print edition ബേപ്പൂർ ഫെസ്‌റ്റാണ് ശരിക്കും ഉത്സവം

സുജിത് ബേബി
Published on Apr 02, 2026, 12:01 AM | 1 min read
കോഴിക്കോട്: പഴമയുടെ പ്രൗഢിക്കൊപ്പം അത്യാധുനികതയുടെ നിറക്കൂട്ടുകളും ചേർത്ത് ബേപ്പൂരിന്റെ മുഖംമാറ്റിയ വികസനത്തിന്റെ തുടർച്ച തേടിയാണ് മന്ത്രി പി എ മുഹമ്മദ് റിയാസ് വീണ്ടും ജനവിധി തേടുന്നത്. കമ്യൂണിസ്‌റ്റ് ആശയങ്ങളും മതേതര ബോധവും സാംസ്കാരിക പൈതൃകവും സമംചേർന്ന ചുവന്ന മണ്ണാണ് ബേപ്പൂരിലേത്. കോർപറേഷന്റെ ഭാഗമായ ബേപ്പൂർ, ചെറുവണ്ണൂർ, നല്ലളം മേഖലകളും രാമനാട്ടുകര, ഫറോക്ക് നഗരസഭകളും കടലുണ്ടി പഞ്ചായത്തുമടങ്ങുന്നതാണ് മണ്ഡലം.
ദീർഘവീക്ഷണത്തോടെയുള്ള വികസന പ്രവർത്തനങ്ങളാണ് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കൂടിയായ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ നടന്നത്. അഞ്ച് വർഷത്തിനിടെ 1500 കോടിയുടെ വികസന പ്രവർത്തനങ്ങൾ. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഓഷ്യാനസ് ചാലിയം സന്ദർശിക്കാൻ നിരവധി വിനോദ സഞ്ചാരികളാണെത്തുന്നത്. ബേപ്പൂർ ഫെസ്റ്റ് കോഴിക്കോടിന്റെ മുഖമുദ്രയായിക്കഴിഞ്ഞു. ഉരു ടൂറിസത്തിനായുള്ള പദ്ധതികളും ആവിഷ്കരിച്ചു.
ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണയ്ക്കായി ‘ആകാശമിഠായി’ പദ്ധതിയും യാഥാർഥ്യമായി. 90 കോടി ചെലവിൽ ചെറുവണ്ണൂർ മേൽപ്പാലം, 180 കോടിയുടെ വട്ടക്കിണർ–അരീക്കാട് മീഞ്ചന്ത മേൽപ്പാലം, 45 കോടിയുടെ മണ്ണൂർ– കടലുണ്ടി– ചാലിയം റോഡ്, 10.74 കോടി ചെലവിൽ നവീകരിച്ച രാമനാട്ടുകര –മീഞ്ചന്ത റോഡ് എന്നിവിടങ്ങളിൽ യാത്രാക്കുരുക്കഴിക്കുന്നു. മണ്ഡലത്തിലെ 30 റോഡുകൾക്കാവശ്യമായ ഭൂമി ഏറ്റെടുക്കാൻ 426 കോടിയാണ് ചെലവിട്ടത്. നിർമാണത്തിനായി 506 കോടിയും. ഫറോക്കിലെ പഴയപാലത്തിന് സമാന്തരമായി പുതിയ പാലവും ഉയർന്നു. പുനർഗേഹം പദ്ധതിയിലൂടെ 44 മത്സ്യത്തൊഴിലാളി കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. ബേപ്പൂർ തുറമുഖ വികസനത്തിന് മന്ത്രിസഭ അംഗീകാരം നൽകിയതും നാടിനാകെ പ്രതീക്ഷയാണ്. പെൺകുട്ടികളുടെ ശാരീരിക, മാനസിക സുരക്ഷ ഉറപ്പാക്കാനായി സ്കൂളുകളിൽ ആരംഭിച്ച ‘ഇടം’ പദ്ധതിയും മാതൃകാപരം.
നിലമ്പൂർ എംഎൽഎ സ്ഥാനം രാജിവെച്ച് യുഡിഎഫിൽ ചേക്കേറിയ പി വി അൻവറാണ് യുഡിഎഫിനായി മത്സരിക്കുന്നത്. കോൺഗ്രസ് മത്സരിച്ചിരുന്ന സീറ്റ് അൻവറിന് നൽകിയതിൽ യുഡിഎഫിനുള്ളിൽത്തന്നെ എതിർപ്പുണ്ട്. പ്രതിപക്ഷ നേതാവടക്കമുള്ളവർക്കെതിരെ ഉന്നയിച്ച ആരോപണങ്ങളും അൻവറിനെ തിരിഞ്ഞ് കുത്തുകയാണ്. ബിജെപി കോഴിക്കോട് സിറ്റി ജില്ലാ പ്രസിഡന്റ് കെ പ്രകാശ് ബാബുവാണ് എൻഡിഎ സ്ഥാനാർഥി.










0 comments