Deshabhimani

രേഷ്മയ്‌ക്ക്‌ രക്ഷകരായി 
പൊലീസ്‌; സല്യൂട്ട് അടിച്ച്‌ നാട്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 06, 2024, 12:32 AM | 0 min read

വാഴൂർ 
പാമ്പുകടിയേറ്റ വീട്ടമ്മയെ അടിയന്തരമായി ആശുപത്രിയിലെത്തിച്ച്‌ രക്ഷിച്ച പൊലീസിന്‌ നാടിന്റെ ബിഗ്‌ സല്യൂട്ട്‌. കാനം കാപ്പുകാട് സ്വദേശി രേഷ്മ(28)യെയാണ്‌ പൊലീസ്‌ തങ്ങളുടെ വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ച്‌ വിദഗ്ധ ചികിൽസ നൽകി രക്ഷിച്ചത്‌. 
 ബുധൻ രാത്രി പത്തോടെയായിരുന്നു സംഭവം. ഭർത്താവ് പ്രദീപിനൊപ്പം  മുറ്റത്ത് നടക്കുന്നതിനിടെയാണ്‌ രേഷ്മയ്‌ക്ക്‌ പാമ്പുകടിയേറ്റത്‌. ആശുപത്രിയിൽ എത്തിക്കുന്നതിനായി ആംബുലൻസ് വിളിച്ച പ്രദീപ് രേഷ്മയുമായി റോഡിലേക്ക് പോയി. ആംബുലൻസിനായി കാത്ത് നിൽക്കുന്നതിനിടെയാണ്‌ വജ്രാഭരണ മോഷണക്കേസിലെ പ്രതിയുമായി  പൊൻകുന്നം സബ് ജയിലിലേക്ക്‌ പോയ ചങ്ങനാശേരി പൊലീസിന്റെ വാ​​ഹനം എത്തിയത്‌. വഴിയിലെ ആൾക്കൂട്ടം കണ്ട് പൊലീസ് വാഹനം നിർത്തി. വിവരം അറിഞ്ഞതോടെ പ്രതിയെ പിൻസീറ്റിലേക്ക് മാറ്റി രേഷ്മയെയും പ്രദീപിനെയും വാഹനത്തിൽ കയറ്റി ആശുപത്രിയിലേക്ക് പാഞ്ഞു. വാഴൂർ ടിഎംഎം ആശുപത്രിയിൽ എത്തിച്ച്‌  പ്രഥമ ശുശ്രൂഷ നൽകി. പിന്നീട്‌  വി​ദഗ്ധ ചികിത്സയ്ക്കായി പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക്‌  കൊണ്ടുപോയി. അത്യാഹിത വിഭാ​ഗത്തിലെത്തിച്ച്‌ ചികിൽസ ഉറപ്പാക്കിയശേഷം, പ്രതിയുമായി പൊലീസ് പൊൻകുന്നം സബ് ജയിലേക്ക് മടങ്ങി. ജയിലിൽ വൈകിയെത്തിയതിന്‌ സൂപ്രണ്ടിന്‌ സംഭവത്തെപ്പറ്റി വിശദീകരണവും നല്കി.
രേഷ്മ ആശുപത്രിയിൽ സുഖംപ്രാപിച്ചു വരുന്നു. ജീവൻ രക്ഷിച്ച പൊലീസിന്  രേഷ്‌മയും കുടുംബവും നന്ദി അറിയിച്ചു. അവസരോചിത ഇടപെടലിൽ നാട്ടുകാരും പൊലീസിനെ അഭിനന്ദിച്ചു.  എസ്ഐ ടി എം ഏബ്രഹാം,സിവിൽ പൊലീസ് ഓഫീസർമാരായ എം ഷമീർ, ബി ബൈജു എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്‌. 


deshabhimani section

Related News

0 comments
Sort by

Home