ബോവിക്കാനത്ത് കുഴപ്പമുണ്ടാക്കാൻ ആർഎസ്എസ് നീക്കം

മുളിയാർ
ബോവിക്കാനത്ത് സംഘർഷമുണ്ടാക്കാൻ ആർഎസ്എസ്സിന്റെ ആസൂത്രിത ശ്രമം. ബോവിക്കാനം ടൗണിൽ ശനിയാഴ്ച അർധരാത്രിയിൽ ആർഎസ്എസ്, -ബിജെപി പ്രവർത്തകർ അതിക്രമം നടത്തി. കൊടവഞ്ചി അമ്മങ്കോട് ഭാഗത്തെ പതിഞ്ചോളം വരുന്ന ക്രിമിനലുകൾ സിപിഐ എം ഉദുമ മണ്ഡലം ജാഥാ സ്വീകരണത്തിന് സ്ഥാപിച്ച തോരണങ്ങളും പതാകകളും നശിപ്പിച്ചു. രാത്രി പത്തോടെ ഒരുക്കങ്ങൾ പൂർത്തിയാക്കി സിപിഐ എം പ്രവർത്തകർ തിരിച്ചു പോയിരുന്നു. ചുവപ്പണിഞ്ഞ ബോവിക്കാനം കണ്ട് പ്രകോപിതരായ സംഘപരിവാർ പ്രവർത്തകർ തോരണങ്ങൾ വലിച്ച‌് റോഡിലിട്ടു നശിപ്പിച്ചു. പതാകകൾ ശേഖരിച്ച് സൗപർണിക ഓഡിറ്റോറിയത്തിനടുത്തുള്ള സംസ്ഥാന പാതയിൽ കൂട്ടിയിട്ട് കത്തിച്ചു. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ ചോദ്യം ചെയ്തതായി ആദൂർ പൊലീസ് അറിയിച്ചു.
കഴിഞ്ഞ പത്തിന‌് ബോവിക്കാനം അമ്മങ്കോട് ഭജന മന്ദിരം പരിസരത്തുള്ള നിർമാണം പൂർത്തിയായി ഗൃഹപ്രവേശനത്തിനൊരുങ്ങിയ രണ്ട‌് വീടുകൾ ആർഎസ്എസ് ക്രിമിനലുകൾ തകർത്തിരുന്നു. സിപിഐ എം അനുഭാവികളുടെ വീടായത് കൊണ്ട് മാത്രം ആക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ രണ്ടാം നാൾ കേസെടുത്ത് പ്രതി പട്ടിക തയ്യാറാക്കി. രണ്ടാഴ്ച കഴിഞ്ഞിട്ടും ഒരാളെ പോലും അറസ്‌റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. കേസ് അന്വേഷിക്കുന്ന അഡീഷണൽ എസ്ഐയും ചില പൊലീസുകാരും അക്രമികൾക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കേസിൽ ജാമ്യത്തിനായി പ്രതികൾ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ബോവിക്കാനത്ത് സ്ഥിരം വിലസുന്ന ഇവരെ അറസ്റ്റ‌് ചെയ്യാതെ ജാമ്യം ലഭിക്കാൻ അവസരമുണ്ടാക്കുന്നുവെന്ന‌് ആരോപണവുമുണ്ട്. ഈ കേസിൽ പൊലീസ് കാണിച്ച നിഷ്‌ക്രിയത്വം ആർഎസ്എസിന് ആക്രമം തുടരാനുള്ള പ്രേരണയായി.
ജാഥാ സ്വീകരണം അലങ്കോലപ്പെടുത്താനുള്ള സംഘപരിവാർ ശ്രമത്തിൽ പ്രതിഷേധിച്ച് ബോവിക്കാനത്ത് പ്രതിഷേധ പ്രകടനം നടന്നു. എം മാധവൻ, പി രവീന്ദ്രൻ എന്നിവർ സംസാരിച്ചു.










0 comments