print edition കോൺഗ്രസ് വീടിന് സ്ഥലം ചോദിച്ചിട്ടില്ല

സുജിത് ബേബി
Published on Mar 29, 2026, 01:11 AM | 2 min read
കോഴിക്കോട്:
മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്ക് കോൺഗ്രസ് പ്രഖ്യാപിച്ച നൂറ് വീട് നിർമിക്കാൻ സർക്കാരിനോട് സ്ഥലം ആവശ്യപ്പെട്ടതാണെന്നും കിട്ടിയില്ലെന്നുമുള്ള പ്രതിപക്ഷ നേതാവിന്റെ വാദവും പച്ചക്കള്ളം. ടൗൺഷിപ്പ് നിർമാണവുമായി ബന്ധപ്പെട്ട് നടന്ന സ്പോൺസർമാരുടെ യോഗത്തിലോ സർവ്വകക്ഷി യോഗത്തിലോ വി ഡി സതീശൻ ഇക്കാര്യം ഉന്നയിച്ചിട്ടില്ലെന്ന് മിനിറ്റ്‌സുകൾ വ്യക്തമാക്കുന്നു. ടൗൺഷിപ്പിൽ ഒരുവീടിന് നിശ്ചയിച്ച 30 ലക്ഷം രൂപ 15 ലക്ഷമാക്കി ചുരുക്കണമെന്ന ആവശ്യം മാത്രമാണ് സതീശൻ ഉന്നയിച്ചത്.
പുനരധിവാസത്തിനായി വീടുകൾ സ്പോൺസർ ചെയ്തവരുടെ യോഗം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ 2025 ജനുവരി നാലിന് നടന്നിരുന്നു.
യോഗത്തിന്റെ മിനിറ്റ്‌സിൽ നിന്ന്:‘സ്പോൺസർഷിപ്പ് ക്രമീകരിക്കുന്നത് സംബന്ധിച്ച ഫ്രെയിംവർക്ക് യോഗത്തിൽ ചീഫ്‌സെക്രട്ടറി അവതരിപ്പിച്ചു. വീടുകൾക്ക് പുറമെയുള്ള സൗകര്യങ്ങളെക്കുറിച്ചുള്ള വിശദമായ രൂപരേഖയും ചീഫ്‌സെക്രട്ടറി അവതരിപ്പിച്ചു. ഒരു വീടിന് 30 ലക്ഷം രൂപയാണ് പ്രതീക്ഷിത ചെലവായി കണക്കാക്കിയത്. പുനരധിവാസത്തിനായി സർക്കാർ സ്വീകരിക്കുന്ന നടപടികളെ പ്രതിപക്ഷ നേതാവടക്കം സ്പോൺസർമാർ സ്വാഗതം ചെയ്തു.
ഒരുവീടിന് 30 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് കൂടുതലാണെന്നും 15 ലക്ഷമെന്ന നിരക്കിലാണ് വീടുകളുടെ എണ്ണം അറിയിച്ചതെന്നും സതീശൻ യോഗത്തിൽ പറഞ്ഞു’
ദുരന്തത്തിന് ശേഷം 2024 ആഗസ്ത് 29ന് നടന്ന സർവകക്ഷി യോഗത്തിൽ കോൺഗ്രസിനെ പ്രതിനിധീകരിച്ച് സതീശനും ടി സിദ്ദിഖുമാണ് പങ്കെടുത്തത്. ഇൗ യോഗത്തിലും ഇരുവരും കോൺഗ്രസ് പ്രത്യേകം വീട് നിർമിക്കുമെന്നോ ആവശ്യമായ സ്ഥലം വേണമെന്നോ ആവശ്യപ്പെട്ടിട്ടില്ലെന്നും മിനിറ്റ്‌സ് വ്യക്തമാക്കുന്നു. പുനരധിവാസവുമായി ബന്ധപ്പെട്ട് കോൺഗ്രസ് മുന്നോട്ടുവെച്ച അഞ്ച് നിർദേശങ്ങളിലും ഇക്കാര്യം ഉൾപ്പെട്ടിട്ടില്ല.
തിരുവനന്തപുരം:
ദുരന്ത ബാധിതരായ മുണ്ടക്കൈ, ചൂരൽമല നിവാസികളും കേരളമൊന്നാകെയും ഒറ്റക്കെട്ടായി ചോദിക്കുന്നു; ‘വയനാട് ഫണ്ട് എന്ന പേരിൽ കോൺഗ്രസും യൂത്ത് കോൺഗ്രസും പിരിച്ച കോടികൾ എവിടെ? വാഗ്ദാനം ചെയ്ത 100 വീടെവിടെ?’ ഒരാൾക്കും ഉത്തരമില്ല.
കെപിസിസി 100 വീട് പ്രഖ്യാപിച്ചിട്ട് 20 മാസമായി. പിരിച്ചതിന്റെ കണക്കില്ല, ഏതു ബാങ്ക് അക്കൗണ്ടിലാണ് പണമെന്നതിനും ഉത്തരമില്ല. തന്റെയും കെപിസിസി പ്രസിഡന്റിന്റെയും സംയുക്ത അക്കൗണ്ടിലാണ് പണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞ് 24 മണിക്കൂറിനകം കള്ളമാണെന്ന് തെളിഞ്ഞു.
കെപിസിസി പിരിവിനായി തയ്യാറാക്കിയ ആപ്പിന്റെ പൊടിപോലുമില്ല ഇപ്പോൾ. യൂത്ത് കോൺഗ്രസ് 100 മണ്ഡലങ്ങളിൽ നിന്നായി രണ്ട് ലക്ഷം വീതമാണ് വേറെ പിരിച്ചത്.










0 comments