വിലാസം തേടിയുള്ള 
രാഘവന്റെ യാത്രയ്‌ക്ക്‌ 
നാൽപ്പതാണ്ട്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 22, 2024, 10:35 PM | 0 min read

കരിന്തളം
നാട്ടുകാരുടെ മേൽവിലാസം തേടിയുള്ള രാഘവന്റെ യാത്ര 40 വർഷം പിന്നിടുന്നു. ചായ്യോത്ത് സ്വദേശിയായ വി വി രാഘവൻ(64) കൊല്ലമ്പാറ പോസ്റ്റ് ഓഫീസിൽ ഇഡി പോസ്റ്റ്മാനായി ജോലിയിൽ പ്രവേശിച്ചത് 1984 ജനുവരി 13 ന്.  ഇതിനകം ആയിരക്കണക്കിന് കിലോമീറ്ററുകൾ അദ്ദേഹം നടന്നുതീർത്തു. കിനാനൂർ -കരിന്തളം പഞ്ചായത്തിലെ മൂന്ന് വാർഡുകളിലായി ഏകദേശം അഞ്ഞൂറിലധികം വീടുകളുള്ള, കൂടുതലും കുന്നുകളാൽ ചുറ്റപ്പെട്ട പ്രദേശമാണ് കൊല്ലംമ്പാറ പോസ്റ്റ് ഓഫീസിന്റെ പരിധി. നാല്‌ പതിറ്റാണ്ട്‌ കാലത്തെ  സേവനത്തിനിടയിൽ ചെറിയൊരു പരാതിക്കുപോലും ഇടം നൽകിയില്ല. ചെറിയ ഒരു വാരിക പോലും കൃത്യമായി വീട്ടുപടിക്കലെത്തിക്കും. അനുവദിക്കപ്പെട്ട അവധിയൊഴികെ മറ്റെല്ലാ ദിവസങ്ങളിലും തപാൽ ഉരുപ്പടികളുമായുള്ള യാത്രയിലാണ് രാഘവൻ. നിലവിൽ ഗ്രാമീണ ഡാക്ക് സേവക് എന്നാണ് രാഘവന്റെ തസ്‌തികയുടെ പേര്. നീണ്ട കാലത്തെ സേവനത്തിനിടയിൽ  വലിയ സൗഹൃദ ബന്ധം ഉണ്ടാക്കാൻ സാധിച്ചതിലുള്ള ആത്മ സംതൃപ്തിയോടെയാണ് അദ്ദേഹം യാത്ര തുടരുന്നു. 40 വർഷമായി ഉച്ചഭക്ഷണം തലയടുക്കത്ത് താമസിക്കുന്ന ഇളയമ്മ വി വി കാരിച്ചിയുടെ വീട്ടിൽനിന്നാണ്. പോസ്‌റ്റ്‌ ഓഫീസിൽ തുടക്കത്തിൽ പോസ്റ്റ് മാസ്റ്റർ  പരേതനായ പി കുഞ്ഞിരാമൻ നായരായിരുന്നു. പിന്നീട്‌ നിരവധി പേർ മാറി വന്നു. 
വിരമിച്ചാൽ ജിഡിഎസ്‌ ജീവനക്കാർക്ക്‌ പെൻഷനില്ല. ജീവിതത്തിന്റെ നല്ലൊരു ഭാഗം ജനങ്ങൾക്കുവേണ്ടി ജീവിച്ചുതീർക്കുന്ന ഞങ്ങളെ പോലുള്ളവർക്ക് ചെറിയൊരു പെൻഷനെങ്കിലും തരേണ്ടതല്ലേയെന്ന് രാഘവൻ ചോദിക്കുന്നു. മുമ്പ് കീഴ്മാലയിലായിരുന്നു താമസം പിന്നീടാണ്‌  ചായ്യോത്തേക്ക്‌ മാറിയത്‌.  കിനാനൂർ അങ്കണവാടി വർക്കർ പി സുജാതയാണ് ഭാര്യ. പി അനുരാജ്, പി അഭിൻരാജ് എന്നിവർ മക്കൾ.
 


deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home