്പം ഉത്ഭവിച്ചതാണെന്നുമാണ് ബിഗ് ബാങ് തിയറിയുടെ വിവക്ഷ. 1927ൽ നിലവിൽ വന്ന ബിഗ് ബാങ് തിയറിക്ക് പലകാര്യങ്ങളിലും പരിമിതികൾ ഉണ്ടായിരുന്നു. ഇത് അനുസരിച്ച് പ്രപഞ്ചത്തിനുണ്ടാകേണ്ട പ്രായവും നിരീക്ഷിക്കപ്പെട്ട പ്രായവും തമ്മിലുള്ള പൊരുത്തക്കേടുകൾ, തെളിവുകളുടെ അഭാവം, തുടങ്ങിയവ പ്രശ്നങ്ങളായി വന്നു.
ഈ സാഹചര്യത്തിലാണ്, 1940കളിൽ ഇംഗ്ലീഷ് ജ്യോതിശാസ്ത്രജ്ഞനായ ഫ്രെഡ് ഹോയിലിന്റെ നേതൃത്വത്തിൽ സ്റ്റെഡി സ്റ്റേറ്റ് തിയറി (സ്ഥിര പ്രപഞ്ച സിദ്ധാന്തം) മുന്നോട്ടു വച്ചത്. പ്രപഞ്ചം എല്ലാ ദിശകളിലും എല്ലായ്‌പ്പോഴും ഒരുപോലെയാണെന്നും അഥവാ സ്ഥിരമായ ഒരു അവസ്ഥയിലാണെന്നും സ്ഥലത്തിനും സമയത്തിനും തുടക്കമെന്നത് ഇല്ലായെന്നും ഈ സിദ്ധാന്തം പറയുന്നു. ഇതനുസരിച്ച് പ്രപഞ്ചം എല്ലാകാലത്തും വിശാലമായി ഒരു സ്ഥിരാവസ്ഥ പുലർത്തിപോരുന്നു. വികസിച്ചുകൊണ്ടിരിക്കുന്ന പ്രപഞ്ചത്തിന് സാന്ദ്രതയിൽ വ്യത്യാസം വരാതെ എങ്ങനെ അത്തരമൊരു സ്ഥിരാവസ്ഥ സാധ്യമാകും എന്നുള്ളത് ഒരു പ്രശ്നമായിരുന്നു. പുതിയ ദ്രവ്യം നിരന്തരമായി ഉൽപ്പാദിപ്പിക്കപ്പെട്ടുകൊണ്ടുമാത്രമേ പ്രപഞ്ചത്തിന് അത്തരമൊരു അവസ്ഥയിൽ തുടരാൻ കഴിയുകയുള്ളൂ. ഇത് ദ്രവ്യ സംരക്ഷണനിയമത്തിന് എതിരായിരുന്നു. ഇത്തരം പ്രശ്നങ്ങൾക്ക് ശാസ്ത്രീയമായ കൃത്യമായ വിശദീകരങ്ങൾ നൽകി സ്റ്റെഡി സ്റ്റേറ്റ് തിയറി മുന്നോട്ടു പോയെങ്കിലും 1960കളിൽ ബിഗ് ബാങ് തിയറിയെ സാധൂകരിക്കുന്ന ആദ്യ തെളിവുകൾ ശാസ്ത്രത്തിന് ലഭിച്ചു. ബിഗ് ബാങ് തിയറി മുന്നോട്ടു വച്ച പ്രപഞ്ചത്തിന്റെ തുടക്കം എന്ന ആശയം ശരിവച്ചുകൊണ്ട് പ്രപഞ്ചോൽപ്പത്തിയിൽ നിലവിൽവന്ന വികിരണങ്ങളുടെ നിലവിലെ രൂപം അഥവാ കോസ്മിക് ബാക്ക് ഗ്രൗണ്ട് റേഡിയേഷൻ ശാസ്ത്രം കണ്ടെത്തി.
പരിഷ്‌കരിച്ച സിദ്ധാന്തം
1960കളിലാണ് നർലിക്കർ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ ഹോയ്‌ലിനോടൊപ്പം ഗവേഷണത്തിന് ചേരുന്നത്. സ്റ്റെഡി സ്റ്റേറ്റ് തിയറിയിൽ തുടർ ഗവേഷണങ്ങൾ രണ്ടുപേരും ചേർന്ന് നടത്തി. 1993-ൽ ക്വാസി സ്റ്റഡി സ്റ്റേറ്റ് തിയറി എന്ന പേരിൽ പരിഷ്കരിച്ച സ്റ്റെഡി സ്റ്റേറ്റ് തിയറി നർലിക്കറും ഹോയ്‌ലും ചേർന്ന് പുറത്തിറക്കി. പ്രപഞ്ചോൽപ്പത്തിയിൽ ഉണ്ടായിയെന്ന് ബിഗ് ബാങ് തിയറി പറയുന്ന കോസ്മിക് ബാക്ക് ഗ്രൗണ്ട് റേഡിയേഷൻ, പ്രപഞ്ചത്തിന്റെ മറ്റ് മേഖലകളിൽനിന്ന് ഉണ്ടായി വരുന്നവ ആകാമെന്നും അതിനാൽ തന്നെ ബിഗ് ബാങ് തിയറിയെ സാധൂകരിക്കുന്നില്ലെന്നും അവർ വിവക്ഷിച്ചു. എന്നാൽ ഈ വാദഗതിയിൽ അധികം മുന്നോട്ട് പോകാനായില്ല. ശാസ്ത്രലോകം പൊതുവിൽ ബിഗ് ബാങ് തിയറിക്ക് അനുകൂലമായാണ് നിലകൊണ്ടത്.
സ്റ്റെഡി സ്റ്റേറ്റ് തിയറി പറയുന്ന ദ്രവ്യത്തിന്റെ തുടർച്ചയായ നിർമിതിയെപ്പറ്റി നിരവധി പഠനങ്ങൾ ഇരുവരും നടത്തി. ഐൻസ്റ്റീന്റെ സാമാന്യ ആപേക്ഷികതാ സിദ്ധാന്തത്തിന്റെ പശ്ചാത്തലത്തിൽ, ഇതുമായി ബന്ധപ്പെട്ട് വികസിപ്പിച്ചതാണ് ഹോയിൽ- നർലിക്കർ ഗുരുത്വാകർഷണ സിദ്ധാന്തം. അകലെയിരിക്കുന്ന 2 വസ്തുക്കൾ ഗ്രാവിറ്റേഷണൽ ഫീൽഡുമൂലം ബന്ധപ്പെട്ടിരിക്കുന്നുവെന്നതാണ് ന്യൂട്ടന്റെ ഗുരുത്വാകർഷണ സിദ്ധാന്തം. സ്പേസ്-ടൈം ഘടനമൂലമുണ്ടാകുന്ന ഒന്നാണ് ഗുരുത്വാകർഷണബലമെന്ന് ഐൻസ്റ്റീൻ പിന്നീട് തിരുത്തി. എന്നാൽ ദ്രവ്യത്തിന്റെ പിണ്ഡവും ജഡത്വവും വസ്തുക്കളുടെ തനതു പ്രത്യേകതകൾ അല്ലായെന്നും മറിച്ച് അവ വിദൂര വസ്തുക്കളുമായുള്ള പ്രതിപ്രവർത്തനത്തിൽനിന്ന് ഉടലെടുക്കുന്നവയാണെന്നും പ്രശസ്തമായ മാക് നിയമം പറയുന്നുണ്ട്. ഇതനുസരിച്ച് ഏതൊരു വസ്തുവിന്റെയും പിണ്ഡത്തെ, നിരീക്ഷിക്കാവുന്ന പ്രപഞ്ചത്തിന്റെ ആകെ പിണ്ഡവുമായി ബന്ധിപ്പിക്കാനാകും. അങ്ങനെ വരുമ്പോൾ സ്റ്റെഡി സ്റ്റേറ്റ് സിദ്ധാന്തം പറയുന്നതുപോലെ പ്രപഞ്ചത്തിലെ ദ്രവ്യത്തിന്റെ നിർമിതിയും സ്വാഭാവികമായി സാധ്യമാകും. പുതിയ ദ്രവ്യം സൃഷ്ടിക്കാൻ പ്രപഞ്ച വികാസത്തിന്റെ ഊർജം ഉപയോഗിക്കുകയും ചെയ്യും. ഇതാണ് ഹോയിൽ -നർലിക്കർ ഗുരുത്വാകർഷണസിദ്ധാന്തത്തിന്റെ അടിത്തറ.
ശാസ്‌ത്രപ്രചാരകൻ
പ്രപഞ്ചപഠനത്തിനോടൊപ്പം ആസ്ട്രോ ബയോളജിയിലും അന്യഗ്രഹജീവികൾക്കായുള്ള അന്വേഷണത്തിലും നർലിക്കർ സുപ്രധാന സംഭാവനകൾ നൽകി. ഒരു ശാസ്ത്ര പ്രചാരകനുമായിരുന്നു അദ്ദേഹം. നിരവധി പുസ്തകങ്ങൾ ഇംഗ്ലീഷ്, ഹിന്ദി, മറാത്തി ഭാഷകളിൽ രചിച്ചു. സങ്കീർണമായ ശാസ്ത്രീയ ആശയങ്ങൾ സാധാരണക്കാരിൽ എത്തിക്കാനും സമൂഹത്തിൽ ശാസ്‌ത്രാവബോധം വളർത്തുന്നതിലും വലിയ സംഭാവന നൽകി.
(തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ
ഐയുസിഎഎ ജ്യോതിശാസ്ത്ര ഗവേഷണ വികസന കേന്ദ്രം കോ ഓർഡിനേറ്ററും ഫിസിക്‌സ് വിഭാഗം
മേധാവിയുമാണ് ലേഖകൻ)








0 comments